Wednesday, April 21, 2010

യേശു ആഗ്രഹിക്കാത്ത ത്യാഗം

ക്രിതുമതവും ക്രിസ്ത്യാനികളും - 8

നമുക്ക്‌ ക്രൂശീകരണ സംഭവത്തിലേക്ക്‌ കടക്കാം. ഇവിടെ നാം പരിഹരിക്കപ്പെടാന്‍ കഴിയാത്ത ഒരു വിഷമസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നു. യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ യേശുവിനെ സംബന്ധിച്ച്‌ നമ്മോട്‌ ദൃഢമായി പറയപ്പെട്ടത്‌ പിതാവായ ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടു എന്നാണ്‌. അതായത്‌ മാനവരാശിയുടെ പാപത്തിന്‌ വേണ്ടി അദ്ദേഹം സ്വയം ബലിയാടായി എന്ന്‌. യേശുവിന്‍റെ ആഗ്രഹ സാഫല്യത്തിന്‍റെ ആ നിമിഷം സമാഗതമായപ്പോള്‍, പാപികളായ മാനവരാശിയുടെ ഒളിമങ്ങിയ പ്രതീക്ഷകള്‍ക്ക്‌ ഒരു പുതിയ യുഗത്തിന്‍റെ പൊന്‍പുലരിയുടെ ആരംഭമായിരുന്നു അത്‌, മാനവചരിത്രത്തിലെ അനര്‍ഘമായ ഈ നിര്‍ണായക മുഹൂര്‍ത്തം അത്യധികം ആഹ്ളാദത്തോടെയും ആമോദ ത്തോടെയും ഹര്‍ഷോന്‍മാദത്തോടെയും യേശു വരവേല്‍ക്കുന്നത്‌ കാണാന്‍ നാം പ്രതീക്ഷയോടെ അദ്ദേഹത്തിന്‍റെ നേരെ തിരിയുമ്പോള്‍ നാം അത്യഗാധമായി നിരാശരായിത്തീരുകയും നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം വീണടിയുകയും ചെയ്യും. വിജയോന്‍മാദത്തിന്‍റെ ആ അസുലഭ നിമിഷങ്ങള്‍ക്ക്‌ അക്ഷമനായി കാത്തിരിക്കേണ്ട യേശുവിന്‌ പകരം നാം കാണുന്നത്‌ പിതാവായ ദൈവത്തോട്‌ മരണമെന്ന കൈപ്പേറിയ പാനപാത്രം തന്നില്‍ നിന്നകറ്റേണമേ എന്ന്‌ ഏങ്ങലടിച്ചു തേങ്ങിക്കരഞ്ഞുപ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ്‌.

അസഹ്യ ദുഃഖത്തിന്‍റെ യാതനാപൂര്‍ണ്ണമായ ആ കാളരാത്രിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ചെലവഴിച്ച യേശു, ഉറങ്ങിപ്പോയ തന്‍റെ ശിഷ്യരിലൊരാളെ ശകാരിക്കുകയുണ്ടായി. ബൈബിളില്‍ ആ സംഭവം ഇങ്ങനെ വിവരി ക്കുന്നു:

"അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍വന്നു. ശിഷ്യന്‍മാരോട്‌: ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചുവരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു, പത്രോസിനെയും സെബെദി പുത്രന്‍മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ട്‌ ചെന്നു. ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്‍റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടുപറഞ്ഞു. പിന്നെ അവന്‍ അല്‍പ്പം മുന്നോട്ടു ചെന്നു. കമിഴ്ന്നു വീണു: പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്ന്‌ നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ലാ, നീ ഇച്ഛിക്കും പോലെആകട്ടെ എന്നു പ്രാര്‍ഥിച്ചു. പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുക്കല്‍വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട്‌: എന്നോട്‌ കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെയോ? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കിന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനമത്രേ എന്നുപറഞ്ഞു രണ്ടാമതും പോയി: പിതാവേ ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ എങ്കില്‍ നിന്‍റെഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി 26: 36-43).

ക്രിസ്തീയ കഥ സ്വയം തന്നെ വെളിപ്പെടുത്തുന്ന വസ്തുതയിതാണ്‌. യേശുവിന്‍റെയും അദ്ദേത്തിന്‍റെ ശിഷ്യന്‍മാരുടെയും പ്രാര്‍ത്ഥനകളും അഭയയാചനകളും പിതാവായ ദൈവം സ്വീകരിച്ചില്ലെന്നു മാത്രമല്ല, യേശുവിന്‍റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കേ അവസാനം അദ്ദേഹം ക്രൂശിതനുമായി. മാനവരാശിയുടെ സകല പാപഭാരങ്ങളും സുധീരം സ്വന്തം ചുമലില്‍ വഹിച്ച ത്യാഗമൂര്‍ത്തിയും നിഷ്ക്കളങ്കതയുടെ രാജകുമാരനുമായ യേശു ക്രിസ്തീയ കഥനങ്ങളില്‍ കാണുന്ന അതേ യേശു തന്നെയായിരുന്നോ? അതല്ല മറ്റേതെങ്കിലും വ്യക്തിയോ? ക്രൂശീകരണത്തിനായി പിടിക്കപ്പെട്ട വേളയിലും ക്രൂശിപ്പിന്‍റെ അവസരത്തിലും അദ്ദേഹത്തിന്‍റെ പെരുമാറ്റം യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലോ അതല്ല യേശു എന്ന വ്യക്തിക്കു ചുറ്റും നെയ്തെടുത്ത മിത്തിന്‍റെ യാഥാര്‍ത്ഥ്യ ത്തിലേക്കോ ഇതിലേതെങ്കിലുമൊന്നിനുമേല്‍ സംശയത്തിന്‍റെ കരിനിഴല്‍വീഴ്ത്തുന്നു. അതിനെപറ്റി പിന്നീട്‌ പറയാം. നമ്മുടെ വിമര്‍ശന പഠനംനിര്‍ത്തിവെച്ച സ്ഥലത്തേക്ക്‌ ത ന്നെ മടങ്ങാം.

കഠിന ദുഃഖത്താല്‍ യേശുവില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍ഉയര്‍ത്തുന്ന മറ്റു സന്ദേഹങ്ങള്‍ ഇപ്രകാരമാണ്‌. ആരാണ്‌ അഗാധ വേദനയുടെ ഹൃദയസ്പര്‍ശിയായ ആ വാക്കുകള്‍ ഉച്ചരിച്ചത്‌? മനുഷ്യനായ ക്രിസ്തുവോ അതല്ല ദൈവപുത്രനായ ക്രിസ്തുവോ? അത്‌ മനുഷ്യനായ ക്രിസ്തുവായിരുന്നുവെങ്കില്‍ ആരാണ്‌ അദ്ദേഹത്തെ ഉപേക്ഷിച്ചത്‌? ആരാലാണ്‌ അദ്ദേഹം ഉപേക്ഷിക്കപ്പെട്ടത്‌? എന്തുകൊ ണ്ട്‌ ഉപേക്ഷിക്കപ്പെട്ടു? വ്യക്തിപരമായ ചിന്തയും സ്വന്തമായ അനുഭവങ്ങളുമുള്ള സ്വതന്ത്രവും വ്യത്യസ്തവുമായ ഒരു വ്യക്തിത്വം യേശു എന്ന മനുഷ്യന്‍ അവസാനം വരെ നിലനിര്‍ത്തിയിരുന്നു എന്നു സമ്മതിക്കേണ്ടിവരും. ദൈവപുത്രനായ യേശുവിന്‍റെ ആത്മാവ്‌ അതുവരെ വസിച്ചിരുന്ന മനുഷ്യശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആ നിമിഷത്തില്‍ അദ്ദേഹം മരിച്ചിരുന്നുവോ? അങ്ങനെയാണെങ്കില്‍ എങ്ങനെ മരിച്ചു? എന്തുകൊണ്ട്‌ മരിച്ചു? മരിച്ചിരുന്നുവെങ്കില്‍ ദൈവാത്മാവ്‌ വേര്‍പിരിഞ്ഞ ശേഷം മനു ഷ്യശരീരമായിരുന്നു മരിച്ചിരിക്കുക. അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ്‌. മരിച്ചുകഴിഞ്ഞ അതേ മനുഷ്യശരീരത്തിലേക്ക്‌ ദൈവത്തിന്‍റെ ആത്മാവ്‌ വീണ്ടും തിരിച്ചെത്തിയപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത്‌ ആരാണ്‌? വീണ്ടും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ നമ്മെ ചില നിഗമനങ്ങളിലേക്ക്‌നയിക്കുന്നു. അതായത്‌, യേശു എന്ന ദൈവപുത്രനായിരുന്നില്ല ഈ പീഡനങ്ങളെല്ലാം സഹിച്ചത്‌. യേശുവിലെ മനുഷ്യനായിരുന്നു അതത്രയുംഅനുഭവിച്ചത്‌. അങ്ങേയറ്റത്തെ ആകുലാവസ്ഥയില്‍ വിലാപങ്ങള്‍ പൊഴിച്ച്‌ യേശു കരഞ്ഞപ്പോള്‍ ദൈവപുത്രനായ യേശു നിര്‍വികാരനും അനുഭാവശൂന്യനുമായി നോക്കിനില്‍ക്കുകയായിരുന്നു. അപ്പോള്‍ മനുഷ്യ രാശിക്കുവേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌ മനുഷ്യനായ യേശുവല്ല മറിച്ച്‌ ദൈവപുത്രനായ യേശുവാണെന്ന അവകാശവാദം എങ്ങനെ ന്യായീകരിക്കാനാകും? ഇനി മറ്റൊരു സാധ്യത, മനുഷ്യനായ യേശുവില്‍ ഉണ്ടായിരുന്ന ദൈവപുത്രനായിരിക്കാം വിലപിച്ചതെന്ന്‌ കരുതുക. ഒരുപക്ഷേ പുതിയൊരു ജീവിതം തനിക്ക്‌ കൂടി ലഭിക്കുമല്ലോ എന്ന പ്രതീക്ഷയില്‍ യേശുവിലുള്ളമനുഷ്യനും ആള്‍താരയില്‍ പുത്രനോടൊപ്പം ബലിയായിരുന്നിരിക്കാം. പുത്രനായ യേശുവിനോടൊപ്പം ബലി അനുഭവിച്ച യേശുവിലെ മനുഷ്യന്‌ സാക്ഷാല്‍ക്കാരത്തെപ്പറ്റിയുള്ള പ്രതീക്ഷക്ക്‌ വലിയ ഉറപ്പൊന്നുമില്ലായിരുന്നു. അദ്ദേഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താനും ബലിയാവും. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷികളെ കൊന്ന ദൈവത്തിന്‍റെ നീതിബോധം ഏത്‌ തരത്തിലുള്ളതായിരുന്നു എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രഹേളികയാണ്‌. (തുടരും)

No comments: