Tuesday, June 8, 2010

ബൈബിളിലില്ലാത്ത ക്രിസ്തുമത വിശ്വാസം

ക്രിസ്തു മതത്തിന്‍റെ അടിസ്ഥാന വിശ്വാസപ്രമാണം ത്രിത്വമാണ്. അതുകൊണ്ട് ത്രിത്വ സിദ്ധാന്തത്തെപ്പറ്റി ബൈബിളില്‍ പ്രാമാണികമായിത്തന്നെ വ്യാപകമായും ആവര്‍ത്തിച്ചും വിശദീകരിക്കേണ്ടതുണ്ടെന്ന് നമ്മുടെ യുക്തി ആവശ്യപ്പെടുന്നു. ത്രിത്വത്തിന്‍റെ അസ്തിത്വം ചരിത്രപരമായും തെളിയിക്കേണ്ടതുണ്ട്. അതായത്, പൗരാണിക കാലം മുതല്‍ തന്നെ ഈ സിദ്ധാന്തത്തിന്‍റെ സാന്നിധ്യം തെളിയിക്കണം. അത്ഭുതകരമെന്നു പറയട്ടെ, ക്രിസ്ത്യാനികള്‍ അഭിമാനപൂര്‍‌വ്വം വിശ്വസിക്കുന്ന ത്രിത്വസിദ്ധാന്തം ഈ രണ്ടു വീക്ഷണകോണുകളില്‍ നിന്നും ശരിയല്ല എന്നു തെളിയുന്നു. യേശു ഒരിക്കലും ത്രിത്വം പ്രബോധിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിക്കാണുന്നില്ല. ക്രിസ്ത്യാനികള്‍ തിത്വത്തെപ്പറ്റി ബൈബിളില്‍ സൂചനയുണ്ടെന്നു പറഞ്ഞ് ഈ വാദത്തെ എതിര്‍ക്കാറുണ്ട്. ഉദാഹരണത്തിന് മത്തായി 28:19 ലെ പരാമര്‍ശം:

"ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

ഈ വചനത്തില്‍ മൂന്ന് അസ്തിത്വങ്ങളെക്കുറിച്ച് കേവലം പരാമര്‍ശിച്ചതുകൊണ്ട് മാത്രം അത് ത്രിത്വത്തെ സ്ഥാപിക്കലാകുന്നില്ല. ഈ പരാമര്‍ശം ശരിയാണെങ്കില്‍ അതിനെക്കുറിച്ച് യേശു പരാമര്‍ശിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ത്രിത്വത്തെ പ്രബോധിക്കുന്നതിനു പകരം യേശു എപ്പോഴും ദൈവത്തിന്‍റെ ഏകത്വത്തെപ്പറ്റിയും അവനെ ആരാധിക്കേണ്ടതിനെപ്പറ്റിയുമാണ് പറഞ്ഞത്. ഈ വസ്തുത തെളിയിക്കുന്നതിന് ചില ഉദാഹരണങ്ങള്‍:

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു (യോഹ. 17:3)

അതിന്നു യേശു: “എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു (ലൂക്ക 18:19)

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു (മാര്‍ക്ക് 12:29)

യേശുവിന്‍റെ ജീവചരിത്രം ആകമാനം പരിശോധിച്ചാല്‍ അദ്ദേഹം എപ്പോഴും ദൈവത്തിന്‍റെ ഏകത്വം മാത്രമാണ് പ്രേഷണം ചെയ്തതായി മനസ്സിലാക്കാന്‍ സാധിക്കുക. ത്രിത്വത്തെപ്പറ്റി അദ്ദേഹം പ്രബോധനം ചെയ്ത ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. അദ്ദേഹം സ്വയം തന്നെ ദൈവത്തിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കുക മാത്രമല്ല അത് മറ്റുള്ളവരില്‍ പ്രചരിപ്പിച്ചതായി നിരവധി സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെട്ടുകിടക്കുന്നു. യേശുവിന്‍റെ കുരിശു സംഭവത്തിനു മുമ്പ് നടന്ന ബൈബിള്‍ വിവരണങ്ങള്‍ ഈ വസ്തുത ശക്തമായി തെളിയിക്കുന്നു.

യേശൂവിനെ കുരിശിക്കാന്‍ വേണ്ടി യഹൂദികള്‍ പിടിച്ചപ്പോള്‍ എന്തായിരുന്നു വാസ്തവത്തില്‍ അദ്ദേഹത്തില്‍ ചുമത്തപ്പെട്ട കുറ്റം? ഇദ്ദേഹം ദൈവത്തില്‍ പങ്കുകാരനാണെന്ന് സ്വയം വാദം ഉന്നയിച്ചു എന്നതായിരിക്കണമല്ലോ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. അതായത് ദൈവത്തിന്‍റെ ത്രിത്വ സങ്കല്പ്പത്തിലെ ഒരംശം താനാണെന്ന് യേശു വാദിച്ചു എന്ന്. യോഹന്നന്‍റെ സുവിശേഷപ്രകാരം യേശുവിനെ വിചാരണ വേളയില്‍ ചോദ്യം ചെയ്തപ്പോള്‍ യേശുപറഞ്ഞു:

മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;
രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
(യോഹ. 18:19-21)

യേശു തന്‍റെ പ്രബോധനം പരസ്യമായിട്ടാണ് നടത്തിയതെന്ന് ഈ വചനം തെളിയിക്കുന്നു. അദ്ദേഹം പ്രവാചകന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സത്യം ഒന്നും തന്നെ മറച്ചു വയ്ക്കാതെ എല്ലാം പരസ്യമായി പറയുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ അദ്ദേഹം യഹൂദന്മാര്‍ക്ക് അഹിതകരമായ ദൈവ ദൂഷണം (ത്രിത്വവാദം) പറയുകയാണെങ്കില്‍ പരസ്യമായി പറഞ്ഞ അക്കാര്യം കേട്ട ആയിരക്കണക്കിനു ശ്രോതാക്കള്‍ ഉണ്ടാകുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ മേലുള്ള കുറ്റം തെളിയിക്കാന്‍ നിരവധി സാക്ഷികളും ഉണ്ടാകുമായിരുന്നു. പക്ഷേ, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. അതിനു വിരുദ്ധമായി യേശുവിന്‍റെ വിശ്വാസമില്ലായ്മ തെളിയിക്കാന്‍ അവര്‍ സാക്ഷികളെ തിരയുകയായിരുന്നു. യേശു യഹൂദരുടെ ഏകദൈവ വിശ്വാസത്തിനെതിരാണെന്നു സ്ഥാപിക്കാന്‍ ഒരു സാക്ഷിയെപ്പോലും ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യഹൂദ പുരോഹിത മുഖ്യന്‍ കള്ളസാക്ഷിയെപ്പോലും ഹാജരാക്കി നോക്കി. പക്ഷേ, അവര്‍ക്ക് കെട്ടിച്ചമച്ച ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതെ ഇപ്രകാരം ബൈബിളില്‍ രേഖപ്പെട്ടു കിടക്കുന്നു:

മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല
(മത്താ. 26: 59,60)


മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകര്‍ അവന്‍റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല (മാര്‍ക്ക്. 16:55-59)

യേശുവിനെതിരെ യഹൂദര്‍ നടത്തിയ ദുരാരോപണങ്ങള്‍ തെളിയിക്കാന്‍ സത്യ സാക്ഷികളെ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അത് ഈ ബൈബിള്‍ പരാമര്‍ശങ്ങളില്‍ നിന്നു വളരെ വ്യക്തമാണ്. അവരുടെ ആരോപണങ്ങളില്‍ നീതിമാനായ ന്യായാധിപന്‍ അതൃപ്തി രേഖപ്പെടുത്തിയതായി വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു:

പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. (ലൂക്ക്. 23:4)

പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. അവരോടു: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം. (ലൂക്ക്. 23:14,15)

പീലാത്തൊസ് അവനോടു: സത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല (യോഹ.18:38)

ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു. (മത്താ. 27:24)

ഏകദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദികള്‍ കോടതിയില്‍ ഉണ്ടായിരുന്നുവല്ലോ. ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ഇന്നു വിശ്വസിക്കുന്നതുപോലെ ത്രിത്വത്തെക്കുറിച്ച് യേശു പ്രബോധിച്ചിരുന്നുവെങ്കില്‍ യഹൂദന്മാന്‍ അക്കാര്യം കോടതിയില്‍ സ്ഥാപിക്കുമായിരുന്നു. തീര്‍ച്ചയായും യഹൂദികളുടെ മതവിശ്വാസത്തിനെതിരെ ദൈവ ദൂഷണം പറഞ്ഞതായും അതുവഴി യേശു കുറ്റവാളിയാണെന്ന് എളുപ്പത്തില്‍ സ്ഥാപിക്കാനും സാധിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ മേലുള്ള ദൈവദൂഷണ കുറ്റം തെളിയിക്കപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിനെതിരെ കോടതിയില്‍ ഹാജരാക്കിയ സാക്ഷികളെല്ലാം കള്ള സാക്ഷികളാണെന്ന് തെളിയുകയുമാണുണ്ടായത്.

'ഞാന്‍ ലോകത്തോട് പരസ്യമായി സംസാരിരിക്കുന്നു' എന്ന് യേശു പറഞ്ഞതായി യോഹന്നാന്‍ (18:20) രേഖപ്പെടുത്തുന്നു. വാസ്തവത്തില്‍ ത്രിത്വത്തെക്കുറിച്ച് യേശു പ്രബോധിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന് സാക്ഷികളെ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അദ്ദേഹമാകട്ടെ പരസ്യമായിട്ടാണ് തന്‍റെ വിശ്വാസപ്രഖ്യാപനം നടത്തിയത്. ഒന്നും രഹസ്യമായിരുന്നില്ല. യേശു ത്രിത്വം പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് കള്ളസാക്ഷികളെ ഹാജരാക്കേണ്ടിവരുമായിരുനില്ല. യേശു പറഞ്ഞ കാര്യങ്ങള്‍ യഹൂദ മതത്തിന്‍റെ അംഗീകൃത വിശ്വാസമായ എകദൈവ വിശ്വാസത്തിനെതിരായോ, ദൈവ ദൂഷണമോ ആണെന്ന് തെളിയിക്കാന്‍ ഒരു യഥാര്‍ത്ഥ സാക്ഷിയെപ്പോലും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതില്‍ നിന്ന് ഒരാള്‍ക്ക് ന്യായമായും എത്തിച്ചേരാവുന്ന നിഗമനം യേശു ഒരിക്കലും ത്രിത്വസിദ്ധാന്തം പറഞ്ഞിട്ടില്ല എന്നാണ്. പ്രവാചകന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ദൈവത്തിന്‍റെ ഏകത്വത്തെ പ്രബോധിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത്, യേശുവിന്‍റെ കാലത്ത് ത്രിത്വവിശ്വാസം നിലവിലില്ലായിരുന്നു എന്നാണ്; ക്രിസ്തുമതത്തില്‍ പിന്നീട് ചേര്‍ക്കപ്പെട്ട ഒരു വിശ്വാസമാണത്.

Wednesday, June 2, 2010

യേശുക്രിസ്തു കശ്മീരില്‍

യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്നതിനെപ്പറ്റിയുള്ള അഹ്‌മദിയ്യാ വീക്ഷണം വളരെ വ്യക്തവും, യുക്തിപരവും, വസ്തുതാപരവുമാണ്‌. യേശുവിന്ന്‌ എന്ത്‌ സംഭവിച്ചു എന്ന കാര്യം അതിന്‍റെ മഹത്വത്തിന്‍റെ പരിവേഷത്തോടെ സത്യത്തിന്‍റെ വെളിച്ചത്തില്‍ അഹ്‌മദിയ്യാപ്രസ്ഥാനം അവതരിപ്പിച്ചിരിക്കുന്നു. യേശുവിനെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യംഏറ്റവും ഹൃദയഹാരിയാണ്‌. ഇതിഹാസത്തിന്‍റെ കൃത്രിമ പരിവേഷങ്ങള്‍അദ്ദേഹത്തിന്‍റെ മേല്‍ അണിയിക്കേണ്ടതില്ല. പാപപങ്കിലമായ മനുഷ്യസ മുദായത്തിനുവേണ്ടി ജീവിതം മുഴുവന്‍ അദ്ദേഹം അനുഭവിച്ച കടുത്തയാതനകള്‍ അവസാനം ക്രൂശീകരണത്തില്‍ വന്നുനില്‍ക്കുന്നു. കുരിശില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ മോചനവും അതിനെ തുടര്‍ന്ന്‌ കാണാതെ പോയ പത്ത്‌ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടിയുള്ള യാത്രയും പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്‍റെ വാഗ്ദാനമനുസരിച്ചുള്ളതാണ്‌. അതായത്‌ ക്രൂശീകരണത്തിന്‌ മുമ്പ്‌ അദ്ദേഹം ദൈവികസന്ദേശങ്ങള്‍ പ്രേഷണം ചെയ്തിരുന്ന രണ്ട്‌ ഇസ്രയേലീ ഗോത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, പുറത്ത്‌ പ്രവാസികളായിക്കഴിഞ്ഞിരുന്ന ബാക്കി പത്ത്‌ ഗോത്രങ്ങളിലും ദൈവികസന്ദേശം എത്തിക്കേണ്ട ചുമതല അദ്ദേഹത്തിന്നുണ്ടായിരുന്നു. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന്‍റെ ദൌത്യത്തിന്‌ പരിപൂര്‍ണ്ണത കൈവരികയുള്ളൂ. ഇതാണ്‌ യേശുവിന്‍റെ ജീവിതത്തിന്‍റെ സംഭവഹുലവും പരിശുദ്ധവുമായ യാഥാര്‍ത്ഥ്യങ്ങള്‍.

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഹ്‌മദിയ്യാ മുസ്‌ലിം സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) യേശു തന്‍റെ ആദ്യകാല പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചത്‌ പോലെ കുരിശില്‍ നിന്ന്‌ രക്ഷപ്പെടുകയുണ്ടായി എന്ന്‌ പ്രഖ്യാപിച്ചു. ദുരൂഹതകള്‍ക്കി ടയില്‍ കഴിഞ്ഞിരുന്ന യേശുവിന്‍റെ ജീവിതത്തിലെ സമുജ്ജ്വല സത്യ ങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി ദൈവനിയോഗിതനായ അദ്ദേഹം മറനീക്കി പുറത്തുകൊണ്ടുവന്നു. ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത്‌ നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക്‌ കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ്‌ പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) പ്രഖ്യാപിച്ചു. അതിനുശേഷം യേശു സ്വയം വാഗ്ദാനം ചെയ്തത്‌പ്രകാരം കാണാതെ പോയ ഇസ്രായേല്‍ ഗോത്രങ്ങളെ തേടിപ്പോയി. ഇന്ത്യയിലെ കശ്മീരിലും മറ്റു പ്രദേശങ്ങളിലും കുടിയേറിപ്പാര്‍ത്ത ഇസ്രയേലി ഗോത്രങ്ങളുടെ ഏറ്റവും സാധ്യമായ സഞ്ചാരപാത അഫ്ഗാനിസ്ഥാന്‍ വഴിയാണെന്ന്‌ ഒരാള്‍ക്ക്‌ ന്യായമായും ഊഹിക്കാന്‍ കഴിയും. അവിടങ്ങളിലെല്ലാം ഇസ്രായേലി ഗോത്രങ്ങള്‍ അധിവസിച്ചിരുന്നതായിറിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അഫ്ഗാനിസ്ഥാനിലേയും കശ്മീരിലേയും ജനങ്ങള്‍
, കുടിയേറിപ്പാര്‍ത്ത ഇസ്രായേലീ ഗോത്രങ്ങളില്‍ നിന്നുള്ള ശാഖകളാണെന്നതിന്‌ ചരിത്രപരമായ ശക്തമായ തെളിവുകളുണ്ട്‌. യേശു അവസാനം സാധാരണ നിലയില്‍ മരിക്കുകയും കശ്മീരിലെ ശ്രീനഗറില്‍കബറടക്കം ചെയ്യപ്പെട്ടുവെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) വെളിപ്പെടുത്തുകയും ചെയ്തു.

യേശുവിന്‍റെ ശരീരം ജന്‍മസ്ഥലത്തുനിന്നും കാണാതായ പ്രഹേളിക സംബന്ധിച്ച്‌ ഏറ്റവും ന്യായയുക്തവും വാസ്തവികവുമായ വിശദീകരണമാണ്‌ അഹ്‌മദികള്‍ മുന്നോട്ടു വെക്കുന്നത്‌. നിരവധി തവണ അവര്‍ഈ വിശദീകരണത്തിന്‌ ഖണ്ഡനം അഭിമുഖീകരിച്ചിട്ടുണ്ട്‌. കുരിശില്‍ നിന്ന്‌ രക്ഷപ്പെട്ടെന്നാല്‍പോലും ജൂദിയായില്‍ നിന്നും കശ്മീര്‍ വരെയുള്ള ദീര്‍ഘവും ദുര്‍ഘടവുമായ യാത്ര അവിശ്വസനീയമാണെന്നാണ്‌ അവരുടെഖണ്ഡനം. ഈ എതിര്‍വാദം കേള്‍ക്കുന്ന അഹ്‌മദികള്‍ ചോദിക്കാറു ണ്ട്‌:
'ഏതു ദൂരമാണ്‌ ദൈര്‍ഘ്യമേറിയത്‌? ഫലസ്തീനില്‍ നിന്ന്‌ കശ്മീരി ലേക്കുള്ള ദൂരമോ? ഭൂമിയില്‍ നിന്ന്‌ അതിവിദൂരമായ ആകാശത്തേ ക്കുള്ള ദൂരമോ?'* വീണ്ടും അഹ്‌മദികള്‍ അവരോടു അത്ഭുതം കൂറി ചോദിക്കാറുണ്ട്‌, കാണാതെ പോയ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടി താന്‍ പോകുമെന്ന്‌ പറഞ്ഞ യേശുവിന്‍റെ വാഗ്ദാനത്തിന്‌ എന്ത്‌ സംഭവിച്ചു? യേശു ഫലസ്തീനില്‍ നിന്നും യാത്ര പറഞ്ഞ്‌ നേരെ ചൊവ്വേ ആകാശത്ത്‌ പോയി ദൈവത്തിന്‍റെ വലത്‌ ഭാഗത്ത്‌ ഇരിക്കുകയാണെങ്കില്‍ അദ്ദേഹം തന്‍റെ വാഗ്ദാനം മറന്നുപോകുകയല്ലേ ചെയ്തത്‌? അതല്ല, അദ്ദേഹത്തിന്‍റെ വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന്‌ കഴിയാതെ പോയോ? അല്ലാത്തപക്ഷം നാം നേരത്തെ പറഞ്ഞത്പോലെ ഇസ്രയേല്‍ ഗോത്രത്തിലെ കാണാതെ പോയ ഗോത്രങ്ങള്‍ ആദ്യമേ ആകാശത്തേക്ക്‌ കയറിപ്പോവുകയും അവരെ അന്വേഷിച്ച്‌ പിന്നാലെ യേശുവും പോയതാണെന്ന്‌ കരുതാമോ?