Sunday, May 30, 2010

യേശുവിന്‍റെ ശരീരത്തിന്‌ എന്തുസംഭവിച്ചു?

ഇന്നത്തെ ക്രിസ്ത്യാനികള്‍ അവതരിപ്പിക്കുന്ന ക്രൂശീകരണം, സ്വര്‍ഗ്ഗാരോഹണം എന്നീ ഉപാഖ്യാനങ്ങളെ യുക്തിയുടേയും സാമാന്യ ബുദ്ധിയുടേയും അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ കൂടുതല്‍ നിരര്‍ത്ഥകമായ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നതായികാണാം. യേശുവിന്‍റെ മനുഷ്യശരീരത്തിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി വേണ്ടുവോളം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. യേശു അന്തിമമായി സ്വര്‍ഗ്ഗാരോഹണം നടത്തിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന കാര്യമെടുത്താല്‍ മാത്രം മതി ഇത്‌ വ്യക്തമാവാന്‍.

യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ചില ക്രിസ്ത്യാനികള്‍ പറയാറുള്ളത്‌, ക്രിസ്തുവിന്‍റെസ്ഥൂല ശരീരം ഒരു പ്രകാശത്തോടെ വിഘടനത്തിനു വിധേയമായി അപ്രത്യക്ഷമാവുകയും സ്വര്‍ഗ്ഗസ്ഥനായ തന്‍റെ പിതാവിലേക്ക്‌ കരേറുകയുംചെയ്തു' എന്നാണ്‌. ഇത്‌ മൌലികമായ ഒരു പ്രശ്നം ഉയര്‍ത്തുന്നു. തന്‍റെ സ്ഥൂല ശരീരത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്കിന്‍റെ ഫലമായി ഇത്ര വലിയ സ്ഫോടനം സംഭവിച്ചുവെങ്കില്‍ എന്തുകൊണ്ട്‌ ഈ പ്രതിഭാസം അദ്ദേഹത്തിന്‍റെ ആദ്യത്തെ മരണസമയത്ത്‌ സംഭവിച്ചില്ല? കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്‍റെ മരണത്തെപ്പറ്റിയുള്ള ഒരേയൊരു പരാമര്‍ശം മത്തായിയുടെ വാക്കുകളില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌. 'ഉറക്കെനിലവിളിച്ചു പ്രാണനെ വിട്ടു' എന്ന്‌. ശരീരത്തില്‍ നിന്നും സാധാരണ പോലെ ആത്മാവിന്‍റെ വേര്‍പെടലല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇവിടെ വ്യക്തമാണ്‌. യേശുവിന്‍റെ ശരീരം ഒരു പ്രകാശ വിസ്ഫോടനത്തോടെ അപ്രത്യക്ഷമാകാത്തത്‌ കാരണം അദ്ദേഹം കുരിശില്‍ വെച്ച്‌ മരിച്ചിട്ടില്ല എന്ന്‌ നമുക്ക്‌ ഊഹിച്ചുകൂടേ? എന്തുകൊണ്ട്‌ യേശു തന്‍റെ ശരീരത്തില്‍ നിന്നും രണ്ടാം തവണ മോചിതനായപ്പോള്‍ മാത്രം ഇങ്ങനെ സംഭവിച്ചു? ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട്‌ വഴികളിലൂടെ മാത്രമേനമുക്ക്‌ മുന്നോട്ടുപോകാന്‍ സാധ്യമാകൂ.

1 - ഒന്നാമത്തെ വഴി ഇപ്രകാരമാണ്‌: യേശുവിന്‍റെ ആത്മാവ്‌ ശരീര ത്തിലേക്ക്‌ തിരിച്ചുവന്നതിനുശേഷം (കുരിശില്‍ മരിച്ചുകഴിഞ്ഞുള്ള ഉയിര്‍പ്പിന്‌ ശേഷം) ശരീരത്തില്‍ ശാശ്വതമായി നിലനിന്നിട്ടില്ല. സ്വര്‍ഗ്ഗാരോഹണ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം ഉപേക്ഷിക്കുകയും ശുദ്ധമായ ആത്മാവായിക്കൊണ്ട്‌ ദൈവത്തിലേക്ക്‌ കരേറുകയും ചെയ്തു.

ഇത്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതോ ഗ്രഹിക്കാന്‍ സാധിക്കുന്നതോഅല്ല. കാരണം യേശു രണ്ട്‌ തവണ മരിച്ചു എന്ന മൂഢവിശ്വാസത്തിന്‍റെ അന്ധമായ പാതയിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. ആദ്യതവണ കുരിശിലും രണ്ടാം തവണ സ്വര്‍ഗ്ഗാരോഹണ വേളയിലും!

2 - രണ്ടാമത്തെ വഴി: മനുഷ്യശരീരത്തില്‍ തന്നെ യേശു ശാശ്വതമായിനിലനിന്നിരുന്നുവെന്നതാണ്‌.

ദൈവത്തിന്‍റെ മഹത്വത്തിനും, പ്രതാപത്തിനും അനുയോജ്യമല്ലാത്തതും അവനെ സംബന്ധിച്ച്‌ അറപ്പുണ്ടാക്കുന്നതുമായ ഈ സങ്കല്‍പ്പം ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുടെതായ കാഴ്ചപ്പാടാണ്‌ നമുക്കുള്ളത്‌. അതായത്‌, 'പുരാതന കാലത്തെ ബഹിരാകാശ യത്രാസങ്കല്‍പ്പം പോലെ മനസ്സിലാക്കുന്നതില്‍ പറ്റിയ ഒരു പ്രമാദമായിരിക്കണം യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ. ആകാശം എന്നത്‌ സൂര്യനും ചന്ദ്രനും, ഗാലക്സിക്കും അകലെയുള്ള ഒരു സ്ഥലമാണ്‌ എന്ന്‌ അവര്‍തെറ്റിദ്ധരിച്ചു. സത്യം ഇപ്പറഞ്ഞതൊന്നുമല്ല. പില്‍ക്കാലത്ത്‌ ക്രിസ്തുമതത്തിന്‍റെ രൂപീകരണവേളയില്‍ അഭിമുഖീകരിച്ചതും ഉത്തരം നല്‍കാന്‍ സാധിക്കാത്തതുമായ പ്രഹേളികകള്‍ക്ക്‌ പ്രതിവിധിയെന്നോണമായിരിക്കണം അത്തരം കെട്ടുകഥകള്‍ ആവിര്‍ഭവിക്കാന്‍ കാരണം. യേശു ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷനായപ്പോള്‍ സ്വാഭാവികമായും പിന്നീട്‌ അദ്ദേഹത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ടായിരിക്കും. അദ്ദേഹത്തിന്‍റെ ശരീരം അവിടെ ഇല്ലാത്തത്‌ കാരണം യേശു മരിച്ചിരുന്നില്ല എന്ന്‌ പ്രചരിപ്പിച്ച്‌ ഈ പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ആദിമക്രിസ്ത്യാനികള്‍ ശ്രമിച്ചിരുന്നില്ല. വാസ്തവത്തില്‍ തന്‍റെ ശരീരത്തോടൊപ്പം അദ്ദേഹം ദൂരെ ദിക്കുകളിലേക്ക്‌ നടന്നുനീങ്ങുകയായിരുന്നു. ഈ യഥാര്‍ത്ഥ സംഗതി പറഞ്ഞ്‌ ശരീരം അവിടെ കാണാതായത്‌ സംബന്ധിച്ച പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ അവര്‍ക്ക്‌ ഈ വാസ്തവം പറയാന്‍ സാധ്യമല്ലായിരുന്നു. യേശു ജുദിയായില്‍ നിന്നും വിദൂര ദിക്കുകളിലേക്ക്‌ സഞ്ചരിക്കുന്നത്‌ കണ്ടതായി സമ്മതിക്കുന്ന പക്ഷം നീതിപീഠത്തിന്‍റെ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട ഒരു അപരാധിയെ സഹായിക്കുന്നയാള്‍ എന്ന നിലക്ക്‌ റോമന്‍ നിയമം അവരുടെ മേലും കുറ്റം വിധിച്ചേക്കുമോ എന്ന്‌ അവര്‍ ഭയപ്പെട്ടിട്ടുണ്ടാവും.

ആശയം എത്രതന്നെ വിചിത്രമായിരുന്നാലും യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ അവര്‍ക്ക്‌ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷിതമായ ഒരു പോംവഴിയായിരുന്നു. പക്ഷേ അതില്‍ അവാസ്തവം കലര്‍ന്നിരുന്നു. ഘോരമായ സാഹചര്യത്തിലും അത്തരം അസത്യപ്ര സ്താവങ്ങളില്‍ അഭയം തേടാതിരുന്ന യേശുവിന്‍റെ ആദ്യകാല ശിഷ്യന്‍മാരുടെ സത്യസന്ധതക്ക്‌ മുമ്പില്‍ നാം നമ്മുടെ ആദരങ്ങള്‍ അര്‍പ്പിക്കേണ്ടതുണ്ട്‌. വ്യാജപ്രസ്താവനകള്‍ നടത്തി പുകമറക്കുള്ളില്‍ അഭയം തേടുന്നതിന്‌ പകരം എല്ലാ സുവിശേഷകന്‍മാരും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണ്‌ ചെയ്തത്‌. ശത്രുക്കളുടെ തീക്ഷ്ണമായ പരിഹാസവചനങ്ങള്‍ ആദിമ ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും സഹിച്ചിട്ടുണ്ടാവും. പക്ഷേ അവര്‍ മൌനം പാലിക്കുകയാണുണ്ടായത്‌.

യേശുവിന്‍റെ അപ്രത്യക്ഷമാകലിലെ ആന്തരരഹസ്യങ്ങളറിയുന്നവരുടെ ഭാഗത്ത്‌ നിന്നുള്ള നിഗൂഢാത്മകമായ ഈ മൌനമാണ്‌ പില്‍ക്കാലക്രിസ്തീയ തലമുറകളില്‍ സംശയത്തിന്‍റെ വിത്ത്‌ വിതക്കാന്‍ കാരണം. യേശുവിന്‍റെ ആത്മാവ്‌ ശരീരത്തില്‍ നിന്നു വേര്‍പെട്ടതിനുശേഷം അദ്ദേഹത്തിന്‍റെ ശരീരത്തെ സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവും എന്തുകൊണ്ട്‌ ഉണ്ടായില്ല എന്നത്‌ സംബന്ധിച്ച്‌ അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ആ ശരീരം എവിടെ? അതിന്‌ എന്ത്‌ സംഭവിച്ചു? ആ ശരീരത്തിലെയേശുവിന്‍റെ ആത്മാവ്‌ വീണ്ടും തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട്‌ അത്‌ അതേ ശരീരത്തില്‍ തന്നെ വന്നുചേര്‍ന്നു? ഈ ചോദ്യം നിര്‍ണ്ണായകവും ഉത്തരമില്ലാത്തതുമായ മറ്റനേകം ചോദ്യങ്ങളുയര്‍ത്തുന്നു. അതേ പൂര്‍വ്വ ശരീരത്തിലേക്ക്‌ തന്നെയുള്ള മടക്കമാണ്‌ പുനരുത്ഥാനമെങ്കില്‍ രണ്ടാമതും ആ സ്ഥൂലശരീരത്തില്‍ ബന്ധനസ്ഥനായതിനുശേഷം യേശുക്രിസ്തു വിന്‌ എന്താണ്‌ സംഭവിച്ചത്‌? അദ്ദേഹം ശാശ്വതനായി പ്രസ്തുത ശരീരത്തില്‍ ബന്ധനസ്ഥനായോ? ഒരിക്കലും ആ ശരീരത്തില്‍ നിന്നും മോചനമില്ലേ?

മറിച്ച്‌, മരിച്ച യേശുവിന്‍റെ ആത്മാവ്‌ വീണ്ടും ശരീരത്തില്‍ നിന്നു വിട്ടുപോയിട്ടുണ്ടെങ്കില്‍ പുനരുത്ഥാനം ശാശ്വതമായിരുന്നുവോ അതോ താല്‍ക്കാലികമോ? അദ്ദേഹം ശരീരത്തില്‍ ബന്ധനസ്ഥനായിരുന്നിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രണ്ടാം മരണത്തിനുശേഷം ശരീരത്തിന്‌ എന്തു സംഭവിച്ചു? എവിടെയാണ്‌ അത്‌ അടക്കം ചെയ്തത്‌? ഏതെങ്കിലും പുരാരേഖകളിലോ പുരാവൃത്തങ്ങളിലോ അത്‌ സംബന്ധിച്ച രേഖകളുണ്ടാ?

ആദ്യകാലങ്ങളില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നില്ലങ്കിലും യേശുവിന്‍റെ പ്രഹേളികയെ സംബന്ധിച്ചും അദ്ദേഹത്തെ സംബന്ധിച്ചുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ക്രിസ്ത്യന്‍ വൈദികന്‍മാര്‍ താത്വികമായ വിശദീകരണങ്ങളുമായി മല്‍പ്പിടുത്തം നടത്തിയതിന്‌ പില്‍ക്കാല നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചതായി കാണുന്നു. യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്നതിനെപറ്റിയുള്ള ഈ ചോദ്യങ്ങളില്‍ നിന്നു തലയൂരാന്‍ യേശു ആകാശത്തേക്ക്‌ സശരീരം ഉയര്‍ന്നുപോകുന്നത്‌ കണ്ടുവെന്ന്‌ മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അവസാനത്തെ പന്ത്രണ്ട്‌ വചനങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെകൃത്രിമമായി എഴുത്തുകാര്‍ എഴുതിച്ചേര്‍ത്തതാണ്‌. എന്നിട്ട്‌ യേശുവിന്‍റെ സ്വര്‍ഗ്ഗാ രോഹണം അവസാനമായി കണ്ടു എന്ന പ്രസ്താവം മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജമായി ആരോപിക്കുകയും ചെയ്യുന്നു. കൂട്ടിച്ചേര്‍പ്പുകള്‍ ലൂക്കോസിന്‍റെ സുവിശേഷിത്തയും വെറുതെ വിട്ടില്ല. അതില്‍ അവര്‍ 'സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു' (ലൂക്ക്‌: 24:51) എന്ന ഭാഗം വളരെ തന്ത്രപൂര്‍വ്വം എഴുതിച്ചേര്‍ത്തു. ഇപ്രകാരം യേശുവിനെ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്നെന്നേക്കുമായി അറുതിവരുത്തി. ചുരുക്കത്തില്‍ ക്രിസ്തുമതത്തെ അലട്ടിയിരുന്ന ഈയൊരു പ്രഹേളിക ഇപ്രകാരം പരിഹരിക്കപ്പെട്ടു. എന്നാല്‍, എന്ത്‌ വിലയാണ്‌ അവര്‍ അതിന്‌ നല്‍കിയത്‌? യേശുവിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പവിത്രമായ വസ്തുതകളെ ബലികഴിച്ചുകൊണ്ടാണ്‌ അവര്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്‌. കെട്ടുകഥകളുടെ ബലിവേദിയില്‍ യേശുവിന്‍റെ സത്യങ്ങള്‍ ഹോമിക്കപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുമതം അതിന്‍റെ സത്യത്തില്‍ നിന്ന്‌ കെട്ടു കഥകളിലേക്കുള്ള അപ്രതിരോധ്യവും അതിനിശിതവുമായ പരിണാമമുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നമുക്ക്‌ തീര്‍ച്ചയായും അറിയാം യേശുവിന്‍റെ ശരീരം കാണാത്ത തില്‍ യഹുദികള്‍ അസന്തുഷ്ടരും അസ്വസ്ഥരുമായിരുന്നു യേശുമരിച്ചു എന്നതിന്‌ പൂര്‍ണ്ണമായ തെളിവ്‌ അവര്‍ക്ക്‌ ആവശ്യമായിരുന്നു. ഇതിന്നായി സര്‍വ്വാംഗീകൃതമായ ഒരു തെളിവ്‌ അവര്‍ക്ക്‌ വേണ്ടതുണ്ട്‌. അത്‌ അദ്ദേഹത്തിന്‍റെ മൃതശരീരത്തിന്‍റെ സാന്നിദ്ധ്യമായിരുന്നു. പിലാത്താസിന്‍റെ മുമ്പില്‍ യാഹുദികള്‍ സമര്‍പ്പിച്ച പരാതിയില്‍ യേശു അപ്രത്യക്ഷനാകും എന്ന ഭീതി അവര്‍ പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും സത്യസന്ധവും ലളിതവുമായ ഉത്തരമിതാണ്‌. എങ്ങനെ യായിരുന്നാലും ഇന്ന്‌ വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ യേശുകുരിശില്‍ മരിച്ചിട്ടില്ല എന്ന സത്യമാണ്‌ നമുക്ക്‌ മനസ്സിലാവുന്നത്‌. അതുകൊണ്ട്‌ ശരീരം എവിടെപ്പോയി എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്‌.

'ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടു ക്കലേക്ക്‌ ഞാന്‍ പോകും' എന്ന യേശുവിന്‍റെ വാഗ്ദാനം പാലിക്കാന്‍വേണ്ടി അദ്ദേഹം ജൂദിയ വിടേണ്ടതുണ്ട്‌. തീര്‍ച്ചയായും അദ്ദേഹം പിന്നീട്‌അവിടെ കാണപ്പെടാന്‍ സാധ്യതയില്ല.(തുടരും)

Thursday, May 20, 2010

കുരിശുസംഭവത്തിലെ പൊരുത്തക്കേടുകള്‍

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 16

യേശുവിനെ നിന്ദിച്ചത് ഒരു കള്ളനോ അതോ രണ്ടുപേരുമോ?

മത്തായി:

"അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു." (മത്തായി 27:44)

മാര്‍ക്കോസ്:

"നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു" (മാര്‍ക്കോസ്:15:32)

ലൂക്കോസ്:

"തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ : നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ" (ലൂക്കോസ് 23:39-40)

മത്തായിയും മാര്‍ക്കോസും പറയുന്നു രണ്ടു കള്ളന്മാരും യേശുവിനെ നിന്ദിച്ചു സംസാരിച്ചു എന്ന്. ലൂക്കോസാകട്ടെ അവരുടെ പ്രസ്താവന കളവാക്കിക്കൊണ്ട് ഒന്നാമത്തെ കള്ളന്‍ യേശുവിനെ നിന്ദിച്ചതിനെ രണ്ടാമത്തെ കള്ളന്‍ ശാസിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തൊരു വൈരുധ്യം?!

എവിടെ, എത്ര സ്ത്രീകള്‍ അവിടെ സന്നിഹിതരായിരുന്നു

യോഹന്നാന്‍:

"യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു." (യോഹന്നാന്‍ 19:25)

ലൂക്കോസ്:

"അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു" (ലൂക്കോസ് 23:49)

മാര്‍ക്കോസ്:

"സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ചെറിയ യാക്കോബി ന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു" (മാര്‍ക്കോസ് 15:40-41)

മത്തായി:

"ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു." (മത്തായി 27:55-56)

യോഹന്നാന്‍ പറയുന്നു 'ക്രൂശിന്നരികെ' മത്തായിയും മാര്‍ക്കോസും പറയുന്നു അവര്‍ ദൂരത്ത് നിന്നായിരുന്നു നോക്കിയത് എന്ന്. യോഹന്നാന്‍ മാത്രമേ യേശുവിന്‍റെ അമ്മയെപ്പറ്റി പറയുന്നുള്ളൂ. സ്ത്രീകളുടെ എണ്ണത്തിന്‍റെ കാര്യത്തിലും റിപ്പോര്‍ട്ടര്‍മാര്‍ യോജിക്കുന്നില്ല.

യേശുവിന്‍റെ നിലവിളിയും തിരശ്ശീല കീറിയ സംഭവവും.

മത്തായി:

"ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.
അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.

ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു
അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു" (മത്തായി 27:46-52)

മാര്‍ക്കോസ്:

ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു.
അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. (മാര്‍ക്കോസ് 15:34-38)

ലൂക്കോസ്:

ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തില്‍ “പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23;44-46)

അത്ഭുതകരമായ ഈ സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്ചര്യം തന്നെ. മത്തായിയും മാര്‍ക്കോസ് പറയുന്നത് തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി കീറി എന്നാണ്. എന്നാല്‍, ലൂക്കൊസ് നടുവെ ചീന്തിപ്പോയി എന്നു മാത്രമേ പറയുന്നുള്ളൂ. മത്തായി റിപ്പോര്‍ട്ട് ചെയ്ത ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതുമായ സംഭവം മറ്റു രണ്ടുപേരും വിട്ടുകളഞ്ഞിരിക്കുന്നു. സുപ്രധാനമായ സംഭവം രണ്ടുപേരും വിട്ടുകളഞ്ഞതെന്തേ? അതല്ല അതെല്ലാം മത്തായിയുടെ വെറും തോന്നല്‍ മാത്രമായിരുന്നോ?

മത്തായിയും മാര്‍ക്കോസും യേശു രണ്ടു തവന നിലവിളിച്ചതായി പറയുന്നു. ലൂക്കോസ് ഒന്നാണെന്നു പറയുന്നു.

ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു യേശു വിലപിച്ചതായി മത്തായിയും മാര്‍ക്കോസും പറയുമ്പോള്‍ ലൂക്കോസ് "പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു". എന്നു മാത്രമാണ് പറയുന്നത്. ഇതിനെക്കുറിച്ച് മറ്റു രണ്ടുപേരും മൗനം പാലിക്കുന്നു.

ലൂക്കോസിന്‍റെ അഭിപ്രായത്തില്‍ തിരശ്ശീല കീറിയതിനു ശേഷമാണ് യേശു നിലവിളികുന്നത്. മറ്റുരണ്ടുപേരുടെയും അഭിപ്രയത്തില്‍ യേശു നിലവിളിച്ച് പ്രാണന്‍ വെടിഞ്ഞതിനു ശേഷമാണ് തിരശ്ശീല കീറുന്നത്!

ശതാതിപന്‍റെ സാക്ഷ്യം

ലൂക്കോസ്:

"ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടു: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി" (ലൂക്കോസ് 23-47)

മാര്‍ക്കോസ്:

"അവന്നു എതിരെ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു" (മാര്‍ക്കോസ്15:39)

മത്തായി:

"ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു." (മത്തായി 27:54)

മത്തായിയുടെ സുവിശേഷപ്രകാരം ഭൂകമ്പം മുതലായ കണ്ടാണ് ശതാധിപന്‍ യേശു ദൈവ പുതന്‍ ആയിരുന്നു എന്നു പറഞ്ഞത്. മറ്റു രണ്ടുപേരും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ശതാധിപന്‍ പറഞ്ഞതിലും റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ യോജിക്കുന്നില്ല. ലൂക്കോസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം "ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു" എന്നാണ് ശതാധിപന്‍ പറഞ്ഞത് എങ്കില്‍ മാര്‍ക്കൊസ് പറയുന്നത് "മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു" എന്നാണ്. മത്തായിയാകട്ടെ "അവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു " എന്നും.

യേശു നിലവിളിയോടെ ജീവന്‍ വെടിഞ്ഞു എന്നായിരുന്നോ ജൂതന്മാരും മറ്റുള്ളവരും മനസ്സിലാക്കിയിരുന്നത്?

മത്തായിയും മാര്‍ക്കോസും ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ല. ലൂക്കോസ് ഇപ്രകാരം പറയുന്നു:

"കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.

അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു." (ലൂക്കോസ് 23:48-49)
യോഹന്നാന്‍:

"അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു" (യോഹന്നാന്‍ 19:31)

യേശുവിന്‍റെ കാലൊടിക്കാന്‍ ജൂതന്മാര്‍ നിര്‍ദ്ദേശിച്ചതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നു വ്യക്തമാകുന്നു. ഇതില്‍ നിന്ന് വ്യക്താമാകുന്നത് അവസാന നിമിഷം വരെ യേശു മരിച്ചിട്ടില്ല് എന്നാണ് ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നത് എന്നാണ്. അല്ലെങ്കില്‍ പിന്നെ കാലുകള്‍ ഒടിക്കാന്‍ പറയുന്നത് നിരര്‍ഥകമായിത്തീരും. അവസാന നിമിഷത്തില്‍ ഇത്തരം ഒരു ക്രൂരമായ ഒരു നിര്‍ദ്ദേശം ജൂതന്മാര്‍ മുന്നോട്ടു വെച്ചതില്‍നിന്ന് ഭൂകമ്പത്തിന്‍റെയും കല്ലറകള്‍ തുറന്ന് വിശുദ്ധന്മാര്‍ പുറത്തു വന്നതിന്‍റെയും തിരശ്ശീല കീറിയതിന്‍റെയും കഥകള്‍ വാസ്തവ വിരുദ്ധമാണെന്ന് മനസ്സിലാകുന്നു. അല്ലായിരുന്നുവെങ്കില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചത് കണ്ടിട്ടും ജൂതന്മാര്‍ യേശുവിനെ വീണ്ടും പീഢിപ്പിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. കുറഞ്ഞപക്ഷം പിലാത്തോസ് എങ്കിലും ഇക്കാര്യങ്ങല്‍ ജൂതന്മാരുടെ ശ്രദ്ധയില്‍ പെടുത്തുമായിരുന്നു.

ലൂക്കോസിന്‍റെ റിപ്പോര്‍ട്നുസരിച്ച് "കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി" എന്നാണ് പറയുന്നത്. ഈ പുരുഷാരവും സ്ത്രീകളും ദൂരെ നിന്നാണ് കഴ്ച്ചകള്‍ കണ്ടുകൊണ്ടിരുന്നത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ആറാം മണിമുതല്‍ ഒമ്പതാം മണിവരെ അന്ധകാരം വ്യാപിച്ചിരുന്നു എന്നു പറയുമ്പോള്‍ എങ്ങനെയാണ് അകലെ നില്‍ക്കുകയായിരുന്ന് പുരുഷാരവും സ്ത്രീകളും ഈ സംഭവം നിരീക്ഷിച്ചത്? ഒന്നുകില്‍ അവരുടെ ഈ കാണല്‍ കെട്ടിച്ചമച്ച ഒരു കഥയാണ്. അല്ലെങ്കില്‍ അന്ധകാര വ്യാപനവും ഭൂമികമ്പവും മിഥ്യയാണ്! കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, രണ്ടും വാസ്തവമല്ല എന്നു കാണാം. ഒരു പരിധിവര്‍ മത്തായിയുടെയും മാര്‍ക്കോസിന്‍റെയും മൗനംവും ഇരുട്ടു വ്യാപിച്ചതിനെക്കുറിച്ച് യോഹന്നാന്‍ മിണ്ടാതിരുന്നതും ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു.

ഇതുപോലെ നിരവധി വൈരുധ്യങ്ങള്‍ ഇനിയും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ക്രിസ്തു മതത്തിന്‍റെ അടിസ്ഥാന ശിലയായ ഒരു സംഭവം (കുരിശു സംഭവം) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കണ്ട വൈരുധ്യങ്ങളും അബദ്ധങ്ങളും മാത്രമാണിത്. തല്‍ക്കാലം ഇത്രയും മതി എന്നു കരുതുന്നു

Sunday, May 16, 2010

കുരിശുമരണം ഒരു പുനരവലോകനം

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 15

യേശു കുരിശില്‍ മരിച്ചിട്ടില്ലെന്നതിലേക്ക് മതിയായ തെളിവുകള്‍ കഴിഞ്ഞ പോസ്റ്റുകളില്‍ വിവരിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍, യേശു തന്‍റെ വാദങ്ങളില്‍ വ്യാജനാണെന്നു തെളിയിക്കാന്‍ വേണ്ടി ജൂതന്മാര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ച് വധിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. കാരണം, വ്യാജവാദി വധാര്‍ഹനാണെന്ന് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു:

"ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം " (ഉല്പത്തി 13:5).

"ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്‍റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു" (ഉല്പത്തി- 21: 22-23).

യേശു കുരിശില്‍ മരിച്ചു എന്നു നാം ആംഗീകരിച്ചാല്‍, ജൂതന്മാരുടെ അവകാശവാദം, അതായത്, യേശു വ്യാജ വാദിയാണെന്നും അദ്ദേഹത്തെ വധിക്കുക വഴി അത് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു എന്നുമുള്ള വാദം നാം അംഗീകരിക്കേണ്ടിവരും.

യേശു കുരിശുമരണം ആഗ്രഹിച്ചതായി സുവിശേഷങ്ങളില്‍ നാം കാണുന്നില്ല. മറിച്ച് കുരിശുമരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ വേണ്ടി യഹോവയോട് കേണപേക്ഷിക്കുന്ന ശേയുവിന്‍റെ ചിത്രമാണ് നാം സുവിശേഷങ്ങളില്‍ കാണുന്നത്.

"യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു." (സങ്കീ-15:29) എന്നു സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നീതിമാനായ തന്‍റെ ദാസന്‍റെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയും ശാപിക്കപ്പെട്ട കുരിശു മരണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു; അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ദൈവം അവിടെ ഒരുക്കുകയുണ്ടായി.

പഴയ പോസ്റ്റുകളില്‍ വിവരിച്ചതുപോലെ, ജൂതന്മാര്‍ യേശുവിനെ റോമന്‍ ഗവര്‍ണ്ണറായ പിലാത്തോസിന്‍റെ മുന്നില്‍ ഹാജരക്കുന്നു. എന്നാല്‍, യേശു നിരപരാധിയാണെന്ന് വിശ്വാസമുണ്ടായിരുന്ന പിലാത്തോസ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഉന്നതങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന ജൂതന്മാര്‍ യേശുവിനെ സ്വതന്ത്രനാക്കുവാന്‍ സമ്മതിക്കുകയുണ്ടായില്ല; അവര്‍ ആക്രോശിച്ചു:

"ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു." (യോഹ- 19:12).

ഇത് കേട്ട പിലാത്തോസ് ഭയപ്പെടുകയും യേശുവിനെ ജൂതന്മാരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയുമുണ്ടായി. എങ്കിലും യേശുവില്‍ അദ്ദേഹം കുറ്റം ഒന്നും കണ്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു:

"ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു." (മത്താ- 27:24).

അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ യേശുവിനെ വെറുതെ വിടണം എന്ന ആഗ്രഹമാണുണ്ടായിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. യേശുവിനെ കുരിശുമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തന്നെക്കൊണ്ടാവും വിധമെല്ലാം അദ്ദേഹം ശ്രമിച്ച കഴിഞ്ഞ പോസ്റ്റുകളില്‍ വിവരിച്ചിട്ടുണ്ട്.

യേശുവിന്‍റെ കഷ്ടാനുഭവങ്ങള്‍:

കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചില സഥലങ്ങളില്‍ 'മരണം' എന്ന വാക്ക് പ്രയോഗിച്ചതായി കാണുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കഷ്ടാനുഭവങ്ങളെക്കുറിച്ചു മാത്രമാണ് വിവരിക്കുന്നത്: നോക്കുക:

"എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവന്‍ അവനെ അറിഞ്ഞുകൊള്ളാതെ നിങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു." (മത്തായി- 17:12)

"മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്റെ ദിവസത്തില്‍ ആകും.

"എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം." (ലൂക്കോസ് - 17:24-25)

"അവന്‍ അവരോടു: “ഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു" (ലൂക്കോസ് - 22:15)

"അവന്‍ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്‍റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു." (ലൂക്കോസ് - 25:26)

മുകളില്‍ പറഞ്ഞിരിക്കുന്ന വചനങ്ങളില്‍ എല്ലാം തന്നെ ശേശു താന്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. താന്‍ മരിക്കും എന്നാണ് യേശു വിസ്വസിച്ചിരുന്നത് എങ്കില്‍ ഇവിടെയെല്ലാം മരണത്തെക്കുറിച്ചു മാത്രമായിരുന്നു പറയേണ്ടിയിരുന്നത്. വളരെ കുറച്ചു സ്ഥലത്ത് മാത്രമേ മര്‍ണം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളൂ. അത് പീഢാനുഭവത്തിന്‍റെ കാഠിന്യത്തെ ദ്യുതിപ്പിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. അത്തരം പ്രയോഗങ്ങള്‍ ബൈബിളില്‍ തന്നെ കാണാവുന്നതുംമാണ്:

"സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു." (1 കൊരിന്ത്യര്‍ 15:31)

യേശു എവിടെയെങ്കിലും മരണം എന്നു പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മുകളില്‍ പൗലോസ് പ്രയോഗിച്ചപോലെ പീഢനത്തിന്‍റെ കാഠിന്യം കാണിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. അല്ലെങ്കില്‍, ഈ പരസ്പര വൈരുദ്ധ്യത്തെ പരിഹരിക്കാന്‍ നമുക്കാവാതെ വരും.

ഇനി, കുരിശില്‍ നിന്നിറക്കപ്പേട്ടപ്പോള്‍ യേശുവിനു ജീവനില്ലായിരുന്നു, അല്ലെങ്കില്‍ കുരിശില്‍ വെച്ചു തന്നെ യേശു മരിച്ചിരിന്നു എന്നുസംശയിക്കുന്ന രീതിയിലുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം.

അത്ഭുതകരമായ വസ്തുത, മര്‍മ്മപ്രധാനമായ ഈ വിഷയം, അതായത് കുരിശുമരണം, റിപ്പോര്‍ട്ട് ചെയ്ത നാലു സുവിശേ കര്‍ത്താക്കളും അതിനു ദൃക്സാക്ഷികള്‍ ആയിരുന്നില്ല എന്നതാണ്. മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ കാണാം:

"എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി" (മത്താ- 26:56)

കുരിശുസംഭവത്തെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങളിലെ പൊരുത്തക്കേടുകള്‍ ഈ വചനത്തെ സത്യപ്പെടുത്തുന്നു. ഊഹാപോഹത്തെ അടിസ്ഥാനമാക്കി വിവരിക്കപ്പെട്ട ഈ സംഭവങ്ങള്‍ ഒരിക്കലും തന്നെ തെളിവായി സ്വീകരിക്കാന്‍ സാധ്യമല്ല. ക്രിസ്തു കുരിശില്‍ മരിച്ചു എന്നു അവകാശപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് ഒരു ദൃക്സാക്ഷിയെപ്പോലും സംഭവത്തിനു സാക്ഷിയായി അവതരിപ്പിക്കാന്‍ ഇല്ല എന്നത് ആശ്ചര്യകരം തന്നെ.

കുരിശു സംഭവവുമായി ബന്ധപ്പെട്ട സുവിശേഷ വചനങ്ങള്‍ പരിശോധിക്കാം.

ഗൊല്ഗോഥായിലേക്ക് കുരിശ് ചുമന്നത് ആര്? യേശുവോ ശിമോനോ?

മാര്‍ക്കോസ് പറയുന്നു:

"അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു
തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;" (മാര്‍ക്കോസ്-15: 21,22)

ലൂക്കോസ് പറയുന്നു:

"അവനെ കൊണ്ടുപോകുമ്പോള്‍ വയലിള്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി." (ലൂക്കോസ്-23:26)

മത്തായി പറയുന്നു:

"അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു." (മത്തായി-27:32)

യോഹന്നാന്‍റെ വിവരണം മേല്പ്പറഞ്ഞ മൂന്നു വിവരണത്തോടും ശക്തമായി വിയോജിക്കുന്നു:

"അവര്‍ യേശുവിനെ കയ്യേറ്റു; അവര്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി." (യോഹ-19:17)

കുരിശിലേറ്റുന്നതിനു മുമ്പായി യേശു കണ്ടിവെണ്ണ അല്ലെങ്കില്‍ കൈപ്പു ചേര്‍ത്ത് വീഞ്ഞ് കുടിച്ചിരുന്നുവോ?

മത്തായി:

"തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു;

അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല. (മത്തായി-27:33-34)

മാര്‍ക്കോസ്:

"കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല" (മാര്‍ക്കോസ്-15:23)


മത്തായിയുടെ സുവിശേഷപ്രകാരം വീഞ്ഞ് രുചിച്ചു നോക്കി ഇഷ്ടപ്പെടാത്തതിനാല്‍ യേശു കുടിച്ചില്ല. എന്നാല്‍, മാര്‍ക്കോസ് പറയുന്നത് വീഞ്ഞു യേശൂ വാങ്ങിയേ ഇല്ല എന്നാണ്. മറ്റു രണ്ടു സുവിശേഷ കര്‍ത്താക്കളും ഈ സംഭവം വിട്ടുകളഞ്ഞിരിക്കുന്നു.

കുരിശില്‍ വെച്ച് പുളിച്ച വീഞ്ഞു കൊടുത്ത സംഭവം:

ലൂക്കോസ് ഈ സംഭവത്തെക്കുറിച്ചു മൗനം പാലിക്കുന്നു. യോഹന്നാന്‍ പറയുന്നു:

"അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു.

അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു.

യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു" (ലൂക്കോസ്-19: 28-30)

മാര്‍ക്കോസ്:

"അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍ കൊടുത്തു.

യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു." (മാര്‍ക്കോസ്-15:34-36)

മത്തായി:

അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.

ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു" (മത്തായി-27:47-49)

ഇവിടെ മൂന്നു സുവിശേഷങ്ങളും വിയോജിക്കുന്നു. യോഹന്നാന്‍ പറയുന്നത് യേശു 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു എന്നാണ്. എന്നാല്‍ മറ്റു രണ്ടുപേരും അത് പറയുന്നില്ല. യോഹന്നാന്‍ "അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു." എന്നു പറയുമ്പോല്‍, മറ്റു രണ്ടുപേരും അത് ചുരുക്കി ഒരാള്‍ ആക്കിയിരിക്കുന്നു.

വീണ്ടും മാര്‍ക്കോസും മത്തായിയും വിയോജിക്കുന്നു. മാര്‍ക്കോസ് പറയുന്നു:
"ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു" എന്നാല്‍ മത്തായി പറയുന്നത് ഇങ്ങനെ: "ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു"

എത്ര മണിക്കായിരുന്നു യേശുവിനെ കുരിശിലേറ്റിയത്?

മത്തായിയും ലൂക്കോസും ഇത് വിട്ടുകളഞ്ഞിരിക്കുന്നു. യോഹന്നാന്‍ പറയുന്നു:

"അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവര്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

‌‌‌‌അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍: ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.

അപ്പോള്‍ അവര്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു." (യോഹന്നാന്‍-19: 14-16)

വൈകുന്നേരം ഏകദേശം ആറുമണി നേരം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മാര്‍ക്കോസിനു പറയാനുള്ളത് വേറെ ഒരു സമയമാണ്:

"മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു." (മാര്‍ക്കോ-15:25)

ഒരു റിപ്പോര്‍ട്ടില്‍ ആറുമണി ആണെങ്കില്‍ മറ്റെതില്‍ മൂന്നു മണി! എങ്ങനെ നമുക്ക് ഈ റിപ്പോര്‍ട്ടുകള്‍ തെതെളിവായി സ്വീകരിക്കാന്‍ പറ്റും? (തുടരും)

Tuesday, May 11, 2010

യേശു കുരിശില്‍ മരിച്ചിരുന്നില്ല

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 14

യേശുവിനെ കുരിശില്‍ നിന്ന്‌ എടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ കാലുകള്‍ ഒടിച്ചിരുന്നില്ല എന്നും നാം ബൈബിളില്‍ വായിക്കുന്നു. അതേസമയം യേശുവിനോടൊപ്പം കുരിശിലേറ്റിയിരുന്ന രണ്ട്‌ കള്ളന്‍മാരുടെ കാലൊടിച്ചുകൊണ്ട്‌ അവരുടെ മരണം ഉറപ്പ്‌ വരുത്തിയിരുന്നുതാനും.

യേശുവിനെ കാലൊടിക്കാതെ ഒഴിവാക്കിയത്‌ അദ്ദേഹത്തിന്‍റെ ബോധരഹിതാവസ്ഥയില്‍ നിന്നു ഉണരുവാന്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടായിരിക്കും. പിലാത്തോസിന്‍റെ ദൂതന്‍മാര്‍ മുഖേന കാവല്‍ക്കാരോട്‌ യേശുവിന്‍റെ കാല്‍ ഒടിക്കരുതെന്ന കല്‍പന കൊടുത്തിട്ടുണ്ടാകുമെന്നവസ്തുതയും നിഷേധിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തോടും നിരപരാധികളായ ക്രിസ്തീയ സമൂഹത്തോടുമുണ്ടായിരുന്ന ആദരം കാരണം പിലാ ത്തോസ്‌ അങ്ങനെ ചെയ്തിരിക്കാനും സാധ്യതയുണ്ട്‌.

യേശുവിന്‍റെ വിലാപുറത്ത്‌ കുന്തം കൊണ്ട്‌ കുത്തിയപ്പോള്‍ വെള്ളവും രക്തവും തുളിച്ചു വന്നു എന്നും നാം വീണ്ടും ബൈബിളില്‍വായിക്കുന്നു.

"അവര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്നു. അവന്‍ മരിച്ചുപോയി എന്നുകണ്ടതിനാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും, പടയാളികളില്‍ ഒരുത്തന്‍ കുന്തം കൊണ്ട്‌ അവന്‍റെ വിലാപുറത്ത്‌ കുത്തി. ഉടനെ രക്തവും വെള്ളവും തുളിച്ചുവന്നു! (യോഹ:19: 33, 34)

യേശു മരിച്ച്‌ അദ്ദേഹത്തിന്‍റെ ഹൃദയസ്പന്ദനം നിലച്ചിരുന്നുവെങ്കില്‍ അത്തരത്തില്‍ രക്തത്തിന്‍റെ ശക്തമായ പ്രവാഹം അസാധ്യമായിരുന്നേനെ. ഏറിയാല്‍ കട്ട പിടിച്ച രക്തവും നീരും മന്ദഗതിയില്‍ പുറത്തേക്ക്‌ ഒലിച്ചിറങ്ങുകയായിരിക്കും ചെയ്യുക. പക്ഷേ ബൈബിള്‍ പുതിയ നിയമം നല്‍കുന്ന ചിത്രമതല്ല. അത്‌ പറയുന്നത്‌ രക്തവും വെള്ളവും തുളിച്ചുവന്നു എന്നാണ്‌. വെള്ളം തുളിച്ചുവന്നതിനെപ്പറ്റി പറയുമ്പോള്‍ ക്രൂശിതനായ നിലയില്‍ അനുഭവിച്ച ഏറ്റവും തീക്ഷ്ണമായ ആ ശിക്ഷയുടെ സമയത്ത്‌ അദ്ദേഹത്തിന്‌ ശ്വാസകോശവീക്ക (pleurisy) ബാധയുണ്ടായിഎന്ന്‌ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ശാരീരികമായ കടുത്ത സമ്മര്‍ദ്ദാവസ്ഥ ശ്വാസകോശാവരണത്തില്‍ (pleurisy) നീര്‍ക്കെട്ടിനു കാരണമായേക്കാം. ഒരര്‍ത്ഥത്തില്‍ അപകടകരമായ ഈ അവസ്ഥ യേശുവിന്‌ ഗുണകരമായി ഭവിച്ചതായി കാണുന്നു. അദ്ദേഹത്തിന്‍റെ പാര്‍ശഭാഗം കുന്തം കൊണ്ട്‌ കുത്തിയപ്പോള്‍ വീങ്ങിയ പ്ളൂറ അഥവാ ശ്വാസകോശാവരണം ഒരു കുഷന്‍ പോലെ നെഞ്ചിനകത്തെ അവയവങ്ങളെ നേരിട്ട്‌ക്ഷതപ്പെടുത്തുന്നതില്‍ നിന്നു രക്ഷപ്പെട്ടുത്തുകയുണ്ടായി. ശക്തമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഹൃദയ മുള്ളത്‌ കാരണമാണ്‌ രക്തം കലര്‍ന്നവെള്ളം യേശുവിന്‍റെ ശരീരത്തില്‍ നിന്നും പുറത്തേക്ക്‌ കുതിച്ചു ചാടിയത്‌.

മറ്റൊരു തെളിവ്‌ ഇപ്രകാരമാണ്‌. ബൈബിള്‍ വിവരണപ്രകാരം യേശുവിന്‍റെ ശരീരം അരിമത്യക്കാരനായ ജോസഫിന്‌ കൈമാറിയപ്പോള്‍ ഉടന്‍ തന്നെ അത്‌ സംസ്കരിക്കാന്‍ വേണ്ടി ഒരു രഹസ്യസ്ഥലത്തേക്ക്‌ കൊണ്ടുപോയിരുന്നു. അത്‌ ഒരു കല്ലറയായിരുന്നു. യേശുവിനെ കൂടാതെ മറ്റു രണ്ടുപേര്‍ക്ക്‌ ഇരിക്കാനും ശുശ്രൂഷിക്കാനും കൂടി വലിപ്പമുള്ള വിസ്താരമേറിയ ഒരു കല്ലറയായിരുന്നു അത്‌.

"എന്നാല്‍ മറിയ കല്ലറക്കല്‍ പുറത്ത്‌ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവര്‍ കല്ലറയില്‍ കുനിഞ്ഞു നോക്കി. യേശുവിന്‍റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ള വസ്ത്രം ധരിച്ച്‌ രണ്ട്‌ ദൂതന്‍മാര്‍ ഒരുത്തന്‍ തലക്കലും ഒരുത്തന്‍ കാല്‍ക്കലും ഇരിക്കുന്നത്‌ കണ്ടു. " (യോഹ 20:10)

ബൈബിള്‍ പുതിയ നിയമത്തില്‍ നിന്നു ഇക്കാര്യം മാത്രമല്ല യേശുവിന്‍റെ മുറിവുകളില്‍ പുരട്ടാന്‍ ഒരു ലേപന ഔഷധം അവിടെ മുന്‍കൂട്ടിതയ്യാര്‍ ചെയ്യപ്പെട്ടിരുന്നതായും നാം അറിയുന്നു. വ്രണങ്ങള്‍ ഉണക്കാനും വേദന ശമിപ്പിക്കാനും ഉള്ള ഔഷധകൂട്ടുകളുള്ള ഈ ലേപനൌഷധംയേശുവിന്‍റെ ശിഷ്യന്‍മാരാണ്‌ തയ്യറാക്കിയത്‌. പന്ത്രണ്ടോളം ഔഷധക്കൂ ട്ടുകളുള്ള ഈ ലേപനം തയ്യാറാക്കാന്‍ അവര്‍ ഇത്രമാത്രം പാടുപെട്ടതെന്തിനായിരുന്നു. ? ഇബ്നുസീനയുടെ വിശ്വപ്രസിദ്ധമായ 'അല്‍ഖാനൂന്‍' എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും മറ്റു നിരവധി ക്ളാസിക്‌ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ ഔഷധച്ചാര്‍ത്തിനെപററി പ്രതിപാദനമുണ്ട്‌. ഒരുമൃതശരീരത്തിന്‌ ഔഷധലേപനം പുരട്ടേണ്ട ആവശ്യം എന്തുണ്ട്‌? യേശു മരിക്കാതെ ജീവനോടെ തന്നെ കുരിശില്‍ നിന്നു മോചിതനാവുമെന്ന്‌ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നിരിക്കണം. എങ്കില്‍ മാത്രമേ അവരുടെ ഈപ്രവൃത്തി സാര്‍ത്ഥകമാകുകയുള്ളൂ. ലേപനൌഷധം ഉണ്ടാക്കിയതിനും യേശുവിന്‍റെ ശരീരത്തില്‍ ലേപനം പുരട്ടിയതിനും ഒരു വിശദീകരണംനല്‍കാന്‍ പണിപ്പെട്ടത്‌ യോഹന്നാന്‍ മാത്രമാണ്‌. മൃതശരീരത്തിന്‍മേല്‍ ഔഷധലേപനം പുരട്ടുക എന്നത്‌ തികച്ചും അസാധാരണമായ ഒരുപ്രവൃത്തിയാണ്‌. യേശു മരിച്ചു എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇത്‌ വിശദീകരിക്കാന്‍ പ്രയാസമാണ്‌. ഇതുകൊണ്ടാണ്‌ സുവിശേഷകാരനായയോഹാന്നന്‍ ഇതിന്‌ വിശദീകരണം നല്‍കേണ്ടിവന്നത്‌. മൃതദേഹത്തില്‍ സുഗന്ധതൈലമോ, ലേപനമോ പുരട്ടുക എന്നത്‌ ഒരു യാഹുദസമ്പ്ര ദായമാണെന്നും അതുകൊണ്ടാണ്‌ അപ്രകാരം ചെയ്യാന്‍ കാരണമെന്നുമുള്ള അഭിപ്രായമാണ്‌ യോഹന്നാന്‍ പ്രകടിപ്പിക്കുന്നത്‌. ആധുനിക ഗവേഷകന്‍മാര്‍ ഇത്‌ സം ന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ യോഹാന്നാന്‍ ജൂതവംശജനായിരുന്നില്ല എന്ന അഭിപ്രായത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌. യോഹാന്നാന്‍റെ യഹുദസമ്പ്രദായത്തെപ്പറ്റിയുള്ള അജ്ഞതയാര്‍ന്ന ഈ പ്രസ്താവന ഇത്‌ തെളിയിക്കുന്നു. യഹുദരോ, ഇസ്രായേല്‍ ഗോത്രത്തിലെ ഏതെങ്കിലുമൊരു വിഭാഗമോ ഒരിക്കലും തന്നെ യാതൊരു തരത്തിലുള്ള ലേപനങ്ങളും മൃതദേഹത്തില്‍ പൂശിയിരുന്നില്ല. അതുകൊണ്ടാണ്‌ പണ്ഡിതന്‍മാര്‍ യോഹന്നാന്‍ യഹുദവംശജനല്ല എന്ന അഭിപ്രായത്തിലെത്തിച്ചേര്‍ന്നത്‌. യഹുദനായിരുന്നുവെങ്കില്‍ യാഹുദാചാരത്തെ സംബന്ധിച്ച്‌ ഇത്രമാത്രം അജ്ഞത അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നില്ല.

മരണത്തോടടുത്തു കടുത്ത ബോധശൂന്യാവസ്ഥയില്‍ നിന്നു യേശുവിനെരക്ഷപ്പെടുത്താനായിരുന്നു ലേപനൌഷധം പുരട്ടിയത്‌. ഇതു സംബന്ധിച്ച്‌ സത്യസന്ധമായ ഒരേയൊരു വിശദീകരണം ഇത്‌ മാത്രമാണ്‌. അതായത്‌, യേശു കുരിശില്‍ വെച്ചു മരിക്കുമെന്ന്‌ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, യഥാര്‍ത്ഥത്തില്‍ കുരിശില്‍ വെച്ച്‌ അദ്ദേഹം മരിച്ചിട്ടുണ്ടായിരുന്നില്ല. കുരിശില്‍ നിന്നു എടുക്കപ്പെട്ട ശരീരത്തിന്‌ ലേപനം പുരട്ടുന്നതിനു മുമ്പ്‌ ജീവന്‍റെ ലക്ഷണമുണ്ടായിരുന്നിരിക്കണം. അല്ലാത്തപക്ഷം ആ പ്രവൃത്തി അങ്ങേയറ്റം വിഡ്ഢിത്തവും നീതികരണമില്ലാത്തതും നിഷ്പ്രയോജനകരവുമായിത്തീരുന്നു. യേശു കുരിശില്‍ മരി ക്കില്ലെന്നും എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുരിശില്‍ നിന്ന്‌ എടുക്കപ്പെടുമെന്നുമുള്ള ശക്തമായ സൂചന ലഭിച്ചെങ്കിലല്ലാതെ വീര്യവത്തായ ശമനകാരികളുപയോഗിച്ച്‌ ഇത്തരത്തില്‍ ഒരു ഔഷധക്കൂട്ട്‌ തയ്യാറാക്കന്‍ സ്വാഭാവികമായും സാധ്യതയില്ല.

മറ്റൊരു കാര്യം മനസ്സില്‍ സൂക്ഷിക്കേണ്ടത്‌ കല്ലറയുള്ള സ്ഥലം യേശുവിന്‍റെ ശിഷ്യന്‍മാരില്‍ കുറച്ച്‌ പേര്‍ക്ക്‌ മാത്രം അറിയാവുന്ന ഒരുരഹസ്യസങ്കേതമായിരുന്നു എന്നതാണ്‌. അവിടെ സുരക്ഷിതമായ കാവലുണ്ടായിരുന്നു. യേശുവിന്‌ ഈ അവസരത്തില്‍ ജീവനുണ്ടായിരുന്നെന്നും അപകടനില തരണം ചെയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും വ്യക്തമായും ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്‌.

കല്ലറയില്‍ സംഭവിച്ചതെന്താണ്‌? ഈ വിഷയം പലവിധത്തിലുംചര്‍ച്ച ചെയ്യാവുന്നതാണ്‌. കല്ലറയില്‍ നിന്നു നടന്നുപോയ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അതിനുമുമ്പ്‌ കുരിശില്‍ വെച്ച്‌ മരിച്ചിരുന്നുവെന്നും അതിനുശേഷം കല്ലറയില്‍ വെച്ച്‌ ഉയിര്‍ത്തെഴുന്നേറ്റതാണെന്നുമുള്ള ക്രിസ്തീയ വാദം വിമര്‍ശനാത്മകമായി പരിശോധനയ്ക്ക്‌ വിധേയമാക്കാനോ തെളിയിക്കാനോ ഒരിക്കലും സാധ്യമല്ല. ക്രിസ്ത്യാനികളുടെ വിശ്വാസത്തില്‍ തന്നെ നമുക്കുവേണ്ട ഒരേയൊരു തെളിവുണ്ട്‌. അതായത്‌ കല്ലറയില്‍ നിന്നു നടന്നുപോയ യേശുവിന്‍റെ ശരീരം മൂന്ന്‌ ദിവസം മുമ്പ്‌ ക്രൂശീകരണത്തിന്‌ വിധേയമായ അതേ ശരീരം തന്നെയായിരുന്നുഎന്നതാണ്‌ ആ തെളിവ്‌. ആ ശരീരത്തില്‍ ക്രൂശീകരണവേളയിലെ മുറിവുകളും അടയാളങ്ങളുമുണ്ടായിരുന്നു. അതേ ശരീരവുമായി അദ്ദേഹം നടന്നുപോകുന്നത്‌ കണ്ടുവെങ്കില്‍ നമുക്ക്‌ എത്തിച്ചേരാവുന്ന ഒരേയൊരുനിഗമനം അദ്ദേഹം കുരിശില്‍ മരിച്ചിരുന്നില്ല എന്നാണ്‌.

യേശുവിന്‍റെ ജീവിതം പഴയതിന്‍റെ തുടര്‍ച്ച തന്നെയായിരുന്നുവെന്ന്‌ തെളിയിക്കുന്ന മറ്റൊരു തെളിവ്‌ ഇപ്രകാരമാണ്‌. കുരിശ്‌ സംഭവത്തിനുശേഷം മൂന്ന്‌ രാവും മൂന്ന്‌ പകലും അദ്ദേഹത്തെ ശിഷ്യന്‍മാരല്ലാതെ പൊതുജനങ്ങളാരും കണ്ടിട്ടില്ല. മറ്റൊരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തരായവര്‍ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. പകല്‍നേരം അദ്ദേഹം സഞ്ചരിച്ചിരുന്നില്ല. ഇരുളിന്‍റെ മറവുകളില്‍ വെച്ചായിരുന്നു കൂടിച്ചേരലുകള്‍ നടത്തിയിരുന്നത്‌. അപകടം പതിയിരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം അദ്ദേഹം രഹസ്യത്തിലും പെട്ടെന്നും ഒഴിഞ്ഞുമാറുകയാണുണ്ടായിരുന്നതെന്ന്‌ ബൈബിള്‍ വിവരണങ്ങളില്‍ നിന്നും നമുക്ക്‌ നിരൂപിച്ചെടുക്കാം. ചോദ്യമി താണ്‌: യേശുവിന്‍റെ ആദ്യത്തെ മരണത്തിന്‌ ശേഷം രണ്ടാമതൊരു മരണം അനുഭവിക്കേണ്ടതില്ലാത്ത വിധം പുതിയതും അനശ്വരവുമായ ഒരു ജീവിതമാണ്‌ അദ്ദേഹത്തിന്‌ നല്‍കപ്പെട്ടതെങ്കില്‍ എന്തുകൊണ്ട്‌യേശു ഭരണകൂടത്തിലും പൊതുജനങ്ങളിലും പെട്ട ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞു നടന്നു? അദ്ദേഹം യഹുദികള്‍ക്കും റോമന്‍ സാമ്രാജ്യത്തിന്‍റെ പ്രതിനിധികള്‍ക്കും മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ഇതാ ഞാന്‍ ഇവിടെ അനശ്വര ജീവിതവുമായി നില്‍ക്കുന്നു. കഴിയുമെങ്കില്‍ നിങ്ങള്‍ എന്നെ വീണ്ടും കൊല്ലാന്‍ ശ്രമിക്കുക. നിങ്ങള്‍ക്കതിന്‌ഒരിക്കലും സാധ്യമല്ല' എന്ന്‌ പറയുകയായിരുന്നു വേണ്ടത്‌. പക്ഷേഅദ്ദേഹം ഒളിഞ്ഞു താമസിക്കാനാണ്‌ ഇഷ്ടപ്പെട്ടത്‌. പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ ആരും യേശുവിനോടു ആവശ്യപ്പെട്ടിരുന്നില്ല. പ്രത്യേകമായി ലോകത്തിന്‌ സ്വയം വെളിപ്പെടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം അത്‌ നിരസിക്കുകയും ജൂദിയായില്‍നിന്നും അകന്ന്‌ മാറിക്കഴിയുകയുമാണുണ്ടായത്‌. അത്‌ കാരണം ആര്‍ക്കും അദ്ദേഹത്തെ പിന്തുടരാനായില്ല.

'യൂദാ (ഇസ്കരിയാത്ത്‌ അല്ല) അവനോടു ചോദിച്ചു: 'കര്‍ത്താവേ ലോകത്തിനു വെളിപ്പെടുത്താതെ ഞങ്ങള്‍ക്കായിട്ടു നീ സ്വയം വെളിപ്പെ ടുത്തുന്നത്‌ എന്തുകൊണ്ട്‌?' (യോഹ: 14:22)

'അവര്‍ പോവുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവര്‍ മുന്നോട്ടുപോകുന്ന ഭാവം കാണിച്ചു. അവരോ; ഞങ്ങളോടു കൂടെ പാര്‍ക്കുക: നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു. അവന്‍ അവരോടു കൂടെ പാര്‍പ്പാന്‍ ചെന്നു.' (ലൂക്കോസ്‌ 24:28,29).

മരണത്തിനും പരുക്കുകള്‍ക്കും വിധേയനാകുന്ന ഒരു നശ്വരമനുഷ്യെണ്റ്റ ചിത്രമാണ്‌ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്‌. യേശു തന്നിലുള്ള മനുഷ്യാംശത്തില്‍ നിന്നും മോചിതനായി എന്ന അര്‍ത്ഥത്തില്‍ മരണംവരിച്ചിട്ടില്ല എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. എന്നാല്‍ അദ്ദേഹം ഏതൊര വസ്ഥയില്‍ ആദ്യം ഉണ്ടായിരുന്നുവോ അതേ പ്രകൃതിയില്‍ തന്നെയാതൊരു മാറ്റവും കൂടാതെ തുടരുകയാണുണ്ടായത്‌. അദ്ദേഹത്തിന്‍റെ പഴയ വ്യക്തിത്വവും പുതിയ വ്യക്തിത്വവും വേര്‍തിരിക്കുന്ന ഒരു മരണംഅദ്ദേഹത്തില്‍ സംഭവിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇതിനെയാണ്‌ നമ്മുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തിന്‍റെ തുടര്‍ച്ച എന്ന്‌വിളിക്കുന്നത്‌. യേശു തന്‍റെ അടുത്ത അനുയായികളേയും സുഹൃത്തു ക്കളേയും രാത്രിയുടെ ഇരുളില്‍ വെച്ച്‌ രഹസ്യമായി സന്ധിച്ചത്‌ പോലെ തീര്‍ച്ചയായും പരലോകത്ത്‌ നിന്നുള്ള ഭൂതമോ ആത്മാവോ പെരുമാറുകയില്ല.

യേശു ഒരു ഭൂതാത്മാവായിരുന്നുവോ എന്ന ചോദ്യം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം നിഷേധിച്ചത്‌ യേശുവല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹം തന്‍റെ ശിഷ്യന്‍മാരില്‍ ചിലര്‍ക്ക്‌ പ്രത്യക്ഷനായപ്പോള്‍ അത്‌യേശു തന്നെയാണോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. അത്‌ ഒരു ഭൂതാത്മാവാണെന്ന്‌ അവര്‍ വിശ്വസിച്ചു. അക്കാര്യം അവര്‍ മറച്ചുവെച്ചില്ല. അവരുടെ വിഷമം കണ്ടറിഞ്ഞ യേശു താന്‍ ഭൂതമല്ല എന്ന്‌ പറഞ്ഞ്‌ അവരുടെ ഭയം അകറ്റുകയും താന്‍ ക്രൂശീകരണത്തിനു വിധേയനായ അതേയേശു തന്നെയാണെന്ന്‌ ഉറപ്പിച്ചു പറയുകയും ചെയ്തു. അപ്പോഴും ഉണങ്ങാത്ത തന്‍റെ മുറിവുകള്‍ പരിശോധിച്ച്‌ നോക്കാന്‍ പോലും അദ്ദേഹംശിഷ്യന്‍മാരെ ക്ഷണിച്ചു. ശിഷ്യന്‍മാര്‍ക്ക്‌ മുന്‍പിലുള്ള യേശുവിന്‍റെ പ്രത്യ ക്ഷപ്പെടല്‍ യാതൊരര്‍ത്ഥത്തിലും അദ്ദേഹത്തിന്‍റെ മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന്‌ സ്ഥാപിക്കപ്പെടുന്നില്ല. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മരണത്തെ അതിജീവിച്ചുവെന്നാണ്‌ സ്ഥാപിക്കപ്പെടുന്നത്‌. അവരുടെ മനസ്സില്‍ ഇപ്പോഴും പതിഞ്ഞുകിടക്കുന്ന സംശയം നീക്കാനെന്നവണ്ണം അവര്‍ എന്താണ്‌ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ യേശുചോദിക്കുകയുണ്ടായി. അവര്‍ റൊട്ടിയും മീനും തിന്നുകൊണ്ടിരിക്കുകയാണെന്ന്‌ പറഞ്ഞു. അപ്പോള്‍ യേശു വിശപ്പ്‌ കാരണം അവരോട്‌അപ്പവും വീഞ്ഞും വാങ്ങി കഴിക്കുകയും ചെയ്തു. യേശു മരിച്ചതിന്‌ ശേഷം ഉയിര്‍ത്തെഴുന്നേറ്റതല്ല എന്ന്‌ വീണ്ടും അണുമണിത്തൂക്കം സംശയത്തിന്‌ ഇടനല്‍കാത്തവിധം ഇത്‌ വ്യക്തമാക്കുന്നു. അതായത്‌ മരിച്ചഒരാള്‍ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു എന്ന അവകാശവാദത്തിന്നെതിരാണിത്‌.

Sunday, May 9, 2010

കുരിശുസംഭവം ഒരവലോകനം

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 13

പ്രധാനപ്പെട്ട മറ്റൊരു വസ്തുത പിലാത്തോസിനാല്‍ നിശ്ചയിക്ക പ്പെട്ട ക്രൂശീകരണം നടക്കേണ്ട തിയ്യതിയും സമയവുമായി ബന്ധപ്പെട്ടതാണ്‌. ക്രൂശീകരണത്തിന്‍റെ തീയതിയും സമയവും നിശ്ചയിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പോലും പിലാത്തോസിന്‍റെ അന്തിമതീരുമാനത്തെ സ്വാധീനിക്കും വിധം ചില കാര്യങ്ങള്‍ നാം ബൈബിളില്‍ വായിക്കുന്നു. ഇത്‌ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നതായി ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല. ഒന്നാമതായി യേശുവിനെതിരെ പീലാത്തോസ്‌ നടപ്പാക്കുന്ന ശിക്ഷയെ സംബന്ധിച്ച്‌ അദ്ദേഹത്തിന്‍റെ ഭാര്യക്ക്‌ കടുത്ത അസംതൃപ്തിയുണ്ടായിരുന്നതായി നാംബൈബിള്‍ പുതിയ നിയമത്തില്‍ വായിക്കുന്നു. യേശുവിന്‍റെ വിചാരണയുടെ തലേദിവസം അവര്‍ കണ്ട സ്വപ്നത്തിന്‍റെ സ്വാധീനമായിരുന്നു ഈ അസംതൃപ്തിക്ക്‌ കാരണം. യേശു നിരപരാധിയാണെന്ന്‌ വിശ്വസിക്കത്തക്കവിധത്തില്‍ അത്രയും ശക്തിമത്തായ സ്വാധീനം അവരില്‍ ആ സ്വപ്നംഉണ്ടാക്കിയിരുന്നു. തല്‍ഫലമായി കോടതി നടപടിക്രമങ്ങള്‍ക്ക്‌ ഭംഗം വരു ത്തിയിട്ടായാല്‍പോലും ഈ സ്വപ്നത്തിലെ സന്ദേശം തന്‍റെ ഭര്‍ത്താവിന്‌ എത്തിക്കേണ്ടത്‌ തന്‍റെ കര്‍ത്തവ്യമാണെന്നു അവര്‍ക്ക്‌ തോന്നി. ഒരുപക്ഷേ, തന്‍റെ ഭാര്യയുടെ ശക്തമായ പ്രതിഷേധം കൊണ്ടു കൂടിയായി രിക്കാം അദ്ദേഹം യേശുവിനെ തള്ളിപ്പറയുന്നതില്‍ നിന്നും കൈ കഴുകിരക്ഷപ്പെട്ടത്‌.

"ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പിലാത്തോസ്‌ കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈകഴുകി. ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നെനോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു" (മത്താ: 27:24).

തീര്‍ച്ചയായും യേശു നിരപരാധിയാണെന്നും അദ്ദേഹത്തിനു മേല്‍ താന്‍ പാസാക്കിയ ക്രൂരമായ ശിക്ഷാവിധി നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നുമുള്ള പിലാത്തോസിന്‍റെ കുറ്റസമ്മതം മേല്‍പ്രസ്താവനയില്‍പ്രതിഫലിക്കുന്നു. ശക്തരായ യഹുദ സമുദായം യേശുവിനെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ ശിക്ഷാപാത്രമാക്കാന്‍ തീരുമാനി ക്കുകയും ചെയ്തിരുന്നു എന്ന കാര്യം ബൈബിള്‍ പുതിയ നിയമത്തില്‍നിന്നു തികച്ചും വ്യക്തമാണ്‌. അതുകൊണ്ട്‌ യഹുദികളുടെ ആഗ്രഹത്തിന്നെതിരായുള്ള പിലാത്തോസിന്‍റെ ഏതൊരു തീരുമാനവും അവിടെ കടുത്ത ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമായിരുന്നു. അദ്ദേഹത്തെ നിസ്സഹായനാക്കിത്തീര്‍ത്ത നിര്‍ബന്ധിതാവസ്ഥ ഇതായിരുന്നു. പിലാത്തോസ്‌ കൈകഴുകിയ നടപടിയില്‍ നിന്നു വ്യക്തമാകുന്നതും ഇതു തന്നെയാണ്‌. യേശുവിനെ രക്ഷിക്കാന്‍ പിലാത്തോസ്‌ മറ്റൊരു നീക്കം കൂടി നടത്തിയിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തെനോക്കി പിലാത്തോസ്‌ രണ്ടിലൊന്ന്‌ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം അവര്‍ക്ക്‌ നല്‍കി. അതായത്‌ യേശുവിനെയോ അതല്ല കുപ്രസിദ്ധ കുറ്റവാളിയായ ബറബ്ബാസിനെയോ ആരെയാണ്‌ മോചിപ്പിക്കേണ്ടതെന്ന്‌ അദ്ദേഹം ജനക്കൂട്ടത്തോടുചോദിച്ചു. ഇത്‌ പിലാത്തോസിന്‍റെ ആ സമയത്തെ മാനസിക നിലയുടെഅവസ്ഥയെ സംബന്ധിച്ച്‌ സൂചനകള്‍ നല്‍കുന്നു. യേശുവിന്‌ ശിക്ഷ നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം തികച്ചും എതിരായിരുന്നു എന്ന്‌വ്യക്തമാണ്‌. ഈ മാനസികാവസ്ഥയിലാണ്‌ യേശുവിനെ വധിക്കാന്‍വെള്ളിയാഴ്ച ദിവസവും ഉച്ച തിരിഞ്ഞുള്ള സമയവും അദ്ദേഹം തിരഞ്ഞെടുക്കുന്നത്‌. എന്തായിരുന്നു വാസ്തവത്തില്‍ സംഭവിച്ചത്‌? വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ശബ്ബത്ത്‌ ദിനം ആരംഭിക്കാന്‍ ഏറെ സമയമില്ല എന്നും അപ്പോഴേക്കും യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നു എടുത്തു മാറ്റുമെന്നും നീതിപാലകന്‍ എന്ന നിലക്ക്‌ പിലാത്തോസിന്നറിയാമായിരുന്നു. അസ്തമയത്തിനുശേഷമാണ്‌ ശബ്ബത്ത്‌ ആരംഭിക്കുന്നത്‌. അദ്ദേഹം ഇത്‌ ബോധപൂര്‍വ്വം തീരുമാനിച്ചതായിരുന്നു. അത്‌ തന്നെയായിരുന്നുവാസ്തവത്തില്‍ സംഭവിച്ചതും. ഏകദേശം മൂന്ന്‌ രാവും മൂന്നു പകലും കുരിശ്‌ പീഡനമേറ്റശേഷമേ ശിക്ഷക്ക്‌ പാത്രമായ വ്യക്തി മരിക്കാറുള്ളൂ. എന്നാല്‍ യേശുവിന്‌ പരമാവധി ഏതാനും മണിക്കൂറ്‍ മാത്രമേ കുരിശ്‌പീഡനമേല്‍ക്കേണ്ടി വന്നിട്ടുള്ളൂ. കഠിനജീവിതം കൊണ്ട്‌ ബലിഷ്ഠമായ ശരീരമുള്ള യേശുവിനെപ്പോലെ ഒരാളെ കൊല്ലാന്‍ ഇത്‌ തികച്ചും അപര്യാപ്തമാണ്‌.

ഈ സംഭവം യോനായുടെ സംഭവത്തിലെ നിഗൂഢതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നില്ലേ? സാധാരണഗതിയില്‍ കുരിശ്‌ മരണത്തിന്‌ വിധിക്കപ്പെട്ടവര്‍ മൂന്ന്‌ പകലും രാത്രിയും കുരിശിന്‍മേല്‍ തൂങ്ങിക്കിടക്കും. നേരത്തെ സൂചിപ്പിച്ചതു പോലെ ഇത്‌ യേശുവും യോനായും തമ്മിലുള്ള സാദൃശ്യം ഒരാളുടെ മനസ്സിലുയര്‍ത്തും. യോന മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്ന്‌ രാവും മൂന്നു പകലും കഴിഞ്ഞു എന്ന്‌ കരുതപ്പെടുന്നു. 3 ദിവസത്തിനു പകരം ദൈവഹിതത്താല്‍ മൂന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ യോനായും മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും മോചിതനായിരിക്കാം. യേശുവിന്‍റെ ജീവിതത്തില്‍ സംഭവിക്കുകയും അരങ്ങേറുകയും ചെയ്തത്‌ യോനായുടെ ദുരന്തനാടകത്തിന്‍റെ സംഭവത്തിലെ ധര്‍പ്പണ പ്രതിഫലനമായിരുന്നു.

നമുക്ക്‌ ക്രൂശീകരണ വേളയിലെ സംഭവങ്ങളിലേക്ക്‌ തന്നെ തിരിയാം. അവസാന നിമിഷംവരെ യേശു തന്‍റെ പ്രതിഷേധവുമായി ശക്തമായി നിലകൊണ്ടു. 'ഏലി, ഏലി ലമാശക്താനി' നിതാന്തദുഃഖത്തിന്‍റെയും നിരാശയുടേയും എന്തൊരു വേദനാജനകമായ പ്രകടനം! പിതാവായ ദൈവം തനിക്ക്‌ ഇതിനുമുമ്പ്‌ നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കേണ്ടതിനെപ്പറ്റി എത്ര സൂക്ഷ്മമായിട്ടാണ്‌ അദ്ദേഹം ഇവിടെ ഉണര്‍ത്തുന്നത്‌. ഈ ഉല്‍ക്കണ്ഠാകുലമായ വിലാപത്തില്‍ നിന്നു മറ്റെന്താണ്‌ നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയുക? ജനങ്ങളുടെ പാപഭാരം സ്വന്തം ഇഷ്ടപ്രകാരം വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെയും ഇച്ഛയുടേയും നിഷേധമാണ്‌ 'ദൈവമേ നീ എന്നെ കൈവിട്ടതെന്ത്‌' എന്ന വചനത്തില്‍ നിന്നു വ്യക്തമാകുന്നത്‌. ആസന്നമരണാവസ്ഥയില്‍ അദ്ദേഹം ചിന്തിച്ചത്‌ അതായിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യ പ്രകാരമാണ്‌ ശിക്ഷയെങ്കില്‍ പിന്നെയെന്തിന്‌ അഗാധദുഃഖത്തിന്‍റെതായ ഈ വിലാപം? എന്തിന്‌ പിന്നെ അദ്ദേഹം പിതാവായ ദൈവത്തെ കുറ്റ പ്പെടുത്തുകയും തന്‍റെ മോചനത്തിനായി അര്‍ത്ഥന നടത്തുകയും ചെയ്തു? യേശുവിന്‍റെ ഈ പ്രസ്താവനകളെല്ലാം അതിനു മുമ്പ്‌ സംഭവിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ വായിക്കേണ്ടതുണ്ട്‌. ആ സമയത്തുടനീളം കയ്പേറിയ ഈ പാനപാത്രം തന്നില്‍ നിന്നെടുത്തുമാറ്റേണമേ എന്നദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നു.

സാത്വികനും വിശുദ്ധനുമായ യേശുവിനെ പോലെയൊരാളുടെ പ്രാര്‍ത്ഥന ദൈവത്തിന്‌ സ്വീകരിക്കാതിരിക്കാന്‍ സാധ്യമല്ലായിരുന്നു. പ്രാര്‍ത്ഥന സ്വീകരിക്ക പ്പെട്ടിരിക്കുന്നു എന്ന്‌ ദൈവം തീര്‍ച്ചയായും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടായിരിക്കും. അദ്ദേഹം കുരിശില്‍ വെച്ച്‌ മരിച്ചിട്ടുണ്ടെന്ന്‌ വിശ്വസിക്കാന്‍ നിവൃത്തിയില്ല. ഇവിടെ യാതൊന്നും തന്നെ വൈരുദ്ധ്യമായിട്ടില്ല. എല്ലാം പരസ്പര പൂരകങ്ങളാണ്‌. യേശു മരിച്ചതായി കാണെപ്പട്ടത്‌ വൈദ്യശാസ്ത്ര വൈദഗ്ധ്യമൊന്നുമില്ലാത്ത ഒരു സാധാരണക്കാരന്‍റെ നിരീക്ഷണം മാത്രമാണ്‌. യേശുവിന്‍റെ ശരീരത്തെ വൈദ്യശാസ്ത്രപരമായി പരിശോധന നടത്താനുള്ള യാതൊരവസരവും അയാള്‍ക്ക്‌ ലഭിച്ചിരിക്കില്ല. തന്‍റെ പ്രിയപ്പെട്ട ഗുരുവിന്‌ മരണം സംഭവിക്കുമെന്ന ആശങ്കയാല്‍ ഉത്കണ്ഠാകുലനായി ആ രംഗം നോക്കിപ്പാര്‍ത്തുകൊണ്ടിരുന്ന ഒരു ശിഷ്യന്‍ ഗുരുവിന്‍റെ തളര്‍ന്ന ശിരസ്സ്‌ താടിയുടെ പാര്‍ശ്വം ചേര്‍ന്ന്‌ നെഞ്ചിലേക്ക്‌ വീണപ്പോള്‍ നിലവിളിച്ചു; 'ഓ! അദ്ദേഹം ജീവന്‍ വെടിഞ്ഞു. ' നേരത്തെ വ്യക്തമാക്കിയതുപോലെ പ്രാമാണികമായ വീക്ഷണകോണില്‍കൂടി ബൈബിളിന്‍റെ ആധികാരികത ചര്‍ച്ച ചെയ്യുകയോ അല്ലെങ്കില്‍ അതിലെ ഏതെങ്കിലുമൊരു വ്യാഖ്യാനത്തെപ്പറ്റി തര്‍ക്കമുന്നയിക്കുകയോ ചെയ്യുകയല്ല ഇവിടെ. ക്രിസ്തീയ മതതത്ത്വശാസ്ത്രത്തെയും അവരുടെ മതസിദ്ധാന്തങ്ങളേയും യുക്തിയും സാമാന്യജ്ഞാ നവും ഉപയോഗിച്ച്‌ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ്‌ ഇവിടെചെയ്യുന്നത്‌.

യേശു കുരിശില്‍ വെച്ചു ബോധരഹിതനാവുകയോ അതല്ല മരിക്കുകയോ ചെയ്തുവെന്ന്‌ തെളിയിച്ചുവെന്നാണെങ്കില്‍ തന്നെ കുരിശില്‍ സംഭവിച്ച കാര്യത്തെ സംബന്ധിച്ച്‌ അദ്ദേഹം പ്രകടിപ്പിച്ച വേദന കലര്‍ന്ന അത്ഭുതം അദ്ദേഹം പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചതെന്ന്‌ വ്യക്തമായിതെളിയിക്കുന്നു. യേശു മരണമാണ്‌ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ അത്ഭുത പ്രകടനത്തിന്‌ യാതൊരു ന്യായീകരണവുമില്ല. ഇതില്‍ ഇന്നു നമുക്ക് മനസ്സിലാകുന്നത് ഇങ്ങനെയാണ്: യേശു തലേന്ന്‌ രാത്രി ദൈവത്തോടു നടത്തിയ അഭയയാചനകളുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം കുരിശില്‍ നിന്നു വിമോചിതനാവുമെന്നവാഗ്ദാനം ദൈവത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം വ്യാകുലനായത്‌. പക്ഷേ ദൈവത്തിന്‌ മറ്റു ചില പദ്ധതികള്‍ കൂടിയുണ്ടായിരുന്നു. ദൈവം യേശുവിനെ ബോധരഹിതനാക്കിയത്‌ കാവല്‍ നിന്ന ഭടന്‍മാര്‍ അദ്ദേഹം മരിച്ചതായി തെറ്റിദ്ധരിക്കാനും അത്‌ പ്രകാരം യേശുവിന്‍റെ ശരീരം ബന്ധുക്കള്‍ക്ക്‌ നല്‍കാനുള്ള ഉദ്ദേശ്യത്തോടെ ജോസഫ്‌അരിമത്യക്കാരന്‌ കൈമാറാനും വേണ്ടിയായിരുന്നു. യേശുവിന്‍റെ അവസാന വചനത്തില്‍ നാം ശ്രദ്ധിച്ച അത്ഭുതം പിലാത്തോസും പങ്കിടുന്നു. യേശു മരിച്ചു എന്ന വിവരം പിലാത്തോസിനെ അറിയിച്ചപ്പോള്‍ 'അവന്‍മരിച്ചുവോ!' എന്ന്‌ അദ്ദേഹം സ്വയം അത്ഭുതം കൂറുകയുണ്ടായി. ജൂദിയായിലെ ഗവര്‍ണര്‍ എന്ന നിലക്ക്‌ സുദീര്‍ഘമായ ഭരണകാലയളവില്‍ അനേകം പേരെ കുരിശ്‌ മരണത്തിന്‌ വിധേയമാക്കിയതിന്‍റെ പരിചയവുംഅനുഭവവും അദ്ദേഹത്തിനുണ്ടായിരിക്കുമല്ലോ. ഏതാനും മണിക്കൂറുകളിലെ കുരിശ്‌ പീഡനം കൊണ്ടുമാത്രം ക്രൂശിതനായ ഒരാള്‍ മരിക്കുക എന്നത്‌ അസാധാരണമാണ്‌ എന്ന വസ്തുത അദ്ദേഹത്തിന്‌ വളരെ വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടായിരിക്കണം യേശു മരിച്ചു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചത്‌. എന്നിട്ടുപോലും നിഗൂഢാത്മകമായ ഈ സാഹചര്യത്തില്‍ ശരീരം വിട്ടുതരണമെന്ന അഭ്യര്‍ത്ഥന (യേശുവിന്‍റെ ശിഷ്യനായ അരിമത്യക്കാരന്‍ ജോസഫിന്‍റെ അഭ്യര്‍ത്ഥന) അദ്ദേഹം സ്വീകരിക്കുകയാണുണ്ടായത്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം എക്കാലത്തും ഉയരുന്നത്‌.

പിലാത്തോസ്‌ തന്‍റെ ഭാര്യയുടെ സ്വാധീനത്തിന്നടിമപ്പെട്ടുകൊണ്ട്‌ ശബ്ബത്ത്‌ ദിനത്തോടടുത്ത നാഴികയിലാണ്‌ യേശുവിനെ കുരിശിക്കാനുള്ളസമയം നിശ്ചയിച്ചതെന്ന ആരോപണമുണ്ട്‌. രണ്ടാമതായി യേശുവിന്‍റെ മരണസംന്ധമായി സംശയകരമായ റിപ്പോര്‍ട്ടുകളുണ്ടായിരിക്കേതന്നെ അദ്ദേഹം ശരീരം വിട്ടുകൊടുക്കാന്‍ തയ്യാറായി. പിലാത്തോസിന്‍റെ ഈതീരുമാനം യഹുദികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിരുന്നു. അവര്‍ യേശുവിന്‍റെ മരണത്തെ സംബന്ധിച്ച്‌ സംശയങ്ങളും സന്ദേഹങ്ങളും പ്രകടി പ്പിക്കുകയും പിലാത്തോസിനോടു ആവലാതി ബോധിപ്പിക്കുകയുംചെയ്തിരുന്നു. (തുടരും)