Wednesday, December 29, 2010

ക്രിസ്തുമതത്തിന്‍റെ പരിണാമം




യുക്തിബോധത്തെയും ശാസ്‌ത്രീയ പുരോഗതിയില്‍ നിന്നുത്ഭൂതമാകുന്ന പ്രബുദ്ധതയെയും വെല്ലുവിളിച്ചുകൊണ്ട്‌ കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ക്രിസ്തു മതത്തെ നിലനില്‍ക്കാന്‍ സഹായിച്ചത്‌ യേശുവിന്‍റെ യാഥാര്‍ത്ഥ്യത്തിന് ചുറ്റും നെയ്തെടുത്ത ഇതിഹാസങ്ങളോ ത്രിത്വത്തിന്‍റെ മിഥ്യാ സങ്കല്‍പങ്ങളോആയിരുന്നില്ല. യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌. ആളുകളെ ക്രിസ്തുമതത്തില്‍ ചേര്‍ത്തുനിര്‍ത്തിയത്‌ യേശുവിന്‍റെ ദൈവിക വ്യക്തിത്വമായിരുന്നില്ല. മറിച്ച്‌, ഹൃദയഹാരിയായ അദ്ദേഹത്തിന്‍റെ ദിവ്യമായ സ്വഭാവ ശീലങ്ങളാണ്‌. തന്‍റെ വിശ്വാസാദര്‍ശങ്ങള്‍ മാറ്റാന്‍ വേണ്ടി അതി ഭയാനകമായ പീഡനങ്ങള്‍ നടത്തപ്പെട്ടിട്ടും അതിനെയെല്ലാം തൃണവല്‍ഗണിച്ച്‌ ഉദാത്ത മൂല്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യേശുവിന്‍റെ ഉജ്വലമായ ത്യാഗവും സഹനവും സ്ഥൈര്യവുമായിരുന്നു യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്‍റെ നട്ടെല്ലായി വര്‍ത്തിച്ചത്‌. ഇന്നും അത്‌ വശ്യമനോഹരവും സ്നേഹാര്‍ദ്രവുമാണ്‌. എക്കാലത്തും അത്‌ അങ്ങനെയായിരുന്നു. അത്‌ ക്രിസ്ത്യാനികളുടെ മനസ്സിനെയും ഹൃദയത്തെയും വമ്പിച്ചതോതില്‍ സ്വാധീനിച്ചു. ആയതിനാല്‍ അവര്‍ വഴിപിരിഞ്ഞു പോവാതെ ക്രിസ്തുമതത്തിന്‍റെ യുക്തിഭംഗങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചുകൊണ്ട്‌ കൂടിച്ചേര്‍ന്നു നിന്നു.

കേവലം ദുര്‍ബലനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു. അതില്‍കവിഞ്ഞ്‌ അദ്ദേഹം ഒന്നുമല്ലായിരുന്നു. യേശുവിനെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഇരുട്ടിന്‍റെ ശക്തികളെ അദ്ദേഹം അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു എന്നതിലാണ്‌ യേശുവിന്‍റെ മഹത്ത്വം കുടികൊള്ളുന്നത്‌. യേശുവിന്‍റെ വിജയം ആദം സന്തതികള്‍ക്കാകമാനം അഭിമാനപൂര്‍വ്വം പങ്കിടാവുന്ന ഒന്നാണ്‌.

അതിഘോരമായ അഗ്നിപരീക്ഷണങ്ങള്‍ക്കും തീവ്ര വേദനകള്‍ക്കും മുമ്പില്‍ അചഞ്ചലനായി സഹനപൂര്‍വ്വം നിന്നുകൊണ്ട്‌ മനുഷ്യത്വം പഠിപ്പിച്ച യേശു ആദമിന്‍റെ മഹാന്‍മാരായ സന്താനങ്ങളിലൊരാളാണെന്ന വസ്തുത മുസ്‌ലിം വീക്ഷണ കോണിലൂടെ നാം കണ്ടുകഴിഞ്ഞു. അങ്ങേയറ്റം തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ദൃംഷ്ടങ്ങള്‍ക്കിടയിലും അദ്ദേഹം കീഴടങ്ങാതെ സ്ഥൈര്യപൂര്‍വ്വം നിലകൊണ്ടു. അതായിരുന്നു യേശുവിന്‍റെ പാവനമായ നേട്ടം. യേശു സഹിച്ച യാതനയും വേദനയുമാണ്‌ മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌. അതുപോലെ, മരണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞതും അതുകൊണ്ടാണ്‌. അദ്ദേഹം സ്വേച്ഛയില്‍ മരണം തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ യാതനാ പൂര്‍ണമായ അവസ്ഥയില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനു സമമായി അത്‌ തീരുമായിരുന്നു. എങ്ങനെയാണ്‌ ഒരാള്‍ക്ക്‌ അതിനെ ഒരു ധീര കൃത്യമായി കണക്കാക്കാന്‍ സാധിക്കുക? സാഹചര്യങ്ങ ളുടെ സമ്മര്‍ദ്ദത്തില്‍ പോലും ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതൊരു ഭീരുവിന്‍റെ കൃത്യമായി മാത്രമേ കണക്കാക്കാനാവൂ. പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ മരണത്തിലൂടെ രക്ഷപ്പെടുക എന്നതിനേക്കാള്‍ ജീവിച്ചുകൊണ്ട്‌ സഹനപൂര്‍വ്വം അതിനെ നേരിടലാണ്‌ ഉത്തമമായിട്ടുള്ളത്‌. മനുഷ്യ വംശത്തിനു വേണ്ടി മരണം സ്വയം സ്വീകരിച്ചു കൊണ്ടുള്ള യേശുവിന്‍റെ പരമോന്നത ത്യാഗം എന്നത്‌ വെറും പൊള്ളയായ വൈകാരികത മാത്രമാണ്‌. അന്തസ്സാര ശൂന്യമാണ്‌ ആ സങ്കല്‍പം.

യേശുവിന്‍റെ മഹത്വം അദ്ദേഹത്തിന്‍റെ ജീവിത കാലത്തുള്ള പരമമായ ത്യാഗത്തിലാണ്‌ നിലകൊള്ളുന്നത്‌ എന്ന കാര്യം വീണ്ടും ഊന്നിപ്പറയുന്നു. ജീവിതത്തിലുടനീളം സുഖ ത്തിനും എളുപ്പത്തിനും പകരമായി കടുത്ത യാതനകള്‍ ഏറ്റുവാങ്ങി അദ്ദേഹം പ്രലോഭനങ്ങളെ അതിജീവിച്ചു. ദിനേന അദ്ദേഹം മരണവുമായി ഏറ്റുമുട്ടി. പക്ഷേ അദ്ദേഹം മരണത്തിനുമുമ്പില്‍ നിന്നുകൊടുത്തില്ല. പാപികളെ പരിശുദ്ധ ജീവിതത്തിലേക്ക്‌ ആനയിക്കാന്‍ വേണ്ടി അദ്ദേഹം ജീവിച്ചു. മരണത്തിനു മുമ്പില്‍ സ്വയം അടിയറവ്‌ പറഞ്ഞുകൊണ്ടല്ല അദ്ദേഹം മരണത്തെ കീഴടക്കിയത്‌. മറിച്ച്‌, മരണത്തിനു മുമ്പില്‍ തലകുനിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ്‌ അദ്ദേഹം മരണത്തെ കീഴടക്കിയത്‌. ഒരു സാധാരണ മനുഷ്യന്‍ തകര്‍ന്നു പോകുമായിരുന്ന മരണത്തിന്‍റെ വക്ത്രത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിലേക്ക്‌ വന്നു. മരണത്തെ അദ്ദേഹം വ്യക്തമായും തോല്‍പ്പിച്ചു. അങ്ങനെ യേശു തന്‍റെ സത്യം സ്ഥാപിച്ചു. സന്ദേഹത്തിന്‍റെ ഒരു നിഴല്‍ പോലുമില്ലാത്ത വിധത്തില്‍ അദ്ദേഹത്തിന്‍റെ വചനങ്ങളെല്ലാം സത്യമാണെന്ന്‌ തെളിയിച്ചു.

ഇങ്ങനെയാണ്‌ നാം യേശുവിനെ കാണുന്നത്‌. അതുകൊണ്ടാണ്‌ നാം യേശുവിനെ സ്നേഹിക്കുന്നത്‌. അദ്ദേഹത്തിന്‍റെ വചനം ദൈവത്തിന്‍റെ വചനമായിരുന്നു. ആ വചനങ്ങള്‍ അദ്ദേഹ ത്തിന്‍റെ ദേഹേച്ഛയുടെ വചനങ്ങളായരുന്നില്ല. ദൈവം അദ്ദേഹത്തോട്‌ പറയാന്‍ കല്‍പിച്ചതെന്തോ അത്‌ മാത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌. അതില്‍ കൂട്ടിയോ കുറച്ചോ അദ്ദേഹം പറഞ്ഞില്ല. ജീവിതത്തിലുടനീളം അദ്ദേഹം ദൈവത്തെ ആരാധിച്ചു. ദൈവത്തെ മാത്രം ആരാധിച്ചു. നശ്വരനായ ആര്‍ക്കു മുമ്പിലും അദ്ദേഹത്തിന്‌ തല കുനിക്കണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ മാതാവിനെയോ പരിശുദ്ധാത്മാവിനെയോ അദ്ദേഹം തല കുനിച്ചു വണങ്ങിയില്ല. ഇതാണ്‌ യേശുവിനെ പറ്റിയുള്ള യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എല്ലാ വിഭാഗങ്ങളിലും എല്ലാ വിശ്വാസങ്ങളിലും പെട്ട ക്രിസ്ത്യാനികളെ ഞങ്ങള്‍ ക്ഷണിക്കുന്നു.

മതത്തിന്‍റെ തുടര്‍ച്ച

മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചയിലും അതിന്‍റെ സാര്‍വ്വത്രികതയിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ പ്രവാചകത്വം എന്നത്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ഒരു സാര്‍വ്വത്രിക പ്രതിഭാസമാണെന്ന കാര്യത്തില്‍ ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത്‌. പ്രവാചകന്‍മാര്‍ പ്രവാചക സമൂഹത്തിന്‍റെ അവരുടെ സാകല്യാവസ്ഥയിലാണ്‌ സ്വീകരിക്കപ്പെടുന്നത്‌ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കപ്പെടുന്നത്‌. പ്രവാചക സമൂഹത്തില്‍പ്പെട്ട ഒരാളെ നിഷേധിച്ചാല്‍ അവരെ മുഴുവനും നിഷേധിച്ചതിന്‌ തുല്യമാണ്‌. പ്രവാചകന്‍മാരെല്ലാം ഒരേ സ്രോതസ്സില്‍ നിന്നു സംസാരിച്ചു എന്ന പരിപ്രേക്ഷ്യത്തിലാണ്‌ ഒരാള്‍ പ്രവാചകന്‍മാരെയെല്ലാം അനുസരിക്കുന്നത്‌. പ്രവാ ചകന്‍മാരുടെ അനുസ്യൂതമായ തുടര്‍ച്ച എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സാദൃശ്യമുള്ളതിന്‍റെ ആവര്‍ത്തനം എന്ന നില ക്കാണ്‌ അല്ലാതെ ജീവിപരിണാമം പോലെയുള്ള ഒന്നിന്‍റെ തന്നെ തുടര്‍ച്ച എന്ന നിലക്കല്ല.

നാം പ്രവാചകന്‍മാരുടെ സന്ദേശത്തിന്‍റെ പുരോഗമനാത്മകതയില്‍ വിശ്വസിക്കുന്നു. അതായത്‌ സമസ്ത മാനവീയ മേഖലയെയും സ്പര്‍ശിക്കുന്ന മനുഷ്യ പുരോഗതിയിലേക്ക്‌ ചുവടുവെച്ചുകൊണ്ടുള്ളതാണ്‌ ആ പുരോഗതി. ആദിമകാലത്തെ വെളിപാടു മതങ്ങളെല്ലാം ഒരേതരം മൌലിക അദ്ധ്യാപനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. ആ മതങ്ങള്‍ക്ക്‌ താരതമ്യേന കുറഞ്ഞ മേഖലയില്‍ മാത്രമേ വിശദമായ അദ്ധ്യാപനങ്ങള്‍ നല്‍കിയിട്ടുള്ളൂ. അതായത്‌ കുറഞ്ഞ തോതില്‍ മാത്രമേ വിധിവിലക്കുകള്‍ നടപ്പാക്കിയിട്ടുള്ളൂ എന്ന്‌ ഇതിനെക്കുറിച്ച്‌ പറയാം. ഈ വിധിവിലക്കുകള്‍ ക്രമേണ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമേഖലയിലേക്ക്‌ കൂടുതല്‍ വ്യാപിക്കുകയുണ്ടായി. പൌരാണിക സംസ്കാരങ്ങളിലെ മത ങ്ങള്‍ സ്വയം തന്നെ താരതമ്യേന പ്രത്യേക ഗോത്രത്തിലോ വര്‍ഗ്ഗത്തിലോ പ്രദേശത്തിലോ ഉള്ള ആളുകളെ മാത്രം അഭിസംബോധന ചെയ്യുന്നതായി കാണുന്നു. ഈ സന്ദേശങ്ങള്‍ ആ കാലഘട്ടത്തിലെ ആവശ്യങ്ങളില്‍ മാത്രംപരിമിതമായിരുന്നു. അവയെ ഗോത്രീയമോ, വര്‍ഗ്ഗപരമോ, ദേശീയമോ ആയ മതങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ഇസ്രയേല്‍ സന്തതികളും യാഹൂദാദ്ധ്യാപനങ്ങളും ഇതിനു പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണ്‌.

മതങ്ങളുടെ വികസനത്തിന്‍റെ ചരിത്രപരമായ പ്രവണതകള്‍ രണ്ടുവിധത്തില്‍ സംഗ്രഹിക്കാം.

1. മതാദ്ധ്യാപനങ്ങളുടെ പുരോഗമനാത്മകമായ വിസ്താരണം.

2. ചെറിയ വിഭാഗങ്ങളില്‍ നിന്നു വലിയ വിഭാഗങ്ങളിലേക്കുള്ള പുരോഗമനാത്മകമായ മാറ്റം.

മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ച എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആദം നബിക്ക്‌ വെളിപ്പെട്ട അതേ മതം തന്നെ തുടര്‍ച്ചയായി മനുഷ്യസമൂഹത്തിന്‌ നല്‍കിക്കൊണ്ട്‌ പുരോഗമനാത്മകമായ മാറ്റവും വൈപുല്യവും വരുത്തുക എന്നതല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള നാഗരികതകള്‍ വേരു പിടിക്കുകയും പുഷ്ക്കലമാവുകയും ചെയ്തിട്ടുണ്ട്‌. സാമൂഹിക വികസനത്തിനനുസൃതമായ വിധത്തില്‍ ദിവ്യ വെളിപാടുകളിലൂടെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മതങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.

മതവികാസത്തിന്‍റെ പുരോഭാഗം

ലോകമതങ്ങളുടെ പരിണാമത്തില്‍ മുഖ്യധാരയായി വര്‍ത്തിച്ച പ്രധാന മതങ്ങളെല്ലാം പിറന്നുവീണതും പരിപോഷിപ്പിക്കപ്പെട്ടതും പരിഷ്കരിക്കപ്പെട്ടതും മധ്യപൌരസ്ത്യ ദേശത്തിലാണെന്ന്‌ നാം വിശ്വസിക്കുന്നു. ഇക്കാര്യം മതങ്ങളുടെ ചരിത്ര പഠനത്തില്‍ വളരെ പ്രകടമാണ്‌. യഹൂദ മതത്തെ പിന്തുടര്‍ന്ന്‌ ക്രിസ്തുമതവും അതിനെത്തുടര്‍ന്നു വന്ന ഇസ്‌ലാം മതവും മതാദ്ധ്യാപനങ്ങളുടെ പരിണാമ ദിശാമാര്‍ഗ്ഗം വ്യക്തമായും സൂചിപ്പിക്കുന്നു. ഈ മതങ്ങളുടെ വികാസ പരിണാമ ചരിത്രങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്‌. ആ മതങ്ങളെല്ലാം അഗാധമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. ഇത്‌ ഏറ്റവും സുപ്രധാനമായൊരു കാര്യമാണ്‌. മതാദ്ധ്യാപനങ്ങളുടെ ക്രമപ്രവൃദ്ധമായ ഈ ബൃഹദ്പദ്ധതിയിലൂടെ സംഭവിക്കേണ്ടിയിരുന്നതും സംഭവിച്ചതും ഒരു സാര്‍വ്വത്രിക മതത്തിന്‍റെ രൂപീകരണമായിരുന്നു. അതാണ്‌ ഇസ്‌ലാം മതം.

ഈ പശ്ചാത്തലത്തില്‍ ജൂതന്‍മാര്യാതൊരു മുന്‍വിധിയുമില്ലാതെ ഗൌരവപൂര്‍വ്വം യേശുക്രിസ്തുവിന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. അദ്ദേഹത്തെ മനസ്സിലാക്കുന്നതില്‍ ജൂത മതസ്ഥര്‍ പരാജയപ്പെടു മ്പോള്‍ പരിണാമ ചരിത്രത്തില്‍ കണ്ണിയറ്റു കുഴിച്ചു മൂടപ്പെടുന്ന ജീവികളെപ്പോലെ പരിപൂര്‍ത്തിയിലേക്ക്‌ കുതിക്കുന്ന പരിണാമ ശൃംഖലയില്‍ സജീവമായ ഒരു കണ്ണിയായി വര്‍ത്തിക്കാന്‍ ജൂത മതത്തിന്‌ കഴിയാതെ വരുന്നു. അങ്ങനെ അതിന്‍റെ സങ്കുചിതമായ അസ്തിത്വ വൃത്തത്തില്‍ മാത്രം തുടര്‍ന്നും നില നില്‍ക്കുന്ന ചരിത്രത്തിന്‍റെ അവശേഷിപ്പായി ആ മതം തുടരുന്നു.

വീണ്ടും ക്രിസ്ത്യാനികളുടെകാര്യം ഇവിടെ പരാമര്‍ശിക്കുകയാണ്‌. അവരുടെ കാര്യവും യഹൂദികളുടേത്‌പോലെ തന്നെയാണ്‌. കാലഗണനാക്രമത്തില്‍ ക്രിസ്ത്യാനികള്‍ യഹൂദികളേക്കാള്‍ ഒരു പടികൂടി ഇസ്ളാമുമായി അടുത്തുനില്‍ക്കുന്നു. എന്നാല്‍ മറ്റൊരു പ്രധാനകാര്യം ശ്രദ്ധേയമാണ്‌. യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജീര്‍ണ്ണതയിലേക്കുള്ള മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ വാസ്തവത്തില്‍ സെന്‍റ്‌ പോളായിരുന്നു. ഇത്‌ എല്ലാ പ്രകാരത്തിലും അവരെ യഹൂദികളേക്കാള്‍ ഇസ്‌ലാമുമായി അകലാന്‍ പ്രേരിപ്പിച്ചു. കഴിഞ്ഞ നാലായിരം വര്‍ഷമായി നിലനില്‍ക്കുന്ന യഹൂദികള്‍ ഏതൊരു മതത്തിന്‍റെയും ആത്മീയ ജീവിതത്തിന്‍റെ നിര്‍ണ്ണായക തത്ത്വം ദൈവത്തിന്‍റെ ഏകത്വമാണെന്ന്‌ചുരുങ്ങിയപക്ഷം ഗ്രഹിച്ചിട്ടുണ്ട്‌. അടിസ്ഥാന തത്വങ്ങളില്‍ ഇങ്ങനെ ഇസ്‌ലാമുമായി അടുത്ത്‌ നിന്നിട്ടും ബഹുഭൂരിപക്ഷം യഹൂദികളും ഇസ്‌ലാമിനെ നിരാകരിച്ചുകൊണ്ടു കഠിന ചിത്തരായി നില്‍ക്കുന്നതിന്‌ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌. യേശുവിനെ മനസ്സിലാക്കാനാവശ്യമായ മനോനിലപാടും സമീപനവും യഹൂദികള്‍ വികസിപ്പിച്ചെടുക്കാത്ത പക്ഷം ഇസ്‌ലാമുമായി ആദര്‍ശപരമായി എത്രതന്നെ സാമ്യമുണ്ടായിരുന്നാലും ക്രിസ്ത്യാനികളെക്കാള്‍ അകലെത്തന്നെ അവര്‍ നിലകൊള്ളുമെന്നാണ്‌ എന്‍റെ പഠനങ്ങളില്‍ നിന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌.

മുഹമ്മദ്‌ നബി(സ)യുമായി അവരെ ബന്ധിപ്പിച്ച സുപ്രധാന കണ്ണിയായിരുന്നു യേശുക്രിസ്തു. ആ കണ്ണി അവര്‍ നഷ്ടപ്പെടുത്തി. ഈ സത്യത്തിന്‍റെ നിഷേധം മനശ്ശാസ്ത്ര പരമായി പുതിയൊരു സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം അവരുടെ ഹൃദയത്തെ കഠിനതരമാക്കിത്തീര്‍ത്തു. ക്രിസ്തു വരികയും പോവുകയും ചെയ്തിട്ടും അവര്‍ ക്രിസ്തുവിനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്‌ തുടരുകയാണ്‌. ഒരിക്കല്‍ അവര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. യേശുവിന്‍റെ രണ്ടാം വരവിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ നിന്നും ബഹുദൂരം അകന്നുനിന്നു. അവരുടെ സ്വപ്നത്തിലുള്ള യേശുവിനെ കാത്തിരിക്കാന്‍ കാലാകാലവും വിധിക്കപ്പെട്ടവരാണവര്‍.