Wednesday, December 29, 2010

ക്രിസ്തുമതത്തിന്‍റെ പരിണാമം




യുക്തിബോധത്തെയും ശാസ്‌ത്രീയ പുരോഗതിയില്‍ നിന്നുത്ഭൂതമാകുന്ന പ്രബുദ്ധതയെയും വെല്ലുവിളിച്ചുകൊണ്ട്‌ കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ക്രിസ്തു മതത്തെ നിലനില്‍ക്കാന്‍ സഹായിച്ചത്‌ യേശുവിന്‍റെ യാഥാര്‍ത്ഥ്യത്തിന് ചുറ്റും നെയ്തെടുത്ത ഇതിഹാസങ്ങളോ ത്രിത്വത്തിന്‍റെ മിഥ്യാ സങ്കല്‍പങ്ങളോആയിരുന്നില്ല. യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌. ആളുകളെ ക്രിസ്തുമതത്തില്‍ ചേര്‍ത്തുനിര്‍ത്തിയത്‌ യേശുവിന്‍റെ ദൈവിക വ്യക്തിത്വമായിരുന്നില്ല. മറിച്ച്‌, ഹൃദയഹാരിയായ അദ്ദേഹത്തിന്‍റെ ദിവ്യമായ സ്വഭാവ ശീലങ്ങളാണ്‌. തന്‍റെ വിശ്വാസാദര്‍ശങ്ങള്‍ മാറ്റാന്‍ വേണ്ടി അതി ഭയാനകമായ പീഡനങ്ങള്‍ നടത്തപ്പെട്ടിട്ടും അതിനെയെല്ലാം തൃണവല്‍ഗണിച്ച്‌ ഉദാത്ത മൂല്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യേശുവിന്‍റെ ഉജ്വലമായ ത്യാഗവും സഹനവും സ്ഥൈര്യവുമായിരുന്നു യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്‍റെ നട്ടെല്ലായി വര്‍ത്തിച്ചത്‌. ഇന്നും അത്‌ വശ്യമനോഹരവും സ്നേഹാര്‍ദ്രവുമാണ്‌. എക്കാലത്തും അത്‌ അങ്ങനെയായിരുന്നു. അത്‌ ക്രിസ്ത്യാനികളുടെ മനസ്സിനെയും ഹൃദയത്തെയും വമ്പിച്ചതോതില്‍ സ്വാധീനിച്ചു. ആയതിനാല്‍ അവര്‍ വഴിപിരിഞ്ഞു പോവാതെ ക്രിസ്തുമതത്തിന്‍റെ യുക്തിഭംഗങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചുകൊണ്ട്‌ കൂടിച്ചേര്‍ന്നു നിന്നു.

കേവലം ദുര്‍ബലനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു. അതില്‍കവിഞ്ഞ്‌ അദ്ദേഹം ഒന്നുമല്ലായിരുന്നു. യേശുവിനെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഇരുട്ടിന്‍റെ ശക്തികളെ അദ്ദേഹം അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു എന്നതിലാണ്‌ യേശുവിന്‍റെ മഹത്ത്വം കുടികൊള്ളുന്നത്‌. യേശുവിന്‍റെ വിജയം ആദം സന്തതികള്‍ക്കാകമാനം അഭിമാനപൂര്‍വ്വം പങ്കിടാവുന്ന ഒന്നാണ്‌.

അതിഘോരമായ അഗ്നിപരീക്ഷണങ്ങള്‍ക്കും തീവ്ര വേദനകള്‍ക്കും മുമ്പില്‍ അചഞ്ചലനായി സഹനപൂര്‍വ്വം നിന്നുകൊണ്ട്‌ മനുഷ്യത്വം പഠിപ്പിച്ച യേശു ആദമിന്‍റെ മഹാന്‍മാരായ സന്താനങ്ങളിലൊരാളാണെന്ന വസ്തുത മുസ്‌ലിം വീക്ഷണ കോണിലൂടെ നാം കണ്ടുകഴിഞ്ഞു. അങ്ങേയറ്റം തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ദൃംഷ്ടങ്ങള്‍ക്കിടയിലും അദ്ദേഹം കീഴടങ്ങാതെ സ്ഥൈര്യപൂര്‍വ്വം നിലകൊണ്ടു. അതായിരുന്നു യേശുവിന്‍റെ പാവനമായ നേട്ടം. യേശു സഹിച്ച യാതനയും വേദനയുമാണ്‌ മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌. അതുപോലെ, മരണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞതും അതുകൊണ്ടാണ്‌. അദ്ദേഹം സ്വേച്ഛയില്‍ മരണം തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ യാതനാ പൂര്‍ണമായ അവസ്ഥയില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനു സമമായി അത്‌ തീരുമായിരുന്നു. എങ്ങനെയാണ്‌ ഒരാള്‍ക്ക്‌ അതിനെ ഒരു ധീര കൃത്യമായി കണക്കാക്കാന്‍ സാധിക്കുക? സാഹചര്യങ്ങ ളുടെ സമ്മര്‍ദ്ദത്തില്‍ പോലും ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതൊരു ഭീരുവിന്‍റെ കൃത്യമായി മാത്രമേ കണക്കാക്കാനാവൂ. പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ മരണത്തിലൂടെ രക്ഷപ്പെടുക എന്നതിനേക്കാള്‍ ജീവിച്ചുകൊണ്ട്‌ സഹനപൂര്‍വ്വം അതിനെ നേരിടലാണ്‌ ഉത്തമമായിട്ടുള്ളത്‌. മനുഷ്യ വംശത്തിനു വേണ്ടി മരണം സ്വയം സ്വീകരിച്ചു കൊണ്ടുള്ള യേശുവിന്‍റെ പരമോന്നത ത്യാഗം എന്നത്‌ വെറും പൊള്ളയായ വൈകാരികത മാത്രമാണ്‌. അന്തസ്സാര ശൂന്യമാണ്‌ ആ സങ്കല്‍പം.

യേശുവിന്‍റെ മഹത്വം അദ്ദേഹത്തിന്‍റെ ജീവിത കാലത്തുള്ള പരമമായ ത്യാഗത്തിലാണ്‌ നിലകൊള്ളുന്നത്‌ എന്ന കാര്യം വീണ്ടും ഊന്നിപ്പറയുന്നു. ജീവിതത്തിലുടനീളം സുഖ ത്തിനും എളുപ്പത്തിനും പകരമായി കടുത്ത യാതനകള്‍ ഏറ്റുവാങ്ങി അദ്ദേഹം പ്രലോഭനങ്ങളെ അതിജീവിച്ചു. ദിനേന അദ്ദേഹം മരണവുമായി ഏറ്റുമുട്ടി. പക്ഷേ അദ്ദേഹം മരണത്തിനുമുമ്പില്‍ നിന്നുകൊടുത്തില്ല. പാപികളെ പരിശുദ്ധ ജീവിതത്തിലേക്ക്‌ ആനയിക്കാന്‍ വേണ്ടി അദ്ദേഹം ജീവിച്ചു. മരണത്തിനു മുമ്പില്‍ സ്വയം അടിയറവ്‌ പറഞ്ഞുകൊണ്ടല്ല അദ്ദേഹം മരണത്തെ കീഴടക്കിയത്‌. മറിച്ച്‌, മരണത്തിനു മുമ്പില്‍ തലകുനിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ്‌ അദ്ദേഹം മരണത്തെ കീഴടക്കിയത്‌. ഒരു സാധാരണ മനുഷ്യന്‍ തകര്‍ന്നു പോകുമായിരുന്ന മരണത്തിന്‍റെ വക്ത്രത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിലേക്ക്‌ വന്നു. മരണത്തെ അദ്ദേഹം വ്യക്തമായും തോല്‍പ്പിച്ചു. അങ്ങനെ യേശു തന്‍റെ സത്യം സ്ഥാപിച്ചു. സന്ദേഹത്തിന്‍റെ ഒരു നിഴല്‍ പോലുമില്ലാത്ത വിധത്തില്‍ അദ്ദേഹത്തിന്‍റെ വചനങ്ങളെല്ലാം സത്യമാണെന്ന്‌ തെളിയിച്ചു.

ഇങ്ങനെയാണ്‌ നാം യേശുവിനെ കാണുന്നത്‌. അതുകൊണ്ടാണ്‌ നാം യേശുവിനെ സ്നേഹിക്കുന്നത്‌. അദ്ദേഹത്തിന്‍റെ വചനം ദൈവത്തിന്‍റെ വചനമായിരുന്നു. ആ വചനങ്ങള്‍ അദ്ദേഹ ത്തിന്‍റെ ദേഹേച്ഛയുടെ വചനങ്ങളായരുന്നില്ല. ദൈവം അദ്ദേഹത്തോട്‌ പറയാന്‍ കല്‍പിച്ചതെന്തോ അത്‌ മാത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌. അതില്‍ കൂട്ടിയോ കുറച്ചോ അദ്ദേഹം പറഞ്ഞില്ല. ജീവിതത്തിലുടനീളം അദ്ദേഹം ദൈവത്തെ ആരാധിച്ചു. ദൈവത്തെ മാത്രം ആരാധിച്ചു. നശ്വരനായ ആര്‍ക്കു മുമ്പിലും അദ്ദേഹത്തിന്‌ തല കുനിക്കണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ മാതാവിനെയോ പരിശുദ്ധാത്മാവിനെയോ അദ്ദേഹം തല കുനിച്ചു വണങ്ങിയില്ല. ഇതാണ്‌ യേശുവിനെ പറ്റിയുള്ള യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എല്ലാ വിഭാഗങ്ങളിലും എല്ലാ വിശ്വാസങ്ങളിലും പെട്ട ക്രിസ്ത്യാനികളെ ഞങ്ങള്‍ ക്ഷണിക്കുന്നു.

മതത്തിന്‍റെ തുടര്‍ച്ച

മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചയിലും അതിന്‍റെ സാര്‍വ്വത്രികതയിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ പ്രവാചകത്വം എന്നത്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ഒരു സാര്‍വ്വത്രിക പ്രതിഭാസമാണെന്ന കാര്യത്തില്‍ ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത്‌. പ്രവാചകന്‍മാര്‍ പ്രവാചക സമൂഹത്തിന്‍റെ അവരുടെ സാകല്യാവസ്ഥയിലാണ്‌ സ്വീകരിക്കപ്പെടുന്നത്‌ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കപ്പെടുന്നത്‌. പ്രവാചക സമൂഹത്തില്‍പ്പെട്ട ഒരാളെ നിഷേധിച്ചാല്‍ അവരെ മുഴുവനും നിഷേധിച്ചതിന്‌ തുല്യമാണ്‌. പ്രവാചകന്‍മാരെല്ലാം ഒരേ സ്രോതസ്സില്‍ നിന്നു സംസാരിച്ചു എന്ന പരിപ്രേക്ഷ്യത്തിലാണ്‌ ഒരാള്‍ പ്രവാചകന്‍മാരെയെല്ലാം അനുസരിക്കുന്നത്‌. പ്രവാ ചകന്‍മാരുടെ അനുസ്യൂതമായ തുടര്‍ച്ച എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സാദൃശ്യമുള്ളതിന്‍റെ ആവര്‍ത്തനം എന്ന നില ക്കാണ്‌ അല്ലാതെ ജീവിപരിണാമം പോലെയുള്ള ഒന്നിന്‍റെ തന്നെ തുടര്‍ച്ച എന്ന നിലക്കല്ല.

നാം പ്രവാചകന്‍മാരുടെ സന്ദേശത്തിന്‍റെ പുരോഗമനാത്മകതയില്‍ വിശ്വസിക്കുന്നു. അതായത്‌ സമസ്ത മാനവീയ മേഖലയെയും സ്പര്‍ശിക്കുന്ന മനുഷ്യ പുരോഗതിയിലേക്ക്‌ ചുവടുവെച്ചുകൊണ്ടുള്ളതാണ്‌ ആ പുരോഗതി. ആദിമകാലത്തെ വെളിപാടു മതങ്ങളെല്ലാം ഒരേതരം മൌലിക അദ്ധ്യാപനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. ആ മതങ്ങള്‍ക്ക്‌ താരതമ്യേന കുറഞ്ഞ മേഖലയില്‍ മാത്രമേ വിശദമായ അദ്ധ്യാപനങ്ങള്‍ നല്‍കിയിട്ടുള്ളൂ. അതായത്‌ കുറഞ്ഞ തോതില്‍ മാത്രമേ വിധിവിലക്കുകള്‍ നടപ്പാക്കിയിട്ടുള്ളൂ എന്ന്‌ ഇതിനെക്കുറിച്ച്‌ പറയാം. ഈ വിധിവിലക്കുകള്‍ ക്രമേണ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമേഖലയിലേക്ക്‌ കൂടുതല്‍ വ്യാപിക്കുകയുണ്ടായി. പൌരാണിക സംസ്കാരങ്ങളിലെ മത ങ്ങള്‍ സ്വയം തന്നെ താരതമ്യേന പ്രത്യേക ഗോത്രത്തിലോ വര്‍ഗ്ഗത്തിലോ പ്രദേശത്തിലോ ഉള്ള ആളുകളെ മാത്രം അഭിസംബോധന ചെയ്യുന്നതായി കാണുന്നു. ഈ സന്ദേശങ്ങള്‍ ആ കാലഘട്ടത്തിലെ ആവശ്യങ്ങളില്‍ മാത്രംപരിമിതമായിരുന്നു. അവയെ ഗോത്രീയമോ, വര്‍ഗ്ഗപരമോ, ദേശീയമോ ആയ മതങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ഇസ്രയേല്‍ സന്തതികളും യാഹൂദാദ്ധ്യാപനങ്ങളും ഇതിനു പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണ്‌.

മതങ്ങളുടെ വികസനത്തിന്‍റെ ചരിത്രപരമായ പ്രവണതകള്‍ രണ്ടുവിധത്തില്‍ സംഗ്രഹിക്കാം.

1. മതാദ്ധ്യാപനങ്ങളുടെ പുരോഗമനാത്മകമായ വിസ്താരണം.

2. ചെറിയ വിഭാഗങ്ങളില്‍ നിന്നു വലിയ വിഭാഗങ്ങളിലേക്കുള്ള പുരോഗമനാത്മകമായ മാറ്റം.

മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ച എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആദം നബിക്ക്‌ വെളിപ്പെട്ട അതേ മതം തന്നെ തുടര്‍ച്ചയായി മനുഷ്യസമൂഹത്തിന്‌ നല്‍കിക്കൊണ്ട്‌ പുരോഗമനാത്മകമായ മാറ്റവും വൈപുല്യവും വരുത്തുക എന്നതല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള നാഗരികതകള്‍ വേരു പിടിക്കുകയും പുഷ്ക്കലമാവുകയും ചെയ്തിട്ടുണ്ട്‌. സാമൂഹിക വികസനത്തിനനുസൃതമായ വിധത്തില്‍ ദിവ്യ വെളിപാടുകളിലൂടെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മതങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.

മതവികാസത്തിന്‍റെ പുരോഭാഗം

ലോകമതങ്ങളുടെ പരിണാമത്തില്‍ മുഖ്യധാരയായി വര്‍ത്തിച്ച പ്രധാന മതങ്ങളെല്ലാം പിറന്നുവീണതും പരിപോഷിപ്പിക്കപ്പെട്ടതും പരിഷ്കരിക്കപ്പെട്ടതും മധ്യപൌരസ്ത്യ ദേശത്തിലാണെന്ന്‌ നാം വിശ്വസിക്കുന്നു. ഇക്കാര്യം മതങ്ങളുടെ ചരിത്ര പഠനത്തില്‍ വളരെ പ്രകടമാണ്‌. യഹൂദ മതത്തെ പിന്തുടര്‍ന്ന്‌ ക്രിസ്തുമതവും അതിനെത്തുടര്‍ന്നു വന്ന ഇസ്‌ലാം മതവും മതാദ്ധ്യാപനങ്ങളുടെ പരിണാമ ദിശാമാര്‍ഗ്ഗം വ്യക്തമായും സൂചിപ്പിക്കുന്നു. ഈ മതങ്ങളുടെ വികാസ പരിണാമ ചരിത്രങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്‌. ആ മതങ്ങളെല്ലാം അഗാധമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. ഇത്‌ ഏറ്റവും സുപ്രധാനമായൊരു കാര്യമാണ്‌. മതാദ്ധ്യാപനങ്ങളുടെ ക്രമപ്രവൃദ്ധമായ ഈ ബൃഹദ്പദ്ധതിയിലൂടെ സംഭവിക്കേണ്ടിയിരുന്നതും സംഭവിച്ചതും ഒരു സാര്‍വ്വത്രിക മതത്തിന്‍റെ രൂപീകരണമായിരുന്നു. അതാണ്‌ ഇസ്‌ലാം മതം.

ഈ പശ്ചാത്തലത്തില്‍ ജൂതന്‍മാര്യാതൊരു മുന്‍വിധിയുമില്ലാതെ ഗൌരവപൂര്‍വ്വം യേശുക്രിസ്തുവിന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. അദ്ദേഹത്തെ മനസ്സിലാക്കുന്നതില്‍ ജൂത മതസ്ഥര്‍ പരാജയപ്പെടു മ്പോള്‍ പരിണാമ ചരിത്രത്തില്‍ കണ്ണിയറ്റു കുഴിച്ചു മൂടപ്പെടുന്ന ജീവികളെപ്പോലെ പരിപൂര്‍ത്തിയിലേക്ക്‌ കുതിക്കുന്ന പരിണാമ ശൃംഖലയില്‍ സജീവമായ ഒരു കണ്ണിയായി വര്‍ത്തിക്കാന്‍ ജൂത മതത്തിന്‌ കഴിയാതെ വരുന്നു. അങ്ങനെ അതിന്‍റെ സങ്കുചിതമായ അസ്തിത്വ വൃത്തത്തില്‍ മാത്രം തുടര്‍ന്നും നില നില്‍ക്കുന്ന ചരിത്രത്തിന്‍റെ അവശേഷിപ്പായി ആ മതം തുടരുന്നു.

വീണ്ടും ക്രിസ്ത്യാനികളുടെകാര്യം ഇവിടെ പരാമര്‍ശിക്കുകയാണ്‌. അവരുടെ കാര്യവും യഹൂദികളുടേത്‌പോലെ തന്നെയാണ്‌. കാലഗണനാക്രമത്തില്‍ ക്രിസ്ത്യാനികള്‍ യഹൂദികളേക്കാള്‍ ഒരു പടികൂടി ഇസ്ളാമുമായി അടുത്തുനില്‍ക്കുന്നു. എന്നാല്‍ മറ്റൊരു പ്രധാനകാര്യം ശ്രദ്ധേയമാണ്‌. യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജീര്‍ണ്ണതയിലേക്കുള്ള മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ വാസ്തവത്തില്‍ സെന്‍റ്‌ പോളായിരുന്നു. ഇത്‌ എല്ലാ പ്രകാരത്തിലും അവരെ യഹൂദികളേക്കാള്‍ ഇസ്‌ലാമുമായി അകലാന്‍ പ്രേരിപ്പിച്ചു. കഴിഞ്ഞ നാലായിരം വര്‍ഷമായി നിലനില്‍ക്കുന്ന യഹൂദികള്‍ ഏതൊരു മതത്തിന്‍റെയും ആത്മീയ ജീവിതത്തിന്‍റെ നിര്‍ണ്ണായക തത്ത്വം ദൈവത്തിന്‍റെ ഏകത്വമാണെന്ന്‌ചുരുങ്ങിയപക്ഷം ഗ്രഹിച്ചിട്ടുണ്ട്‌. അടിസ്ഥാന തത്വങ്ങളില്‍ ഇങ്ങനെ ഇസ്‌ലാമുമായി അടുത്ത്‌ നിന്നിട്ടും ബഹുഭൂരിപക്ഷം യഹൂദികളും ഇസ്‌ലാമിനെ നിരാകരിച്ചുകൊണ്ടു കഠിന ചിത്തരായി നില്‍ക്കുന്നതിന്‌ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌. യേശുവിനെ മനസ്സിലാക്കാനാവശ്യമായ മനോനിലപാടും സമീപനവും യഹൂദികള്‍ വികസിപ്പിച്ചെടുക്കാത്ത പക്ഷം ഇസ്‌ലാമുമായി ആദര്‍ശപരമായി എത്രതന്നെ സാമ്യമുണ്ടായിരുന്നാലും ക്രിസ്ത്യാനികളെക്കാള്‍ അകലെത്തന്നെ അവര്‍ നിലകൊള്ളുമെന്നാണ്‌ എന്‍റെ പഠനങ്ങളില്‍ നിന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌.

മുഹമ്മദ്‌ നബി(സ)യുമായി അവരെ ബന്ധിപ്പിച്ച സുപ്രധാന കണ്ണിയായിരുന്നു യേശുക്രിസ്തു. ആ കണ്ണി അവര്‍ നഷ്ടപ്പെടുത്തി. ഈ സത്യത്തിന്‍റെ നിഷേധം മനശ്ശാസ്ത്ര പരമായി പുതിയൊരു സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം അവരുടെ ഹൃദയത്തെ കഠിനതരമാക്കിത്തീര്‍ത്തു. ക്രിസ്തു വരികയും പോവുകയും ചെയ്തിട്ടും അവര്‍ ക്രിസ്തുവിനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്‌ തുടരുകയാണ്‌. ഒരിക്കല്‍ അവര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. യേശുവിന്‍റെ രണ്ടാം വരവിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ നിന്നും ബഹുദൂരം അകന്നുനിന്നു. അവരുടെ സ്വപ്നത്തിലുള്ള യേശുവിനെ കാത്തിരിക്കാന്‍ കാലാകാലവും വിധിക്കപ്പെട്ടവരാണവര്‍.

10 comments:

Salim PM said...

യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌. ആളുകളെ ക്രിസ്തുമതത്തില്‍ ചേര്‍ത്തുനിര്‍ത്തിയത്‌ യേശുവിന്‍റെ ദൈവിക വ്യക്തിത്വമായിരുന്നില്ല. മറിച്ച്‌, ഹൃദയഹാരിയായ അദ്ദേഹത്തിന്‍റെ ദിവ്യമായ സ്വഭാവ ശീലങ്ങളാണ്‌.

Manoj മനോജ് said...

അപ്പോള്‍ ഇസ്ലാമിന് ശേഷം വന്ന ബഹായിയെ അംഗീകരിക്കുന്നുണ്ടോ? ബഹായികളെ അംഗീകരിക്കാത്തിടത്തോളം താങ്കള്‍ ജൂതരിലും ക്രിസ്ത്യാനികളിലും “ആരോപിച്ച” അതേ അവസ്ഥ ഇസ്ലാമും പിന്തുടരുന്നു എന്നതല്ലേ ശരി. മുന്‍പുള്ളവരെ അംഗീകരിച്ച് തങ്ങള്‍ക്ക് പിന്നാലെ വരുന്നവയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് അബ്രഹാമിക്ക് മതങ്ങളുടെ പ്രത്യേകത മാത്രമാണോ! ലേഖനത്തില്‍ ചൂണ്ടി കാട്ടുന്നത് പോലെ അത് സ്വന്തം മതത്തിന് മങ്ങലേല്‍ക്കും എന്ന പുരോഹിത വര്‍ഗ്ഗത്തിന്റെ “പേടി” കൊണ്ടുണ്ടാകുന്നതല്ലേ!

“മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ച എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആദം നബിക്ക്‌ വെളിപ്പെട്ട അതേ മതം തന്നെ തുടര്‍ച്ചയായി മനുഷ്യസമൂഹത്തിന്‌ നല്‍കിക്കൊണ്ട്‌ പുരോഗമനാത്മകമായ മാറ്റവും വൈപുല്യവും വരുത്തുക എന്നതല്ല.”
എന്ന് പറഞ്ഞ് വെയ്കുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

Salim PM said...

മനോജ്,
ലേഖനം ശ്രദ്ധയോടെ വായിച്ചതിന് ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു.

ബഹായി ധര്‍മ്മത്തെക്കുറിച്ചുള്ള താങ്കളുടെ ചോദ്യം പ്രസക്തം തന്നെ. ബഹായി ധര്‍മ്മത്തെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. ബഹായികളുമായി നിരവധി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ലേഖനത്തില്‍ പറഞ്ഞത് പോലെ മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചയിലും അതിന്‍റെ സാര്‍വ്വത്രികതയിലും ഞാന്‍ വിശ്വസിക്കുന്നു. പ്രവാചകത്വം എന്നത്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ഒരു സാര്‍വ്വത്രിക പ്രതിഭാസമാണ്. പക്ഷേ, ബഹായിസത്തെക്കുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്, ബഹാഉള്ള പ്രവാചകത്വമല്ല വാദിച്ചത് എന്നാണ്. അദ്ദേഹം ദൈവത്തിന്‍റെ അവതാരം എന്ന നിലയിലുള്ള ഒരു വാദമാണ് ഉന്നയിച്ചത്. ബഹായികളുടെ മാസികയായ Kaukab-e-Hind - ല്‍ പറയുന്നത് നോക്കുക:

"The Baha’is hold that the epoch of prophethood has come to an end. They hold that prophethood has come to an end even among the followers of Muhammad. But of course they do not hold that the Power of God has come to an end. Therefore they accept a new manifestation of the power, which goes a step beyond prophethood, implying thereby the end of the epoch of prophethood.
This is the reason why the Bha’is never say that prophethood has not ended and that the Promised One of all the religions is a nabi or rasul. What they say is this that advent was a Mustaqil Khuda’i Zahur"

ഇത്തരം ഒരു വിശ്വാസം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇതിനു പുറമെ ബഹായികളുടെ പല അധ്യാപനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാനി എനിക്ക് കാണാന്‍ സാധിച്ചു. വിശദമായ ഒരു ചര്‍ച്ച ഇവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

Salim PM said...

Manoj മനോജ് said...

“മതങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ച എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആദം നബിക്ക്‌ വെളിപ്പെട്ട അതേ മതം തന്നെ തുടര്‍ച്ചയായി മനുഷ്യസമൂഹത്തിന്‌ നല്‍കിക്കൊണ്ട്‌ പുരോഗമനാത്മകമായ മാറ്റവും വൈപുല്യവും വരുത്തുക എന്നതല്ല.”

എന്ന് പറഞ്ഞ് വെയ്കുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത്?


ആദം നബി മുഖേന അക്കാലത്തെ മനുഷ്യര്‍ക്ക് നല്‍കപ്പെട്ട നിയമ വ്യവസ്ഥ പ്രാകൃതമായ ഒരു ജീവിത വ്യവസ്ഥയ്ക്ക് വേണ്ടിയുള്ളതായിരുന്നു. നാഗരികതയുടെ ബാല പാഠങ്ങളായിരുന്നു ആദം നബിയിലൂടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്ക് നല്‍കപ്പെട്ടിരുന്നത്. ഉദാഹരനത്തിന് വസ്ത്രം ധരിക്കുക, സമൂഹമായി ജീവിക്കുക തുടങ്ങിയവ.

മനുഷ്യന്‍ പുരോഗതി പ്രാപിക്കുന്നതിനനുസരിച്ച് പിന്നീട് നിയുക്തരായ പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യര്‍ക്ക് കലാസൃതമായ, പുരോഗനാത്മകമായ പാഠങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അത് ആദം നബിക്ക് നല്‍കിയ നിയമ വ്യവസ്ഥയില്‍ നിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചവയായിരുന്നു.

കൈചൂണ്ടി...... said...

"പക്ഷേ, ബഹായിസത്തെക്കുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്, ബഹാഉള്ള പ്രവാചകത്വമല്ല വാദിച്ചത് എന്നാണ്. അദ്ദേഹം ദൈവത്തിന്‍റെ അവതാരം എന്ന നിലയിലുള്ള ഒരു വാദമാണ് ഉന്നയിച്ചത്. ബഹായികളുടെ മാസികയായ Kaukab-e-Hind - ല്‍ പറയുന്നത് നോക്കുക:" അപ്പോള്‍ പ്രാവാച്ചകത്വമായിരുന്നെങ്കില്‍ അങ്ങോട്ടു സമ്മതിച്ചു കൊടുക്കുമായിരുന്നു...കല്‍ക്കിയുടെ ഉത്തരം കലക്കി....
"യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌. ആളുകളെ ക്രിസ്തുമതത്തില്‍ ചേര്‍ത്തുനിര്‍ത്തിയത്‌ യേശുവിന്‍റെ ദൈവിക വ്യക്തിത്വമായിരുന്നില്ല. മറിച്ച്‌, ഹൃദയഹാരിയായ അദ്ദേഹത്തിന്‍റെ ദിവ്യമായ സ്വഭാവ ശീലങ്ങളാണ്‌"
എന്തായിരുന്നു യേശുക്രിസ്തുവിന്‍റെ അദ്യാപനങ്ങള്‍? അതെല്ലാം ഖുറാനില്‍ ഉണ്ടോ?
യേശുക്രിസ്തുവിന് ഇന്‍ജീല്‍ കൊടുത്തു ഇന്‍ജീല്‍ കൊടുത്തു എന്നെല്ലാം ഖുറാന്‍ പറയുന്നുണ്ടല്ലോ? എന്തായിരുന്നു അദ്ദേഹത്തിന് കൊടുത്ത ഇന്ജീലിന്റെ ഉള്ളടക്കം? വല്ല പിടിയും ഉണ്ടോ? ബൈബിള്‍ കൈ കടത്തി നാശമാക്കി എന്ന് പറയുന്നു? അപ്പോഴും ആധികാര്യതക്ക് വേണ്ടി പലപ്പോഴും ബൈബിള്‍ വാക്ക്യങ്ങള്‍ നിരത്തുന്നു. ഇതൊരു ഇരട്ട താപ്പല്ലേ?
"കേവലം ദുര്‍ബലനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു. അതില്‍കവിഞ്ഞ്‌ അദ്ദേഹം ഒന്നുമല്ലായിരുന്നു." ഇതാണ് അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് പറയുന്നതിന് ഒരു ഉദാഹരണം. ഖുറാന്‍ തന്നെ പറയുന്നു യേശു ക്രിസ്തു പിറന്നു വീണ ഉടനെ സംസാരിച്ചു എന്ന്. ഖുറാനില്‍ പറയുന്നു അവന്‍ പാണ്ടുരോഗികള്‍ക്ക് സൌഖ്യം കൊടുത്തു എന്ന്. മുഹമ്മദു നബി ഒരൊറ്റ അത്ഭുതവും ചെയ്തതായി ഖുറാനില്‍ ഇല്ല എന്ന് മാത്രമല്ല താന്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രം എന്നുമാണ് പറയുന്നത്. എന്നാല്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയാത്ത മുഹമ്മദു നബിയെ അസാധാരണ മനുഷ്യന്‍ ആക്കി അത്ഭുതങ്ങള്‍ ചെയ്ത ഈസാ നബിയെ 'കേവലം ദുര്‍ബലനായ ഒരു മനുഷ്യന്‍ മാത്രം എന്നും പറയുമ്പോള്‍ ഖുര്‍ആനിന്റെയും അത് പോക്കിപിടിച്ചു നടക്കുന്ന വിശ്വാസികളുടെയും ഗതികേട് ഓര്‍ത്തു സഹതപിക്കാനേ കഴിയൂ....

Unknown said...

ഇതിനും മറുപടി പറയാന്‍ ഇറങ്ങിത്തിരിക്കുന്നത്‌ ഇസ്ടമുണ്ടയിട്ടല്ല, നിങ്ങളുടെ വികലമായ ചിന്താ ഗതിയെ ഒരു തരത്തിലും സ്വാധീനിക്കാം എന്നുള്ള വ്യാമൊഹവുമില്ല . പക്ഷെ ഈ സൈറ്റ് കാണുന്നവര്‍ ഇതാണ് സത്യം ഇത് മാത്രമാണ് സത്യം എന്ന വലിയ തെറ്റില്‍ വീഴാതിരിക്കാന്‍ മാത്രം.
"യുക്തിബോധത്തെയും ശാസ്‌ത്രീയ പുരോഗതിയില്‍ നിന്നുത്ഭൂതമാകുന്ന പ്രബുദ്ധതയെയും വെല്ലുവിളിച്ചുകൊണ്ട്‌ കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ക്രിസ്തു മതത്തെ നിലനില്‍ക്കാന്‍ സഹായിച്ചത്‌ യേശുവിന്‍റെ യാഥാര്‍ത്ഥ്യത്തിന് ചുറ്റും നെയ്തെടുത്ത ഇതിഹാസങ്ങളോ ത്രിത്വത്തിന്‍റെ മിഥ്യാ സങ്കല്‍പങ്ങളോആയിരുന്നില്ല. യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌." ഇത് പുകഴ്തലാണോ ഇകഴ്തലനൊ എന്നു മനസ്സിലാവുന്നില്ല. "യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയും" നില നില്‍ക്കുന്നത് ത്രിത്വത്തിന്‍റെ യഥാര്‍ത്ഥ ബോധ്യത്തില്‍ നിന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ ദിവ്യമായ സ്വഭാവശീലത്തിന്റെ അടിസ്ഥാനം യേശുവിന്‍റെ ദൈവിക വ്യക്തിത്വമായിരുന്നു.
യേശുവിന്‍റെ ഉജ്വലമായ ത്യാഗവും സഹനവും സ്ഥൈര്യവും കണ്ടെത്തിയ സഹോദരന്‍ അദ്ദേഹത്തെ "കേവലം ദുര്‍ബലനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു. അതില്‍കവിഞ്ഞ്‌ അദ്ദേഹം ഒന്നുമല്ലായിരുന്നു" എന്ന പ്രസ്താവന ഇരിക്കുന്ന കൊമ്പ് മുറിക്കനായിരുന്നോ അതോ സ്വയം എന്ത് നിലപാടാണ് എടുക്കണ്ടത് എന്നറിയാതെ വിഷമിക്കുക ആണോ?
"അതിഘോരമായ അഗ്നിപരീക്ഷണങ്ങള്‍ക്കും തീവ്ര വേദനകള്‍ക്കും മുമ്പില്‍ അചഞ്ചലനായി സഹനപൂര്‍വ്വം നിന്ന " യേശുവിനെ "മുസ്‌ലിം വീക്ഷണ കോണിലൂടെ നാം കണ്ടുകഴിയുമ്പോള്‍ അദ്ദേഹം ദുര്‍ബലനവുന്നത്ങ്ങിനെ എന്നു മനസ്സിലാവുന്നില്ല. ഈ ദുര്‍ബല മനുഷ്യന്‍ "അങ്ങേയറ്റം തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ദൃംഷ്ടങ്ങള്‍ക്കിടയിലും അദ്ദേഹം കീഴടങ്ങാതെ സ്ഥൈര്യപൂര്‍വ്വം" നിലകൊണ്തത്രെ !!

എന്തായാലും ഈ ദുര്‍ബല മനുഷ്യന്‍ കുരിശില്‍ മരിച്ചാല്‍ അത് രക്ഷ്പെടലും (ആത്മഹത്യ!!) മരിക്കാതെ ഒരു പത്തു പതിനഞ്ചു വര്ഷം കിടന്നിരുന്നെന്ല്കില്‍ വലിയ അടയാളവും ആയിരുന്നേനെ അല്ലെ? യേശുവിന്റെ മനുഷ്യാവതാര ലക്‌ഷ്യം തന്നെ പീഡകളേററ് മരിച്ചു മനുഷ്യ കുലത്തില്‍ രക്ഷ പ്രാപിക്കനഗ്രഹിക്കുന്നവരെ രക്ഷിക്കുകയാണ്. ഒരു ഒളിച്ചോട്ടം (താങ്ങള്‍ പറയുന്നത് പോലെ മരണത്തിലേക്കുള്ളതല്ല - കുരിശില്‍ നിന്നും ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടം) നടത്തിയാല്‍ എഴുതപ്പെട്ടവയുടെ പൂര്ത്തീകരണം എങ്ങിനെ സാധിക്കും?

യേശുവിന്റെ രക്ഷാകര പ്രവര്‍ത്തനത്തെ "ആത്മഹത്യ" എന്ന നിസ്സരവത്ക്കരണം എനിക്കിഷ്ടപ്പെട്ടു. എന്റെ കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ അവരെ രക്ഷിക്കാന്‍ ഞാന്‍ ജീവന്‍ കളയുന്നു എങ്കില്‍ അതും ആത്മഹത്യ ആണ് എന്നു പറയുന്ന ആദ്യത്തെ വ്യക്തി ആവും താങ്ങള്‍. അറിയുന്നതിനെ മറച്ചു വച്ച് കള്ളം പറയുന്നവന് നിങ്ങള്‍ക്കിടയില്‍ ഒരു പേരുണ്ടല്ലോ, ആതാവതിരിക്കുക.
"അന്തസ്സാര ശൂന്യമാണ്‌ ആ സങ്കല്‍പം."
ഇക്കാര്യം വിജ്ഞാനികളില്‍ നിന്നും മറച്ചു വച്ചു എന്നു പറയപ്പെട്ടത് നിങ്ങളെ കുരിചാനാവോ ?
"യേശുവിന്‍റെ മഹത്വം അദ്ദേഹത്തിന്‍റെ ജീവിത കാലത്തുള്ള പരമമായ ത്യാഗത്തിലാണ്‌ നിലകൊള്ളുന്നത്‌ എന്ന കാര്യം വീണ്ടും ഊന്നിപ്പറയുന്നു" ഈ ത്യാഗത്തിനെ അതിന്റെ പരമ കാഷ്ടയിലെത്തിക്കാന്‍ (മരണത്തിലൂടെ) നമ്മള്‍ അനുവദിക്കുകയില്ല!! എവിടെ വരെ എന്നു നമ്മള്‍ പറയും ത്യാഗത്തിന്റെ limit എന്നു !! "മരണത്തിനു മുമ്പില്‍ തലകുനിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ്‌ അദ്ദേഹം മരണത്തെ കീഴടക്കിയത്‌." എന്നിട്ടും മരിച്ചു!! (എങ്ങിനെ എന്നു അറിയില്ല എങ്കിലും)
"സന്ദേഹത്തിന്‍റെ ഒരു നിഴല്‍ പോലുമില്ലാത്ത വിധത്തില്‍ അദ്ദേഹത്തിന്‍റെ വചനങ്ങളെല്ലാം സത്യമാണെന്ന്‌ തെളിയിച്ചു." ഈ വചനങ്ങള്‍ ബൈബിളിലെ ആണോ അതോ ഖുരനിലെയോ അതോ രണ്ടിലെയുമോ?
"പ്രവാചകത്വം എന്നത്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ഒരു സാര്‍വ്വത്രിക പ്രതിഭാസമാനു" എന്നിട്ടും മുഹമ്മദു നബിക്ക് ശേഷം ആരും വന്നതായി അറിവില്ല!!

"യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജീര്‍ണ്ണതയിലേക്കുള്ള മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ വാസ്തവത്തില്‍ സെന്‍റ്‌ പോളായിരുന്നു. ഇത്‌ എല്ലാ പ്രകാരത്തിലും അവരെ യഹൂദികളേക്കാള്‍ ഇസ്‌ലാമുമായി അകലാന്‍ പ്രേരിപ്പിച്ചു." നാല്ലൊരു വീക്ഷണം!! നീയല്ലെങ്കില്‍ നിന്റെ അച്ഛനായിരിക്കും അരുവി കലക്കിയത് എന്ന ആട്ടിന്കുട്ടിയോടുള്ള ചെന്നായുടെ വാദം പോലെ എത്ര നിഷ്കളങ്കം!! 600 വര്‍ഷങ്ങള്‍ക്കു മുന്‍പേ സെന്‍റ്‌ പോള്‍ തനിക്കു പിന്‍പേ വരുന്ന ഒരു മതത്തില്‍ നിന്നും ക്രിസ്താനികള്‍ അകലണമെന്നു പ്രേരണ ചെലുത്തിയത്രേ!!

Salim PM said...

{{{Bobs said... യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയുമാണ്‌ ക്രിസ്തുമത ത്തിന്‍റെ സത്യത്തെയും സാരത്തെയും നിലനിര്‍ത്തിയത്‌." ഇത് പുകഴ്തലാണോ ഇകഴ്തലനൊ എന്നു മനസ്സിലാവുന്നില്ല.}}}

തീര്‍ച്ചയായും പുകഴ്ത്തല്‍ തന്നെ. യേശുവിന്‍റെ യഥാര്‍ഥ അധ്യാപനങ്ങല്‍ക്കുള്ള പുകഴ്ത്തല്‍.

{{{Bobs said... "യേശുവിന്‍റെ ആളത്വത്തിന്‍റെ സൌന്ദര്യവും അദ്ധ്യാപനങ്ങളുടെ ചാരുതയും" നില നില്‍ക്കുന്നത് ത്രിത്വത്തിന്‍റെ യഥാര്‍ത്ഥ ബോധ്യത്തില്‍ നിന്ന് മാത്രമാണ്.}}}

എന്താണ് ഈ "ത്രിത്വത്തിന്‍റെ യഥാര്‍ത്ഥ ബോധ്യത്തില്‍" നിന്ന് മാത്രമാണ്. അതെന്താണെന്ന് വ്യക്തമാക്കാമോ?

{{{Bobs said... "അതിഘോരമായ അഗ്നിപരീക്ഷണങ്ങള്‍ക്കും തീവ്ര വേദനകള്‍ക്കും മുമ്പില്‍ അചഞ്ചലനായി സഹനപൂര്‍വ്വം നിന്ന " യേശുവിനെ "മുസ്‌ലിം വീക്ഷണ കോണിലൂടെ നാം കണ്ടുകഴിയുമ്പോള്‍ അദ്ദേഹം ദുര്‍ബലനവുന്നത്ങ്ങിനെ എന്നു മനസ്സിലാവുന്നില്ല. ഈ ദുര്‍ബല മനുഷ്യന്‍ "അങ്ങേയറ്റം തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ദൃംഷ്ടങ്ങള്‍ക്കിടയിലും അദ്ദേഹം കീഴടങ്ങാതെ സ്ഥൈര്യപൂര്‍വ്വം" നിലകൊണ്തത്രെ !!}}}


ഇതെ എല്ലാ പ്രവാചക്ന്മാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുല്ല പരീക്ഷണങ്ങള്‍ മാത്രമാണ്. യേശുവിന് ഒരു സവിശേഷതയും ഇവിടെ ഇല്ല.

{{{Bobs said... എന്തായാലും ഈ ദുര്‍ബല മനുഷ്യന്‍ കുരിശില്‍ മരിച്ചാല്‍ അത് രക്ഷ്പെടലും (ആത്മഹത്യ!!) മരിക്കാതെ ഒരു പത്തു പതിനഞ്ചു വര്ഷം കിടന്നിരുന്നെന്ല്കില്‍ വലിയ അടയാളവും ആയിരുന്നേനെ അല്ലെ?}}}

ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും ചതികളില്‍ നിന്നു രക്ഷപ്പെടുക എന്നതു തന്നെയാണ് പ്രവാചകന്മാരടെ സത്യതയ്ക്കുള്ള ദൃഷ്ടാന്തം. അല്ലാതെ അവരുടെ കയ്യാലെ കൊല്ലപ്പെടുക എന്നത് ഒരു മഹത്വമല്ല.

{{{Bobs said...യേശുവിന്റെ രക്ഷാകര പ്രവര്‍ത്തനത്തെ "ആത്മഹത്യ" എന്ന നിസ്സരവത്ക്കരണം എനിക്കിഷ്ടപ്പെട്ടു. എന്റെ കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ അവരെ രക്ഷിക്കാന്‍ ഞാന്‍ ജീവന്‍ കളയുന്നു എങ്കില്‍ അതും ആത്മഹത്യ ആണ് എന്നു പറയുന്ന ആദ്യത്തെ വ്യക്തി ആവും താങ്ങള്‍.}}}


കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ അവരെ ആ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള പ്രയത്നത്തില്‍ ജീവന്‍ വെടിയേണ്ടി വന്നാല്‍ അതിനെ രക്തസാക്ഷിത്വം എന്നു നമുക്ക് പറയാം. മറിച്ച് കുട്ടികള്‍ അപകടത്തില്‍ പെടുന്നതു കണ്ട് ഒരു കയറുമെടുത്ത് പോയി തൂങ്ങിച്ചത്താല്‍ അതിനെ ഭീരുത്വം എന്നാണ് പറയുക.

{{{Bobs said..."പ്രവാചകത്വം എന്നത്‌ ലോകത്ത്‌ എല്ലായിടത്തുമുള്ള ഒരു സാര്‍വ്വത്രിക പ്രതിഭാസമാനു" എന്നിട്ടും മുഹമ്മദു നബിക്ക് ശേഷം ആരും വന്നതായി അറിവില്ല!!}}}

അന്വേഷിപ്പിന്‍ കണ്ടെത്തും.

{{{Bobs said...യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജീര്‍ണ്ണതയിലേക്കുള്ള മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ വാസ്തവത്തില്‍ സെന്‍റ്‌ പോളായിരുന്നു. ഇത്‌ എല്ലാ പ്രകാരത്തിലും അവരെ യഹൂദികളേക്കാള്‍ ഇസ്‌ലാമുമായി അകലാന്‍ പ്രേരിപ്പിച്ചു." നാല്ലൊരു വീക്ഷണം!! നീയല്ലെങ്കില്‍ നിന്റെ അച്ഛനായിരിക്കും അരുവി കലക്കിയത് എന്ന ആട്ടിന്കുട്ടിയോടുള്ള ചെന്നായുടെ വാദം പോലെ എത്ര നിഷ്കളങ്കം!! 600 വര്‍ഷങ്ങള്‍ക്കു മുന്‍പേ സെന്‍റ്‌ പോള്‍ തനിക്കു പിന്‍പേ വരുന്ന ഒരു മതത്തില്‍ നിന്നും ക്രിസ്താനികള്‍ അകലണമെന്നു പ്രേരണ ചെലുത്തിയത്രേ!!}}}


ഈ വാചകത്തില്‍ നിന്ന് സെന്‍റ്‌ പോള്‍ ഇസ്‌ലാമിന്‍റെ ആവിര്‍ഭാവം മു‌കൂട്ടി കണ്ട് അതില്‍ നിന്ന് ക്രിസ്ത്യാനികളെ അകറ്റാന്‍ പ്രാരണ ചെലുത്തി എന്ന് വ്യാഖ്യാനിക്കുന്ന താങ്കളുടെ ബുദ്ധി അപാരം തന്നെ!

Unknown said...

Salim PM said..."തീര്‍ച്ചയായും പുകഴ്ത്തല്‍ തന്നെ. യേശുവിന്‍റെ യഥാര്‍ഥ അധ്യാപനങ്ങല്‍ക്കുള്ള പുകഴ്ത്തല്‍."
ഈ യഥാര്‍ഥ അട്യാപനങ്ങള്‍ പിന്നീടു വന്ന ഖുറാന്‍ തള്ളിക്കളഞ്ഞത് എന്ത്കൊണ്ടാണ്? കൊല്ലരുതെന്നും ശത്രുക്കളോട പോലും ക്ഷമിക്കണം എന്നും ആഹ്വാനം ചെയ്ത അധ്യാപനങ്ങളെ തള്ളി കൊലപാതകത്തിന്റെ പുതിയ സംസ്കാരം പഠിപ്പിച്ചത് അത് ഉന്നതം അല്ലത്തതിനാലോ അതോ യഥാര്‍ഥമല്ലത്തതിനാലോ? അവിശ്വാസികളെ വധിച്ചാല്‍ സ്വര്‍ഗരാജ്യ വാഗ്ദാനം ഉണ്ട് ഖുറാനില്‍ എന്നാ അറിവില്‍ ആണു ഇത് പറയുന്നത്.

Salim PM said..."എന്താണ് ഈ "ത്രിത്വത്തിന്‍റെ യഥാര്‍ത്ഥ ബോധ്യത്തില്‍" നിന്ന് മാത്രമാണ്. അതെന്താണെന്ന് വ്യക്തമാക്കാമോ?"
അതിനു മുന്‍പ് താങ്ങള്‍ മനസ്സിലാക്കിയ ത്രിത്വത്തിന്‍റെ മിഥ്യാ സങ്കല്‍പമേന്തനെന്നു പറയാമോ?
എനിക്ക് ബോധ്യമായവയെ താങ്ങള്‍ക്ക്‌ മനസ്സിലാക്കി തരാന്‍ ശ്രമിക്കാം. എങ്കിലും വായു എന്തെന്ന് അനുഭവിച്ചരിയാത്ത ആളെ അത് ബോധ്യമാക്കുന്ന വിഷമം എനിക്കുണ്ടാവും.


Salim PM said..."ഇതെ എല്ലാ പ്രവാചക്ന്മാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുല്ല പരീക്ഷണങ്ങള്‍ മാത്രമാണ്. യേശുവിന് ഒരു സവിശേഷതയും ഇവിടെ ഇല്ല."
മറ്റു പ്രവചകര്‌ക്കു കിട്ടിയ സമാന പരീക്ഷണങ്ങള്‍ ഒന്ന് വിവരിച്ചാല്‍ കൊള്ളാം !!

Salim PM said..."ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും ചതികളില്‍ നിന്നു രക്ഷപ്പെടുക എന്നതു തന്നെയാണ് പ്രവാചകന്മാരടെ സത്യതയ്ക്കുള്ള ദൃഷ്ടാന്തം. അല്ലാതെ അവരുടെ കയ്യാലെ കൊല്ലപ്പെടുക എന്നത് ഒരു മഹത്വമല്ല."

ഇവിടെ വീണ്ടും താങ്ങള്‍ അവഹേളിച്ച തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് മനസ്സിലാകാത്ത അതേ രക്ഷാകര കര്‍മ്മമാണ്‌ നടക്കേണ്ടത്‌ . അതിനു മരണവും ഉത്ഥാനവും ആവശ്യമായിരുന്നു.

ഒരു ചോദ്യം മനുഷ്യവര്‍ഗം പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്നും ആദം നബി തന്റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടു എന്നതും ഖുറാനില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ രണ്ടു മനുഷ്യരുടെ പാപം എന്തുകൊണ്ട് കോടാനുകോടി മനുസ്യരിലേക്ക് പകരപ്പെട്ടു?

Salim PM said..."ഒരു കയറുമെടുത്ത് പോയി തൂങ്ങിച്ചത്താല്‍ അതിനെ ഭീരുത്വം എന്നാണ് പറയുക."
കയറുമെടുത്ത് പോകുന്നതു മാത്രമേ താങ്കള്‍ കണ്ടോള്ളൂ . അല്ലെങ്കില്‍ കാണാന്‍ താല്പര്യപ്പെട്ടൊള്ളൂ. എന്തായാലും അത് മരണകാരണമായി എന്നത് സത്യം. അതിനു ശേഷമുള്ള ഉത്ഥാനം , അത് എത്ര മഹാത്തരമാനെങ്കിലും താങ്കള്‍ കണ്ണടക്കും

Salim PM said..."അന്വേഷിപ്പിന്‍ കണ്ടെത്തും."
എന്റെ അറിവില്ലായ്മ ആകാം. മുഹമ്മദ്‌ നബിക്ക് ശേഷം ഏതു പ്രവാചകനെ ആണ് മുസ്ലിം സഹോദരങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്? ഇതും അന്വേഷണം ആണ് സുഹൃത്തെ.

Salim PM said..."ഈ വാചകത്തില്‍ നിന്ന് സെന്‍റ്‌ പോള്‍ ഇസ്‌ലാമിന്‍റെ ആവിര്‍ഭാവം മു‌കൂട്ടി കണ്ട് അതില്‍ നിന്ന് ക്രിസ്ത്യാനികളെ അകറ്റാന്‍ പ്രാരണ ചെലുത്തി എന്ന് വ്യാഖ്യാനിക്കുന്ന താങ്കളുടെ ബുദ്ധി അപാരം തന്നെ!"
ആ വാചകം വായിച്ചിട്ട് എനിക്ക് അങ്ങിനെ ആണ് മനസ്സിലായത്‌. "യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ജീര്‍ണ്ണതയിലേക്കുള്ള മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ വാസ്തവത്തില്‍ സെന്‍റ്‌ പോളായിരുന്നു. ഇത്‌ എല്ലാ പ്രകാരത്തിലും അവരെ യഹൂദികളേക്കാള്‍ ഇസ്‌ലാമുമായി അകലാന്‍ പ്രേരിപ്പിച്ചു" എന്ന് പറയുമ്പോള്‍ മറ്റെന്താണ് ഉദ്ദേശിച്ചത്?

Unknown said...

#യേശുവിന്‍റെ വിജയം ആദം സന്തതികള്‍ക്കാകമാനം അഭിമാനപൂര്‍വ്വം പങ്കിടാവുന്ന ഒന്നാണ്‌.#
യേശു ഒരിക്കലും ആദം പരമ്പരയില്‍ പെട്ടയാളല്ല..നിങ്ങളുടെ ഖുറാന്‍ തന്നെ പറയുന്നു ദൈവാത്മാവാണ് കന്യകയില്‍ ഈസായെ,യേശുവിനെ നല്‍കിയതെന്ന് അപ്പോള്‍ യേശു ആദം തലമുറയില്‍ നിന്നല്ല ദൈവത്തില്‍ നിന്നും നേരിട്ടു നല്‍കപ്പെട്ടതാണ്..അതായത് യേശു വന്നത് ആദമിന്റെ മക്കള്‍ക്ക്‌ വേണ്ടി മാത്രമല്ല..മാനുഷകുലത്തിന് മൊത്തമായാണ്..അതില്‍ നിങ്ങളും ഉള്‍പ്പെടും..

Salim PM said...

യേശു ആദം സന്തതി അല്ലെങ്കിൽ പിന്നെ ആദാം ചെയ്ത പാപം എങ്ങനെ യേശുവിനാൽ നിവൃത്തിയാക്കപ്പെടും?