Thursday, May 6, 2010

യോനായുടെ അടയാളം

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 12
ദൈവം യേശുവിനെ കൈവിട്ടില്ല എന്നും കുരിശിലെ ഹീന മരണത്തില്‍ നിന്നു അദ്ദേഹത്തെ രക്ഷപ്പെടുത്തിയെന്നും നമുക്ക്‌ ബൈബിളില്‍നിന്നു തെളിയിക്കാനാവും. ക്രൂശീകരണത്തിനു മുമ്പും ക്രൂശീകരണ വേളയിലും ക്രൂശീകരണത്തിനു ശേഷവുമായി ബൈബിള്‍ പുതിയ നിയമത്തില്‍ വിവരിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളില്‍ നിന്നും നമുക്കിത്‌ തെളിയിക്കാനാവും.
കുരിശ്‌ സംഭവത്തിന്‌ വളരെ മുമ്പു തന്നെ ജനങ്ങള്‍ക്ക്‌ തന്‍റെ അടയാളം യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവുമുണ്ടായിരിക്കില്ലഎന്ന്‌ അദ്ദേഹം വാഗ്ദാനം നല്‍കുകയുണ്ടായി.
"അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്‍മാരിലും ചിലര്‍ അവനോടു; ഗുരോ, നീ ഒരു അടയാളം ചെയ്തു കാണ്‍മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നുഎന്നു പറഞ്ഞു. അവന്‍ അവരോടു ഉത്തരം പറഞ്ഞതു: 'ദോഷവും വ്യഭി ചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ അതിനു അടയാളം ലഭിക്കില്ല. യോന വലിയ മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നുരാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” (മത്തായി 12:38-41)
യേശുവിന്‌ എന്ത്‌ സംഭവിച്ചു എന്ന്‌ നാം തീരുമാനിക്കുന്നതിന്‌ മുമ്പ്‌ യോനാക്ക്‌ എന്ത്‌ സംഭവിച്ചു എന്ന്‌ നാം മനസ്സിലാക്കണം. കാരണം, യോനാക്ക്‌ സംഭവിച്ച അതേ അത്ഭുതം തന്നിലും ആവര്‍ത്തിക്കുമെന്നാണ്‌ യേശു അവകാശപ്പെട്ടിരുന്നത്‌. എന്തായിരുന്നു യോനായുടെ അടയാളം? യോനാ വലിയ മത്സ്യത്തിന്‍റെ വയറ്റില്‍ മരിക്കുകയും അതിനുശേഷം മരണത്തില്‍ നിന്നും അദ്ദേഹം പുനരുജ്ജീവിപ്പിക്കപ്പെടുകയുമാണോ ഉണ്ടായത്‌? ക്രിസ്ത്യന്‍ യാഹുദ മുസ്ളിം പണ്ഡിതന്‍മാരുടെ ഏകീകരിച്ചുള്ള അഭിപ്രായം യോന മത്സ്യത്തിന്‍റെ വയറ്റില്‍ വെച്ച്‌ മരിച്ചിട്ടില്ല എന്നാണ്‌. ജീവിതത്തിനും മരണത്തിനും മദ്ധ്യേ യോനാ അപായകരമാംവിധത്തില്‍ തൂങ്ങി നില്‍ക്കുകയും അത്ഭുതകരമാംവിധം അദ്ദേഹം മരണത്തില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സ്ഥാനത്ത്‌ മറ്റേതെങ്കിലും ഒരു വ്യക്തിയായിരുന്നെങ്കില്‍ മരിക്കുമായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ കല്‍പനയില്‍ അതിസൂക്ഷ്മമായ ചില പ്രകൃതി നിയമങ്ങളുടെയാദൃശ്ചികമായ കൂടിച്ചേരലില്‍ യോന മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. അങ്ങനെയൊരു സംഭവത്തിന്‍റെ സാധ്യതയുണ്ടോ ഇല്ലയോ എന്നതല്ല നാം ചര്‍ച്ച ചെയ്യുന്നതെന്നോര്‍ക്കണം. യേശു പറഞ്ഞ ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാട്ടുക മാത്രമാണ്‌ ചെയ്യുന്നത്‌. യോനായില്‍ സംഭവിച്ചതെന്താണോ അതുപോലെ തന്നിലും സംഭവിക്കുമെന്ന്‌ യേശു പറഞ്ഞപ്പോള്‍ അദ്ദേഹം അര്‍ത്ഥമാക്കിയത്‌ യോനായുടെ കാര്യത്തില്‍ എന്ത്‌ സംഭ വിച്ചുവെന്നാണോ എല്ലാവരും മനസ്സിലാക്കിയത്‌ അതുതന്നെ അദ്ദേഹത്തിന്‍റെ കാര്യത്തിലും സംഭവിച്ചിരിക്കും എന്നതാണ്‌. ജൂദിയായില്‍ താമസിച്ചിരുന്ന യാഹുദികള്‍ക്കോ, ജൂദിയക്ക്‌ പുറത്ത്‌ ചിതറിത്തെറിക്കലിന്‌ ശേഷം പ്രവാസികളായി കഴിഞ്ഞിരുന്ന യാഹുദികള്‍ക്കോ യാഹുദലോകത്തെ ഏതെങ്കിലുമൊരു വ്യക്തിക്കോ യേശു പറഞ്ഞ അടയാളത്തെപറ്റിയുള്ള അവകാശവാദത്തില്‍ നിന്നു വിഭിന്നമായി മറ്റൊരു സന്ദേശം ലഭിച്ചിരിക്കാനിടയില്ല. ആ യാഹുദികളെല്ലാംതന്നെ യോന അത്ഭുതകരമായോ അതല്ല മറ്റു വിധേനയോ മൂന്ന്‌ രാവും മൂന്നു പകലും മത്സ്യത്തിന്‍റെവയറ്റില്‍ കഴിഞ്ഞു എന്നാണ്‌ വിശ്വസിച്ചത്‌. ഈ മൂന്ന്‌ രാവിനും മൂന്ന്‌പകലിനുമിടയില്‍ ഒരു നിമിഷം പോലും അദ്ദേഹം മരിച്ചിരുന്നില്ല. തീര്‍ച്ചയായും ഈ സംഭവത്തില്‍ ഞങ്ങള്‍ക്ക്‌ ഞങ്ങളുടേതായ വീക്ഷണമുണ്ട്‌. യോനായുടെ സംഭവം വിവരിച്ച ഖുര്‍ആനില്‍ എവിടെയും മൂന്ന്‌ ദിവസവും മൂന്ന്‌ രാവും യോന മത്സ്യത്തിന്‍റെ വയറ്റില്‍ പരീക്ഷിക്കപ്പെട്ടു എന്നു പറഞ്ഞിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. അതിരിക്കട്ടെ, നമുക്ക്‌വിഷയത്തിലേക്ക്‌ തിരിച്ചുവരാം. യോനായുടേയും യേശുവിന്‍റെയും കാര്യത്തില്‍ പൊതുവായി സംഭവിച്ചതും യേശു പ്രവചിച്ചതുമായ യഥാര്‍ത്ഥത്തിലുള്ള സാദൃശ്യങ്ങള്‍ എന്തായിരുന്നുവെന്നതിലേക്ക്‌ വെളിച്ചം വീശാന്‍നമുക്ക്‌ ശ്രമിക്കാം. ആ സാദൃശ്യങ്ങളില്‍ വ്യക്തമായും പറയുന്നത്‌ മൂന്ന്‌ പകലും മൂന്ന്‌ രാവും മരണത്തോടടുത്തുള്ള അത്യന്തം അപകടകരമായ അവസ്ഥയില്‍ യോന കഴിഞ്ഞിരുന്നുവെന്നും ആ ആസന്ന മരണാവസ്ഥയെ അത്ഭുതകരമായി അതിജീവിക്കുകയുമാണ്‌ ചെയ്തത്‌ എന്നുമാണ്‌. അല്ലാതെ മരിച്ചതിനുശേഷം ജീവിച്ചു എന്നല്ല. ഇത്‌തന്നെ തന്‍റെ കാര്യത്തിലും സംഭവിക്കുമെന്നാണ്‌ യേശു അവകാശപ്പെട്ടതും.
ഇസ്രായേല്‍ ഗൃഹത്തോടുള്ള യേശുവിന്‍റെ വാഗ്ദാനം
രണ്ടാമത്തെ ഏറ്റവും പ്രധാനമായ തെളിവ്‌, ജൂദിയക്ക്‌ ചുറ്റും താമസിക്കുന്ന ആടുകളുടെ (ഇസ്രയേല്‍ ഗോത്രങ്ങള്‍) അടുത്തേക്ക്‌ മാത്രമല്ല താന്‍ അയക്കപ്പെട്ടതെന്നും അതേ ഗോത്രത്തില്‍പ്പെട്ട മറ്റു ആടുകളുണ്ടന്നും യേശു തന്‍റെ ജനതയോടു പറഞ്ഞിരുന്നു. തന്‍റെ ജനതയിലേക്കു വന്നതുപോലെ തന്നെ താന്‍ അവരുടെ വീണ്ടെടുപ്പിനുവേണ്ടി അവരുടെ അടുക്കല്‍ പോകേണ്ടതാണെന്നും യേശു തന്‍റെ ജനതയോടു പറയുകയുണ്ടായി.
"ഈ തൊഴുത്തില്‍പ്പെടാത്ത വേറെയും ആടുകള്‍ എനിക്കുണ്ട്‌. അവയേയും ഞാന്‍ നടത്തേണ്ടതാകുന്നു. അവ എന്‍റെ ശബ്ദം കേള്‍ക്കും ഒരാട്ടിന്‍ക്കൂട്ടവും ഒരിടയനുമാകും" (യോഹന്നാന്‍ 10:16).
പൊതുവായ അറിവനുസരിച്ച്‌ യേശു അദ്ദേഹത്തിന്‍റെ വാഗ്ദാനം നല്‍കിയ സന്ദര്‍ഭത്തിനും ക്രൂശീകരണത്തിന്നുമിടക്കുള്ള സമയത്ത്‌ ജൂദിയ വിട്ട്‌ എങ്ങോട്ടും പോയിട്ടില്ല. അപ്പോള്‍, യേശു ശാശ്വതമായി ആകാശത്തിലേക്ക്‌ ആരോഹണം ചെയ്തുവെങ്കില്‍ കാണാതെപോയ ഇസ്രയേല്‍ ഗോത്രത്തിലെ ആടുകളും അതിനു മുമ്പേതന്നെ ആകാശത്തിലേക്ക്‌ പോയിട്ടുണ്ടാവേണ്ടതല്ലേ? ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു പോലെ യേശുവിനെ കുരിശില്‍ നിന്നു മരിച്ച നിലയില്‍ എടുക്കപ്പെട്ടതിനുശേഷം മൂന്ന്‌ ദിവസം കഴിഞ്ഞ്‌ അദ്ദേഹത്തിന്‍റെ ആത്മാവ്‌ മൃതദേഹത്തില്‍ മടങ്ങിയെത്തുന്നു. അതിനുശേഷം അദ്ദേഹം മേഘത്തിലൂടെ മേല്‍പോട്ടേക്ക്‌ കയറിപ്പോകുകയും ആകാശത്തിലെ അജ്ഞാത വിശ്രമ കേന്ദ്രത്തിലേക്ക്‌ അപ്രത്യക്ഷനാകുന്നതുമാണ്‌ കണ്ടത്‌. അവിടെ അവസാനമായി തന്‍റെ പിതാവിന്‍റെ സിംഹാസനത്തിനു വലത്‌ വശത്ത്‌ വെറുതെ ശാശ്വതമായി കുത്തിയിരിക്കാന്‍ വേണ്ടി മാത്രം! ഇത്‌ സത്യമാണെങ്കില്‍ തീര്‍ച്ചയായും നാം ഗുരുതരമായ ഒരു പ്രശ്നം നേരിടേണ്ടതായിവരും. അതായത്‌, നാം രണ്ട്‌ സ്ഥാനങ്ങളിലൊന്ന്‌ തിരഞ്ഞെടുക്കേണ്ടതായിവരും. ഒന്ന്‌ യേശു സ്വയം തിരഞ്ഞെടുത്ത സ്ഥാനം. മറ്റൊന്ന്‌ തന്‍റെ അനുയായികള്‍ തിരഞ്ഞെടുത്ത സ്ഥാനം. ഈ രണ്ട്‌ സ്ഥാനങ്ങളും പരസ്പരംയാതൊരു പൊരുത്തവുമില്ലാത്തതാണ്‌. അതായത്‌ ഒരു സ്ഥാനം സ്വീകരിക്കുകയാണെങ്കില്‍ മറ്റേ സ്ഥാനം നിരാകരിക്കേണ്ടി വരും. നാം വിശ്വസിക്കുന്നത്‌ പ്രകാരം യേശു സത്യസന്ധനായിരുന്നെങ്കില്‍ ആകാശത്തിലേക്ക്‌ കയറിപ്പോകുന്നതിനു മുമ്പ്‌ അദ്ദേഹം തന്‍റെ വാഗ്ദാനം ഓര്‍ക്കേണ്ടതായിരുന്നു. പിതാവായ ദൈവത്തോട്‌ ഭൂമിയില്‍ തനിക്ക്‌ കുറച്ചുകൂടിസമയം അനുവദിക്കണമെന്ന്‌ ആവശ്യപ്പെടാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ യേശു ജനിക്കുന്നതിന്‌ മുമ്പ്‌ തന്നെ വിദൂരദേശങ്ങളില്‍ പ്രവാസി കളായി പോവുകയും അവിടെ കുടിയേറി പാര്‍ക്കുകയും ചെയ്ത ഇസ്രയേല്‍ ഗോത്രങ്ങളുടെ അടുത്തേക്ക്‌ അദ്ദേഹം പറഞ്ഞത്‌ പ്രകാരം പോകാനും കഴിയുമായിരുന്നു. അദ്ദേഹത്തിന്‍റെ വാഗ്ദാനവും വിശ്വസ്തതയും തകര്‍ക്കുകയും അദ്ദേഹത്തിന്‍റെ പൂര്‍ണ്ണദൈവത്വത്തിലും പൂര്‍ണ്ണ ആളത്വത്തിലും അപരിഹാര്യമായ വൈകൃതങ്ങള്‍ ഏല്‍പിക്കുകയും ചെയ്തുകൊണ്ടല്ലാതെ യേശുവിന്‌ ആകാശത്തേക്ക്‌ കയറിപ്പോകാന്‍സാധ്യമല്ല. യേശു ഇസ്‌റായേല്‍ ഗൃഹത്തിനു നല്‍കിയ വാഗ്ദാനം അദ്ദേഹം വിസ്മരിച്ചുവെന്നും ക്രിസ്ത്യന്‍ ദൈവശാസ്ത്രിമാര്‍ പറയുന്നത്‌ പോലെ അദ്ദേഹം നേരെ ആകാശത്തേക്ക്‌ കയറിപ്പോയി എന്നും വിശ്വസിക്കുകയാണെങ്കില്‍ വളരെ ദുഃഖഹൃദയത്തോടെ ക്രിസ്ത്യന്‍ ദൈവശാസ്ത്രിമാര്‍ പറഞ്ഞത്‌ ശരിയാണെന്നും, ക്രിസ്തുമതം കളവാണെന്നുമുള്ള നിഗമനത്തില്‍ നമുക്ക്‌ എത്തി ച്ചേരേണ്ടി വരും. കാരണം ക്രിസ്തു കളവാണ്‌ പറഞ്ഞതെങ്കില്‍ ക്രിസ്തുമതം ശരിയായിരിക്കില്ലല്ലോ. ഞങ്ങള്‍ വിശ്വസിക്കുന്നത്‌ യേശു ഒരു സത്യപ്രവാചകനാണ്‌ എന്നാണ്‌. അദ്ദേഹം ഒരിക്കലും ഒരു വ്യാജ വാഗ്ദാനംനല്‍കില്ല. കാണാതെ പോയ ഗോത്രങ്ങള്‍ എന്ന്‌ അദ്ദേഹം പറഞ്ഞത്‌, ഇസ്രായേല്‍ ഗൃഹത്തിലെ പത്തു ഗോത്രങ്ങളെപ്പറ്റിയാണ്‌. അവര്‍ ജൂദിയായില്‍ നിന്ന്‌ പലായനം ചെയ്യുകയും വിദൂരങ്ങളായ കിഴക്കന്‍ ദേശങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തിരുന്നു. താന്‍ കുരിശില്‍ വെച്ച്‌ കൊല്ല പ്പെടുകയില്ലെന്നും തന്‍റെ ദൌത്യപൂര്‍ത്തീകരണത്തിന്നായി ദീര്‍ഘായുസ്സ്‌ നല്‍കപ്പെടുമെന്നുമായിരുന്നു അദ്ദേഹം നല്‍കിയ വാഗ്ദാനത്തിലെസന്ദേശം. തനിക്കു ചുറ്റും താമസിച്ചിരുന്ന രണ്ട്‌ ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക്‌ മാത്രമായിരുന്നില്ല അദ്ദേഹം പ്രവാചകനായി വന്നത്‌. മുഴുവന്‍ ഇസ്രയേല്‍ ഗോത്രങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ പ്രവാചകത്വദൌത്യമുണ്ടായിരുന്നു. മേല്‍ പ്രസ്താവിച്ച ഈ രണ്ടു വസ്തുതകള്‍ കൂടി ക്രൂശീകര ണത്തിന്‌ ശേഷം യേശുവിന്‌ എന്തുസംഭവിച്ചു എന്നതിലേക്ക്‌ സുനിശ്‌ചിതമായ തെളിവുകള്‍ നല്‍കുന്നു. (തുടരും)

No comments: