Sunday, March 28, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 4


പാപത്തിന്‍റെ കൈമാറ്റം

പാപിയെ ശിക്ഷിക്കാതെ പൊറുത്തുകൊടുക്കാന്‍ ദൈവത്തിന്‌ സാധ്യമല്ല. അല്ലാത്തപക്ഷം അത്‌ ദൈവത്തിന്‍റെ കേവല നീതി തത്ത്വങ്ങള്‍ക്കെതിരാണ്‌ എന്ന സിദ്ധാന്തം നമുക്കൊന്ന്‌ പുന:പരിശോധിക്കാം. മനുഷ്യധിഷണക്ക്‌ തീര്‍ച്ചയായും ഗ്രഹിക്കാന്‍ കഴിയാത്തതും മനുഷ്യമന സ്സാക്ഷിക്ക്‌ കടകവിരുദ്ധവുമായ ഈ സിദ്ധാന്തം നൂറ്റാണ്ടുകളോളമായി ക്രിസ്ത്യാനികള്‍ വിശ്വസിച്ചു വരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പാള്‍ ഒരാള്‍ ഭീതി കൊണ്ട്‌ പ്രകമ്പനം കൊണ്ടുപോകും. ഭൂമിയിലോ ആകാശത്തോ ആകട്ടെ നിരപരാധിയായ ഒരു മനുഷ്യന്‍ സ്വയം ശിക്ഷ വരിക്കാന്‍ തയ്യാറായാല്‍ അതിനുപകരം എങ്ങനെയാണ്‌ ഒരു പാപിക്ക്‌ പൊറുത്തുകൊടുക്കുക? ദൈവം അങ്ങനെ ചെയ്യുന്ന നിമിഷം മുതല് ‍നീതിയുടെ ഒരു അടിസ്ഥാന തത്ത്വം ലംഘിക്കപ്പെടുകയാണ്‌. ഒരു പാപിയുടെപാപത്തിന്‌ പാപിയായ അയാള്‍ തന്നെ ശിക്ഷിക്കപ്പെടണം. ചുരുക്കത്തില്‍ ശിക്ഷ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്‌ മാറ്റപ്പെടുമ്പോള്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ മാനുഷിക പ്രശ്നങ്ങള്‍ ഉദ്ഭവിക്കും.

ഒരു നിരപരാധി സ്വേച്ഛയാല്‍ മറ്റൊരാളുടെ ശിക്ഷ ഏറ്റെടുക്കുന്നതിനാല്‍ ശിക്ഷയുടെ അത്തരം കൈമാറ്റങ്ങള്‍ കേവലനീതി സങ്കല്‍പങ്ങളുടെ തത്ത്വങ്ങള്‍ ലംഘിക്കുന്നില്ല എന്ന്‌ ചില ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍മാര്‍ വാദിക്കുന്നു. "പണം തിരിച്ചടക്കാന്‍ സാധിക്കാതെ കടം വന്നു കയറിയ ഒരാളുടെ കാര്യത്തില്‍ മറ്റൊരു ദൈവഭക്തനായ മനുഷ്യസ്നേഹി വന്നു മുഴുവന്‍ കടവും വീട്ടി അവനെ കടത്തില്‍ നിന്നും മോചിപ്പിക്കുന്നു. ഈ ഋണബാധിതന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്കെന്ത്‌ പറയാനുണ്ട്‌?" എന്നാണ്‌ അവര്‍ നമ്മോടു ചോദിക്കുന്നത്‌. മറുപടിഇപ്രകാരമായിരിക്കും: അത്തരം ദയ, ഔദാര്യം, ത്യാഗം എന്നിവയോടു കൂടിയ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്‌. പക്ഷേ കോടിക്കണക്കിന്‌ രൂപ കടക്കാരനായ ഒരാളുടെ മോചനത്തിന്‌ വേണ്ടി ഒരു മനുഷ്യസ്നേഹി മുന്നോട്ടുവന്ന്‌ അയാളുടെ പോക്കറ്റില്‍ നിന്ന്‌ ദയാവായ്പോടെ ഒരു നയാപൈസ എടുത്തുകൊണ്ട്‌ ഈ കടക്കാരന്‍റെ എല്ലാ കടങ്ങളും ഇതിനുപകരമായി ഒഴിവാക്കിക്കൊടുക്കണമെന്ന്‌ പറഞ്ഞാല്‍ ഒരാളുടെ പ്രതികരണമെന്തായിരിക്കും? മനുഷ്യരാശിയുടെ മുഴുവന്‍ പാപത്തിനും വേണ്ടി സ്വയം ശിക്ഷിക്കപ്പെട്ട യേശുവിന്‍റെ അര്‍പ്പണം അതിനേക്കാള്‍ എത്രയോ യുക്തിഹീനവും അംശാനുപാതമില്ലാത്തതുമാണ്‌. ഒരു കട ക്കാരന്‍റേയോ ഒരു തലമുറയിലെ കടക്കാരുടേയോ പ്രശ്നമല്ല നാം സംസാരിക്കുന്നത്‌. പ്രളയകാലം വരെ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ കോടികണക്കിന്‌ കടക്കാരുടെ പ്രശ്നമാണ്‌ നാം സംസാരിക്കുന്നത്‌.

മേല്‍പറഞ്ഞ ഉദാഹരണം കൊണ്ട്‌ എല്ലാമായില്ല. കടബാദ്ധ്യതയുള്ള ഒരാളെ ഒരു പാപിയുമായി താരതമ്യം ചെയ്ത്‌ പാപത്തെ നിര്‍വ്വചിക്കുന്നത്‌ ഏറ്റവും ബുദ്ധിശൂന്യമാണ്‌. കുറ്റത്തേയും ശിക്ഷയേയും കുറിച്ചുള്ള മറ്റു വശങ്ങളിലേക്ക്‌ തിരിയുന്നതിന്‌ മുമ്പ്‌ ഇവിടെ വിവരിക്കപ്പെട്ട സംഗതികഎല്‍ കൂടി വിശദീകരണം അര്‍ഹിക്കുന്നുണ്ട്‌.

A എന്ന കടക്കാരന്‍ B എന്നയാളിന്ന്‌ ഒരു ലക്ഷം പൌണ്ട്‌ കൊടുക്കാനുണ്ട്‌ എന്നിരിക്കട്ടെ. ഒരു സമ്പന്നനായ മനുഷ്യസ്നേഹി അദ്ദേഹത്തിന്‍റെ പൂര്‍ണ്ണബോധത്തോടെ കടാധിതനായ A യെ B യില്‍ നിന്നു മോചിപ്പിക്കാന്‍ ഗൌരവത്തോടെയും സത്യസന്ധമായും ആഗ്രഹിച്ചു എന്നും സങ്കല്‍പിക്കുക. പൊതു നിയമം A എന്നയാള്‍ B ക്ക്‌ കൊടുക്കാനുള്ള കടം മുഴുവന്‍ വീട്ടിത്തീര്‍ക്കണമെന്നാണ്‌ അനുശാസിക്കുന്നത്‌. എന്നാല്‍ ഈ മനുഷ്യസ്നേഹി എന്ന സാങ്കല്പ്പിക കഥാപാത്രം A ക്ക്‌ വേണ്ടി B ക്ക്‌ കടം കൊടുത്തു വീട്ടുന്നതിനു പകരം താന്‍ കടബാധിതനായ A ക്ക്‌ പകരമായി ഏതാനും അടി സ്വീകരിക്കുകയോ അല്ലെങ്കില്‍ മൂന്നു രാവും പകലും ജയില്‍ ശിക്ഷ സ്വീകരിക്കുകയോ ചെയ്യാമെന്നും, B യെ കടത്തില്‍ നിന്നു മോചിപ്പിക്കണമെന്നും ന്യായാധിപനോടു അഭ്യര്‍ത്ഥിക്കുമെന്നിരിക്കട്ടെ. യഥാര്‍ത്ഥ ലോകത്ത്‌ അങ്ങനെയൊന്ന്‌ സംഭവിച്ചെങ്കില്‍ ന്യായാധിപന്‍ അന്തം വിട്ടുപോവുന്നതും പാവം പണം കിട്ടാനുള്ള കടക്കാരന്‍ ആശയക്കുഴപ്പത്തിലാവുന്നതും കാണാം. എന്നാല്‍ മനുഷ്യ സ്നേഹി അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന മുഴുവനും സമര്‍പ്പിച്ചു കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞുകൊണ്ടു തുടരുന്നു: "ഓ പ്രഭോ, എന്‍റെ ഈത്യാഗം കൊണ്ട്‌ ആ കടം മാത്രമല്ല വീട്ടിക്കിട്ടേണ്ടത്‌. ഈ സാമ്രാജ്യ ത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന സകല കടക്കാരുടേയും ഇനി ജനിക്കാനിരി ക്കുന്ന എല്ലാ കടക്കാരുടേയും കടാദ്ധ്യതകള്‍ എന്‍റെ ഈ മൂന്ന്‌ ദിവസെത്തെ ത്യാഗം കൊണ്ട്‌ ഇല്ലാതാവണം!" തന്‍റെ അഭ്യര്‍ത്ഥന ഈ ഘട്ട ത്തിലെത്തുമ്പോള്‍ ഏതൊരാളുടെയും മനസ്സ്‌ മതിഭ്രമത്തില്‍പ്പെട്ട്‌ വലഞ്ഞുപോകുന്നതാണ്‌.

ഒരുവന്‍റെ അദ്ധ്വാനഫലമോ, സമ്പാദ്യമോ മുഴുവനും കവര്‍ന്നെടുത്ത കള്ളന്‍മാരെ അതിനേക്കാള്‍ വളരെ കുറഞ്ഞ തോതിലുള്ള പരിഹാരം കൊണ്ട്‌ മോചിപ്പിക്കണമെന്ന്‌ നീതിമാനായ ദൈവത്തോട്‌ അപേക്ഷിക്കാനുള്ള ആഗ്രഹം എങ്ങനെയാണ്‌ ദൈവത്തിനു മുമ്പില്‍ സമര്‍പ്പി ക്കുക! പക്ഷേ, കുറ്റവാളിയുടെ കൈകളാല്‍ പീഡിപ്പിക്കപ്പെട്ട നിരപരാധിയേ ക്കാള്‍ കൂടുതലായി ആ കുറ്റവാളിക്ക്‌ ദയാദാക്ഷിണ്യം കാട്ടാനാണ്‌ ക്രിസ്ത്യാനികളുടെ ദൈവം ശ്രമിക്കുന്നതായി കാണുന്നത്‌. തീര്‍ച്ചയായുംവളരെ വിചിത്രമായ നീതിബോധമാണിത്‌. ഇതിന്‍റെ ഫലമായി കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും ബാലപീഡകര്‍ക്കും നിരപരാധികളെ ദ്രോഹിക്കുന്നവര്‍ക്കും മനുഷ്യവംശത്തിനെതിരെ മൃഗീയമായ കുറ്റകൃത്യ ങ്ങള്‍ നടത്തിയവര്‍ക്കുമെല്ലാം മരണസമയത്ത്‌ യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ മാപ്പ്‌ നല്‍കപ്പെടുന്നതാണ്‌. ഈ കുറ്റവാളികള്‍ക്ക്‌ അവരുടെ കൈകളാല്‍ പീഡിതരായ നിരപരാധികളോടുളള കണക്ക്‌ തീര്‍ത്താല്‍ തീരാത്തയത്ര ബാദ്ധ്യതകളെപ്പറ്റിയെന്തുപറയാനുണ്ട്‌? തലമുറ തലമുറയായ്‌ ഉണ്ടാവുന്ന നീചരും ശിക്ഷിക്കപ്പെടാത്തവരുമായ ഇത്തരം കുറ്റവാളികളെ ശുദ്ധീകരിക്കാന്‍ യേശുവിന്‍റെ ഏതാനും നിമിഷത്തെ നരക വാസം മതിയാകുമോ?

ശിക്ഷ പങ്കുവെക്കല്‍ തുടരുന്നു

ഒരു കുറ്റവാളിക്കുളള ശിക്ഷ മറ്റൊരാള്‍ക്ക്‌ മാറ്റിക്കൊടുക്കുന്നത്‌ മനുഷ്യപ്രകൃതി ഒരിക്കലും അംഗീകരിക്കില്ല. അത്തരത്തിലുളള വ്യത്യസ്തവും ഗൌരവാവഹവുമായ മറ്റൊരു തരം കുറ്റങ്ങളെപറ്റി നമുക്ക്‌ പര്യാലോചിക്കാം. ഉദാഹരണത്തിന്‌ ഒരു കൊച്ചുകുട്ടിയെ ഒരു കശ്മലന്‍ ക്രൂരമായി പീഡിപ്പിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്തതിനു ശേഷം അതിനെ വധിച്ചുകളയുകയും ചെയ്തു. മനുഷ്യത്വത്തിന്‍റെ സഹനീയതയുടെഎല്ലാ പരിധിയും ഇവിടെ ലംഘിക്കപ്പെടുമെന്ന കാര്യത്തില്‍യാതൊരു സംശയവുമില്ല. അത്തരത്തിലുള്ള ഒരു കുറ്റവാളി അതുപോലെയുള്ളതും അതിനേക്കാള്‍ ഘോരവുമായ കുറ്റകൃത്യങ്ങള്‍ നീതിപീഠത്തിന്‍റെ കണ്ണു വെട്ടിച്ചുകൊണ്ട്‌ അനുസ്യൂതം നിര്‍വ്വഹിക്കുന്നു എന്ന്‌ കരുതുക. ആ കുറ്റവാളി മനുഷ്യകരങ്ങളാല്‍ ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്നും സങ്കല്‍പിക്കുക. മരണം സമാഗതമായപ്പോള്‍ അയാള്‍വിധിനാളിലെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ നിശ്ചയിച്ചു. ഉടനെതന്നെ യേശുക്രിസ്തുവിനെ തന്‍റെ രക്ഷകനായി വിശ്വസിച്ചു. അയാളുടെ പാപമെല്ലാം ഉരുകിയൊലിച്ചുപോകുകയും അയാള്‍ക്ക്‌ ഒരു നവജാത ശിശുവിനെപോലെ പാപരഹിതനായി പരലോകത്ത്‌ ഉല്ലസിച്ച്‌ തത്തിക്കളിച്ച്‌ നടക്കാനും സാധിക്കുമോ? ഒരുപക്ഷേ, മരണം ആസന്നമാകുന്നത്‌ വരെ യേശുവില്‍ വിശ്വസിക്കാതെ മാറിനില്‍ക്കുന്നയാളല്ലേ നേരത്തെ യേശുവിനെ വിശ്വസിച്ച ആളേക്കാള്‍ ബുദ്ധിമാന്‍! നേരത്തെ വിശ്വസിക്കുന്ന യാളെ സംബന്ധിച്ചിടത്തോളം വിശ്വസിച്ചതിന്‌ ശേഷമുള്ള കാലയളവില്‍ കുറ്റം ചെയ്യാനും പിശാചിന്‍റെ പിടിയലകപ്പെടുവാനുമുള്ള അവസരം കൂടുതലാണ്‌. അതുകൊണ്ട്‌ യേശുവിലുള്ള നിങ്ങളുടെ വിശ്വാസം കവര്‍ന്നെടുക്കപ്പെടാനും പിശാചിന്‌ അവസരം നല്‍കപ്പെടാതിരിക്കാനും നിങ്ങള്‍ക്ക്‌ മരണം വരെ എന്തുകൊണ്ട്‌ കാത്തിരുന്നുകൂടാ? ഇവിടെ ഭൂമിയില്‍ കുറ്റ കൃത്യങ്ങളുടേയും ആസ്വാദനത്തിന്‍റെയും സ്വഛന്ദജീവിതവും പുനര്‍ജന്‍മത്തില്‍ പാപവിമോചനത്തിന്‍റെ ശാശ്വത ജീവിതവും ലഭിക്കും. തീര്‍ച്ചയായും ഇതൊരു ലാഭക്കച്ചവടമാണ്‌.

ഇതാണോ ക്രിസ്ത്യാനികള്‍ ദൈവത്തില്‍ ആരോപിക്കുന്ന നീതിബോധം? തെറ്റും ശരിയും വിവേചിച്ചറിയാന്‍ സാധ്യമാകാത്ത നീതിബോധവും മനസ്സാക്ഷിയും സൃഷ്ടിച്ച അത്തരം ദൈവം പൂര്‍ണമായും മനുഷ്യമനസ്സാക്ഷിക്ക്‌ അസ്വീകാര്യനാണ്‌.

മനുഷ്യാനുഭവങ്ങളുടേയും ചിന്താശേഷിയുടേയും അടിസ്ഥാനത്തില്‍ ഈ പ്രശ്നം പരിശോധിക്കുമ്പോള്‍ അടിസ്ഥാനമില്ലാത്ത നിരര്‍ത്ഥകമായ ഒരു സിദ്ധാന്തം എന്ന നിലക്ക്‌ ഒരാള്‍ക്ക്‌ ഇതിനെ അപലപിക്കാനുള്ളഎല്ലാ അവകാശങ്ങളുമുണ്ട്‌. യാഥാര്‍ത്ഥ്യമില്ലാത്തതും അന്തസ്സാരശൂന്യവുമാണിത്‌. മനുഷ്യാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ഒരാള്‍ മറ്റൊരാളുടെ കൈയ്യാല്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ പീഡിപ്പിക്കപ്പെട്ട ആള്‍ക്കാണ്‌ പൊറുത്തുകൊടുക്കാനും പൊറുത്തു കൊടുക്കാതിരിക്കാനുമുള്ള വിശേഷാധികാരമുള്ളത്‌. ചിലപ്പോള്‍ ഭരണകൂടങ്ങള്‍ ദേശീയ ദിനങ്ങളായി ആഘോഷിക്കുമ്പോഴോ മറ്റു കാരണങ്ങളാലും വിവേചനം കൂടാതെ കുറ്റവാളികള്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിക്കാറുണ്ട്‌. പക്ഷേ നിരപരാധികളായ തന്‍റെ സഹപൌരന്‍മാര്‍ക്ക്‌ അപരിഹാര്യവും ശാശ്വതവുമായ ദുഃഖങ്ങ ള്‍സമ്മാനിച്ചവര്‍ക്ക്‌ കൊടുക്കുന്ന ഈ പൊതുമാപ്പ്‌ കൊണ്ടുമാത്രം അവര്‍ചെയ്ത കുറ്റങ്ങള്‍ നീതീകരിക്കപ്പെടുന്നില്ല. മുഖം നോക്കാതെ നല്‍കുന്ന ഭരണകൂടങ്ങളുടെ ഈ പൊതുമാപ്പ്‌ ഒരു വിധത്തിലും ന്യായീകരിക്കപ്പെ ടാവുന്നതല്ലെങ്കില്‍ ഇത്‌ ക്രിസ്ത്യന്‍ ദൈവശാസ്ത്രികള്‍ നീതി തത്ത്വത്തിന്‍റെ ലംഘനമാണെന്ന്‌ ഗണിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട്‌ ഈ മര്യാദ തത്ത്വം ദൈവത്തിനു കൂടി ബാധകമാക്കിക്കൊണ്ട്‌, അവന്‌ ഇഷ്ടമുള്ള വര്‍ക്ക്‌ പൊറുത്തുകൊടുക്കാവുന്നതാണെന്ന തത്ത്വം അംഗീകരിച്ചു കൊടുത്തുകൂടാ? ദൈവം പരമാധികാരിയും എല്ലാറ്റിന്‍റെയും സ്രഷ്ടാവും യജമാനനുമാണ്‌. തന്‍റെ സഹചരരോട്‌ അപരാധം ചെയ്ത ഏതൊരു മനുഷ്യനും ദൈവം മാപ്പുനല്‍കുന്നുവെങ്കില്‍, അപരാധത്തിന്‌ വിധേയനായവന്‌ ഔദാര്യപൂര്‍വ്വം പരിഹാരം ചെയ്ത്‌ തൃപ്തിപ്പെടുത്താന്‍ അപരിമിതമായ കഴിവുകളുള്ള യജമാനനുമാണവന്‍. അങ്ങനെയാവുമ്പോള്‍ അവന്‍റെ നിരപരാധിയായ പുത്രന്‍റെ ത്യാഗത്തിന്‍റെ ആവശ്യമെന്ത്‌? ഇത്‌ നീതിതത്ത്വത്തെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നു. നാം ദൈവത്തിന്‍റെ ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ്‌. അതുകൊണ്ട്‌ ദൈവം ബൈബിളില്‍ പ്രഖ്യാപിക്കുന്നു.

"അനന്തരം ദൈവം അരുള്‍ ചെയ്തു: 'നമ്മുടെ പ്രതിഛായയില്‍ നമുക്കു സദൃശനായി മനുഷ്യനെ നാം നിര്‍മിക്കട്ടെ' (ഉല്‍പ: 1:28)

ഈവിഷയം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:

"അല്ലാഹു ഏതൊരു പ്രകൃതിയില്‍ മനുഷ്യനെ സൃഷ്ടിച്ചുവോ ആ പ്രകൃതി (കൈക്കൊള്ളുക)" (30:31).

ഈ സിദ്ധാന്തം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെബാധകമാണ്‌. അതായത്‌ നിശ്ചിത സാഹചര്യത്തില്‍ മനുഷ്യമനസ്സാക്ഷി ദൈവിക ഗുണങ്ങളുടെ പ്രതിഫലന ദര്‍പ്പണമായി തീരേണ്ടതുണ്ട്‌. നമ്മുടെ ദൈനംദിന ജീവിതത്തിലെ അനുഭ വസത്യങ്ങളാണവ. നാം നീതിയുടെ തത്ത്വങ്ങളെ തെല്ലുപോലും ലംഘിക്കാതെ പൊറുത്തു കൊടുക്കാറുണ്ട്‌. നമുക്ക്‌ വ്യക്തിപരമായി നഷ്ടമുണ്ടാക്കിയ ഒരപരാധം ചെയ്തയാള്‍ക്ക്‌ പൊറുത്തുകൊടുക്കാന്‍ ഏതറ്റം വരെയും നമുക്ക്‌ പോകാവുന്നതാണ്‌. ഒരു കുട്ടി അവന്‍റെ മാതാപിതാക്കളോട്‌ അനുസരണക്കേട്‌ കാട്ടുകയോ, അവരുടെ വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ കേടുവരുത്തുകയോ, അവരുടെ സല്‍പേരിന്‌ കളങ്കം ചാര്‍ത്തുന്ന എന്തെങ്കിലും പ്രവര്‍ത്തിക്കുകയോചെയ്താല്‍ അവരോടു തെറ്റു ചെയ്തവനായിത്തീരുന്നു. മാതാപിതാക്കള്‍ അവര്‍ക്ക്‌ മനസ്സാക്ഷിക്കുത്തില്ലാതെ ആ കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുന്നു. നീതിയുടെ തത്ത്വം ഇവിടെ ലംഘിക്കപ്പെട്ടതായി ആരും അവരെ കുറ്റപ്പെടുത്തില്ല. എന്നാല്‍ അവരുടെ കുട്ടി അയല്‍വീട്ടുകാരുടെ വസ്തുക്കള്‍ നശിപ്പിക്കുകയും അവരുടെ കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്താല്‍, മറ്റുള്ളവര്‍ക്ക്‌ അവന്‍ മൂലമുണ്ടായ നഷ്ടത്തിന്‌ പകരമായി അവന്‍റെ മാതാപിതാക്കള്‍ അവന്‌ പൊറുത്തുകൊടുത്താല്‍ മതിയോ? അവരങ്ങനെ ചെയ്തുവെങ്കില്‍ അതായിരിക്കും അവരുടെ മനസ്സാക്ഷിക്കനുസരിച്ചു തന്നെയുള്ള നീതിബോധത്തിന്‍റെ ലംഘനം. (തുടരും)

No comments: