Thursday, March 25, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 3


പാപപരിഹാരത്തിനു ശേഷവും മനുഷ്യദുരിതം തുടരുന്നു!

ആദമും ഹവ്വയും എങ്ങനെ ശിക്ഷിക്കപ്പെട്ടു എന്ന ബൈബിള്‍ വിവരണം വായിക്കുമ്പോള്‍ അവരുടെ കാലഘട്ടം വരെ പ്രസവവേദനയും പ്രയാസവും സ്ത്രീകള്‍ക്ക്‌ അജ്ഞാതമായിരുന്നു എന്ന കാര്യമറിഞ്ഞ്‌വായനക്കാരന്‍ അത്ഭുതപ്പെടാതിരിക്കില്ല. ഒരു ശാസ്ത്രജ്ഞന്‌ അത്തരം സങ്കല്‍പകഥകള്‍ വിശ്വസിക്കുക പ്രയാസകരമായിരിക്കും. ആദമും ഹവ്വയും ജനിക്കുന്നതിന്‌ വളരെ മുമ്പ്‌ തന്നെ എല്ലാ ഭൂഖണ്ഡങ്ങളിലും എന്തിനധികം വിദൂരമായ പെസഫിക്ക്‌ ദ്വീപുകളില്‍ പോലും മനുഷ്യന്‍ അധിവസിച്ചിരുന്നു എന്നതിന്‌ അനിഷേധ്യമായ അനേകം തെളിവുകളുണ്ട്‌. അവിടങ്ങളിലെല്ലാം വംശവര്‍ദ്ധനവിന്‌ വേണ്ടി സ്ത്രീകള്‍ പ്രയാസെപ്പട്ടു പ്രസവിച്ചു പോന്നു. അതുകൊണ്ട്‌ ആദമും ഹവ്വയും ആദ്യമായി പാപം ചെയ്തതിന്‌ ശേഷമാണ്‌ ശിക്ഷ എന്ന നിലക്ക്‌ വേദനയോടുകൂടിയ പ്രസവം നിലവില്‍ വന്നത്‌ എന്ന സിദ്ധാന്തം തികച്ചും തെറ്റാണെന്ന്‌ ജീവികളെപ്പറ്റിയുള്ള പഠനത്തില്‍ നിന്നു തെളിയുന്നു. മനുഷ്യനേക്കാള്‍ താഴ്ന്ന ജീവികള്‍ പോലും വേദന സഹിച്ചുകൊണ്ടാണ്‌ പ്രസവിക്കുന്നത്‌. ഒരു പശുവിന്‍റെ പ്രസവം നിരീക്ഷിക്കുകയാണെങ്കില്‍ മനുഷ്യസ്ത്രീ സഹിക്കുന്നത്‌ പോലെയുള്ള വേദന ആ മൃഗവും സഹിക്കുന്നതായി നമുക്ക്‌ കാണാന്‍ സാധിക്കും. അത്തരത്തിലുളള കോടാനുകോടി ജീവികള്‍ ആദമിനേക്കാളും ഹവ്വയേക്കാളും മുമ്പേ ഭൂമിയില്‍ ജീവിച്ചുവരുന്നു എന്ന്‌ നമുക്കറിയാം.

പ്രയാസപ്പെട്ട്‌ ഉപജീവനമാര്‍ഗം തേടുക എന്നത്‌ എല്ലാ മനുഷ്യര്‍ക്കും പൊതുവായ കാര്യമാണ്‌. ഇത്‌ മനുഷ്യനില്‍ മാത്രം പരിമിതമല്ലതാനും. സ്ത്രീയും അവളുടെ ഉപജീവനത്തിനുവേണ്ടി പ്രയാസപ്പെടുന്നു. അതിനു മുമ്പും എല്ലാ ജീവജാലങ്ങളും ഉപജീവനത്തിന്‌ വേണ്ടി കഷ്ടെപ്പടുന്നുണ്ട്‌. ജീവിപരിണാമത്തിലെ ഏറ്റവും മുഖ്യമായ പ്രേരകമാണിത്‌. ഈ ജീവിത സമരം നിലനില്‍ക്കാനുള്ള ഈ അതിജീവന സമരം ജീവി ലോകവും അചേതന ലോകവുമായുള്ള വ്യത്യാസത്തിന്‍റെ ഏറ്റവും പ്രാഥമികമായ ഒരു വ്യതിരേകമാണ്‌. അതൊരു പ്രകൃതി പ്രതിഭാസമാണ്‌. പാപവുമായി അതിന്‌ യാതൊരു ബന്ധവുമില്ല.

ഇത്‌ ആദമിന്‍റെയും ഹവ്വയുടെയും പാപത്തിന്‍റെ ഫലമായി ലഭിച്ച ശിക്ഷയാണെങ്കില്‍ പാപപരിഹാരത്തിന്ന്‌ ശേഷം എന്ത്‌ സംഭവിക്കും എന്നതിനെ സംബന്ധിച്ച്‌ അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. പാപികളായ മനുഷ്യവര്‍ഗത്തിന്‍റെ മോചനത്തിന്നായി യേശുക്രിസ്തു പ്രായശ്ചിത്തം ചെയ്തെങ്കില്‍ ക്രൂശീകരണത്തിന്‌ ശേഷം പാപത്തിനുള്ള ശിക്ഷ റദ്ദാക്കേണ്ടതല്ലേ? യേശു ക്രിസ്തുവെ ദൈവപുത്രനായി വിശ്വസിച്ചവരില്‍പ്പെട്ട സ്ത്രീകളുടെ പ്രസവവേദന ഇല്ലാതായോ? വിശ്വാസികളായ സ്ത്രീകള്‍ക്ക്‌ ഉപജീവനത്തിന്‍റെ പ്രയാസം കൂടാതെ ജീവിതവിഭവങ്ങള്‍ ലഭ്യമായി ട്ടുണ്ടോ? ഭാവിതലമുറയിലേക്ക്‌ പാപ സംക്രമണം തടഞ്ഞുകൊണ്ട്‌ പാപ രഹിതമായ സന്തതികള്‍ ജനിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം 'അതെ' എന്ന ഉത്തരം ലഭിക്കുമെങ്കില്‍ ക്രിസ്ത്യാനികള്‍ ഗൌരവപൂര്‍വം പറയാറുള്ള പാപത്തിന്‍റെയും പാപ പരിഹാരത്തിന്‍റെയും സിദ്ധാന്തങ്ങള്‍ക്ക്‌ തീര്‍ച്ചയായും സാധൂകരണമുണ്ട്‌. എന്നാല്‍ കഷ്ടമെന്ന്‌ പറയട്ടെ, ഈചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഇല്ല, ഇല്ല, ഇല്ല എന്ന്‌ മാത്രമാണ്‌. പാപ പരിഹാരാര്‍ത്ഥം നടന്ന ക്രൂശീകരണത്തിന്‌ ശേഷം ക്രൈസ്തവരിലും അക്രൈസ്തവരിലും യാതൊരു സംഗതിയിലും ഒരു മാറ്റവും ദൃശ്യമായില്ല. പിന്നെ എന്താണ്‌ പാപ പരിഹാരത്തിന്‍റെ അര്‍ത്ഥം?

യേശുക്രിസ്തുവിന്‌ ശേഷവും ലോകത്തു മുഴുവന്‍ മാനവരാശിയുടെയും നീതിബോധം ആവശ്യപ്പെടുന്നത്‌ ഒരാള്‍ ഒരു തെറ്റു ചെയ്താല്‍ അതിന്നുള്ള ശിക്ഷ ആ വ്യക്തിക്ക്‌ മാത്രമാണ്‌ നല്‍കേണ്ടത്‌, മറ്റാര്‍ക്കുംനല്‍കാന്‍ പാടില്ല എന്നാണ്‌. സ്ത്രീയാകട്ടെ പുരുഷനാകട്ടെ അവനവന്‍ചെയ്ത പാപത്തിനുള്ള ശിക്ഷ സ്വയം തന്നെ അനുഭവിക്കേണ്ടതുണ്ട്‌. അതുപോലെ കുഞ്ഞുങ്ങള്‍ എപ്പോഴും പാപരഹിതരായാണ്‌ ജനിക്കുന്നത്‌. ഈ തത്ത്വങ്ങള്‍ ശരിയല്ലെങ്കില്‍ പിന്നെ ദൈവത്തിന്‍റെ നീതിമാന്‍എന്ന ഗുണം എടുത്ത്‌ ദൂരെ കളയേണ്ടി വരും.

പാരമ്പര്യ പാപം

വാദത്തിനുവേണ്ടി ആദമും ഹവ്വയും പഴയനിയമത്തില്‍ പ്രതിപാദി ച്ചതുപോലെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാപികളാണെന്നും അവര്‍ ഉചിതമായ രീതിയില്‍ ശിക്ഷിക്കപ്പെട്ടുവെന്നും കരുതുക. കഥയില്‍ വിവരിക്കുന്നത്‌ പോലെ ശിക്ഷ അവരില്‍ മാത്രം ഒതുങ്ങുന്നില്ല. അവരുടെ മുഴുവന്‍ സന്തതിപരമ്പരകളിലേക്കും ശിക്ഷ പരക്കുകയാണ്‌. ഒരിക്കല്‍ ശിക്ഷ വിധിക്കുകയും അത്‌ നടപ്പാക്കുകയും ചെയ്തുകഴിഞ്ഞാല്‍ മറ്റു ശിക്ഷകളുടെ ആവശ്യമെന്ത്‌? ഒരിക്കല്‍ ഒരു കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ടാല്‍ അത്‌ അതോടെ കഴിഞ്ഞു. ഒരിക്കല്‍ ഒരു ശിക്ഷാവിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ വീണ്ടും വീണ്ടും ശിക്ഷകള്‍ അതിനോടുകൂട്ടി ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ആദമിനേയും ഹവ്വയേയും അവര്‍ ചെയ്ത കുറ്റത്തിന്‌ ലഭിക്കേണ്ട ശിക്ഷയേക്കാള്‍ കൂടുതലായി ശാസിക്കപ്പെട്ടിരുന്നു. അതുകൂടാതെ ആ ശിക്ഷ അവരുടെ സന്താന പരമ്പരകളിലേക്ക്‌ കൂടി വ്യാപിപ്പിക്കുന്ന രീതി അങ്ങേയറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. നാം അതിനെപ്പറ്റി വേണ്ടവിധം പറഞ്ഞു കഴിഞ്ഞു. ഇത്‌ കേവല നീതിയുടെ ഹീനമായ ലംഘനമാണെന്ന കാര്യം ചൂണ്ടിക്കാട്ടാനാണ്‌ നാം ശ്രമിക്കുന്നത്‌. നമ്മുടെ പൂര്‍വ്വ പിതാക്ക ന്‍മാരുടെ തെറ്റുകള്‍ക്ക്‌ നമ്മെ ശിക്ഷിക്കുക എന്നത്‌ പോകട്ടെ, ആ പൂര്‍വ്വ പിതാക്കന്‍മാര്‍ ചെയ്ത തെറ്റുകള്‍ക്ക്‌ അനന്തരഫലമായിക്കൊണ്ട്‌ നമ്മില്‍പാപം അടിച്ചേല്‍പ്പിക്കുന്നത്‌ മിതമായി പറഞ്ഞാല്‍ നിന്ദാകരമാണ്‌.

മനുഷ്യാനുഭവങ്ങളുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ദൈനംദിന അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട്‌ കുറ്റത്തിന്‍റേയും ശിക്ഷയുടേയും ക്രിസ്തീയ തത്ത്വശാസ്ത്രം നമുക്കൊന്നുമനസ്സിലാക്കാന്‍ ശ്രമിക്കാം. ഒരു കുറ്റവാളിക്കെതിരെ ഒരു വിധി പുറപ്പെടുവിക്കുന്നുവെന്ന്‌ കരുതുക. അയാള്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ തീക്ഷ്ണവും കഠിനവുമായിരുന്നു ആ ശിക്ഷ. കുറ്റവും ശിക്ഷയും തമ്മിലുള്ള ഈ വമ്പിച്ച അനുപാതമില്ലായ്മ ഏതൊരു സാമാന്യ ബുദ്ധിയുള്ള ആളുടേയും ശക്തവും തീവ്രവുമായ അപലപനത്തിന്‌ വിധേയമാവും. ഈ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ ആദമിന്‌ അദ്ദേഹം ചെയ്ത പാപത്തിനു മേല്‍ ചുമത്തിയ ശിക്ഷ നീതിമാനായ ദൈവത്തില്‍ നിന്നുണ്ടായതാണോ എന്ന്‌ വിശ്വസിക്കാന്‍ നമുക്ക്‌ പ്രയാസമാണ്‌. കുറ്റത്തേക്കാള്‍ കവിഞ്ഞ ശിക്ഷ എന്ന സ്ഥിതിക്ക്‌ ഇത്‌ ഒരു അനുപാതമില്ലായ്മയുടെ പ്രശ്നം മാത്രമല്ല. ക്രിസ്ത്യന്‍ സങ്കല്‍പപ്രകാരമുള്ള ദൈവത്തിന്‍റെ പെരുമാറ്റം എന്ന നിലയില്‍ ആ ശിക്ഷ ആദമിന്‍റേയും ഹവ്വയുടേയും ജീവിതകാലത്ത്‌ മാത്രം പരിമിതപ്പെട്ടുനില്‍ക്കുന്നില്ല. അവരുടെ സന്തതികളുടെ തലമുറകളിലേക്ക്‌ അത്‌ വ്യാപിച്ചു നില്‍ക്കുന്നു. സന്തതികള്‍ അവരുടെ പിതാക്കള്‍ക്ക്‌ വേണ്ടി ശിക്ഷിക്കപ്പെടുക എന്നത്‌ നീതിയുടെ ആത്യന്തികമായ ലംഘനമാണ്‌. നാം അത്‌ മാത്രമല്ല പറയുന്നത്‌. ഒരു കുറ്റവാളിയുടെ സന്തതികള്‍ക്കും അവരുടെ സന്തതികള്‍ക്കും നിയമം മുഖേന നിര്‍ബന്ധ പൂര്‍വ്വം അനന്തമായി കുറ്റം ചെയ്യല്‍ തുടരാനും അതിനനുസരിച്ച്‌ ശിക്ഷിക്കാനും ഇക്കാലത്തെ ഒരു ന്യായാധിപന്‍ വിധി പറഞ്ഞത്‌ കാണാനുള്ള ദൌര്‍ഭാഗ്യം നമുക്കുണ്ടായി എങ്കില്‍, സംസ്കാരത്തിലൂടെ സാര്‍വ്വത്രിക നീതിസങ്കല്‍പം ആര്‍ജിച്ച സമകാലിക സമൂഹത്തിന്‍റെ പ്രതികരണം എന്തായിരിക്കും?

അഞ്ചാം നൂറ്റാണ്ടില്‍ ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിനും പെലാജിയന്‍ (Pelagian) പ്രസ്ഥാനവും തമ്മില്‍ ആദമിന്‍റെയും ഹവ്വയുടേയും വീഴ്ചകളെപ്പറ്റി വമ്പിച്ച വാദപ്രതിവാദം നടക്കുകയുണ്ടായി. ആദം ചെയ്ത പാപം അദ്ദേഹത്തില്‍ മാത്രം പരിമിതമാണെന്നും മനുഷ്യവംശ ത്തിന്‍റെ മുഴുവന്‍ പാപമല്ലെന്നും പഠിപ്പിച്ച പെലാജിയന്‍ പ്രസ്ഥാനത്തില് ‍ബിഷപ്പ്‌ അഗസ്റ്റിന്‍ മതനിന്ദ ആരോപിച്ചു. ഓരോ മനുഷ്യനും പാപത്തില്‍ നിന്നും വിമുക്തനായി നിര്‍മ്മല പ്രകൃതിയോടെ ജനിക്കുന്നുവെന്നും പാപ രഹിതമായ ജീവിതം നയിക്കാന്‍ ഓരോ വ്യക്തിക്കും അവന്‍റെ കഴിവുപ യോഗിച്ചു സാധ്യമാണെന്നും അങ്ങനെ ജീവിച്ച്‌ വിജയം വരിച്ചവര്‍ ഉണ്ടെന്നുമായിരുന്നു പെലാജിയന്‍ വാദം. സത്യം പറഞ്ഞവരെ മതനിന്ദകരായിമുദ്രകുത്തുകയാണുണ്ടായത്‌. പകല്‍ രാത്രിയാണെന്നും രാത്രി പകലാണെന്നും പ്രഖ്യാപനമുണ്ടായി. സത്യം മതനിന്ദയാണെന്നും മതനിന്ദസത്യമാണെന്നും വന്നു. (തുടരും)

No comments: