Sunday, May 30, 2010

യേശുവിന്‍റെ ശരീരത്തിന്‌ എന്തുസംഭവിച്ചു?

ഇന്നത്തെ ക്രിസ്ത്യാനികള്‍ അവതരിപ്പിക്കുന്ന ക്രൂശീകരണം, സ്വര്‍ഗ്ഗാരോഹണം എന്നീ ഉപാഖ്യാനങ്ങളെ യുക്തിയുടേയും സാമാന്യ ബുദ്ധിയുടേയും അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ കൂടുതല്‍ നിരര്‍ത്ഥകമായ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നതായികാണാം. യേശുവിന്‍റെ മനുഷ്യശരീരത്തിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി വേണ്ടുവോളം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. യേശു അന്തിമമായി സ്വര്‍ഗ്ഗാരോഹണം നടത്തിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന കാര്യമെടുത്താല്‍ മാത്രം മതി ഇത്‌ വ്യക്തമാവാന്‍.

യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ചില ക്രിസ്ത്യാനികള്‍ പറയാറുള്ളത്‌, ക്രിസ്തുവിന്‍റെസ്ഥൂല ശരീരം ഒരു പ്രകാശത്തോടെ വിഘടനത്തിനു വിധേയമായി അപ്രത്യക്ഷമാവുകയും സ്വര്‍ഗ്ഗസ്ഥനായ തന്‍റെ പിതാവിലേക്ക്‌ കരേറുകയുംചെയ്തു' എന്നാണ്‌. ഇത്‌ മൌലികമായ ഒരു പ്രശ്നം ഉയര്‍ത്തുന്നു. തന്‍റെ സ്ഥൂല ശരീരത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്കിന്‍റെ ഫലമായി ഇത്ര വലിയ സ്ഫോടനം സംഭവിച്ചുവെങ്കില്‍ എന്തുകൊണ്ട്‌ ഈ പ്രതിഭാസം അദ്ദേഹത്തിന്‍റെ ആദ്യത്തെ മരണസമയത്ത്‌ സംഭവിച്ചില്ല? കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്‍റെ മരണത്തെപ്പറ്റിയുള്ള ഒരേയൊരു പരാമര്‍ശം മത്തായിയുടെ വാക്കുകളില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌. 'ഉറക്കെനിലവിളിച്ചു പ്രാണനെ വിട്ടു' എന്ന്‌. ശരീരത്തില്‍ നിന്നും സാധാരണ പോലെ ആത്മാവിന്‍റെ വേര്‍പെടലല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇവിടെ വ്യക്തമാണ്‌. യേശുവിന്‍റെ ശരീരം ഒരു പ്രകാശ വിസ്ഫോടനത്തോടെ അപ്രത്യക്ഷമാകാത്തത്‌ കാരണം അദ്ദേഹം കുരിശില്‍ വെച്ച്‌ മരിച്ചിട്ടില്ല എന്ന്‌ നമുക്ക്‌ ഊഹിച്ചുകൂടേ? എന്തുകൊണ്ട്‌ യേശു തന്‍റെ ശരീരത്തില്‍ നിന്നും രണ്ടാം തവണ മോചിതനായപ്പോള്‍ മാത്രം ഇങ്ങനെ സംഭവിച്ചു? ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട്‌ വഴികളിലൂടെ മാത്രമേനമുക്ക്‌ മുന്നോട്ടുപോകാന്‍ സാധ്യമാകൂ.

1 - ഒന്നാമത്തെ വഴി ഇപ്രകാരമാണ്‌: യേശുവിന്‍റെ ആത്മാവ്‌ ശരീര ത്തിലേക്ക്‌ തിരിച്ചുവന്നതിനുശേഷം (കുരിശില്‍ മരിച്ചുകഴിഞ്ഞുള്ള ഉയിര്‍പ്പിന്‌ ശേഷം) ശരീരത്തില്‍ ശാശ്വതമായി നിലനിന്നിട്ടില്ല. സ്വര്‍ഗ്ഗാരോഹണ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം ഉപേക്ഷിക്കുകയും ശുദ്ധമായ ആത്മാവായിക്കൊണ്ട്‌ ദൈവത്തിലേക്ക്‌ കരേറുകയും ചെയ്തു.

ഇത്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതോ ഗ്രഹിക്കാന്‍ സാധിക്കുന്നതോഅല്ല. കാരണം യേശു രണ്ട്‌ തവണ മരിച്ചു എന്ന മൂഢവിശ്വാസത്തിന്‍റെ അന്ധമായ പാതയിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. ആദ്യതവണ കുരിശിലും രണ്ടാം തവണ സ്വര്‍ഗ്ഗാരോഹണ വേളയിലും!

2 - രണ്ടാമത്തെ വഴി: മനുഷ്യശരീരത്തില്‍ തന്നെ യേശു ശാശ്വതമായിനിലനിന്നിരുന്നുവെന്നതാണ്‌.

ദൈവത്തിന്‍റെ മഹത്വത്തിനും, പ്രതാപത്തിനും അനുയോജ്യമല്ലാത്തതും അവനെ സംബന്ധിച്ച്‌ അറപ്പുണ്ടാക്കുന്നതുമായ ഈ സങ്കല്‍പ്പം ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുടെതായ കാഴ്ചപ്പാടാണ്‌ നമുക്കുള്ളത്‌. അതായത്‌, 'പുരാതന കാലത്തെ ബഹിരാകാശ യത്രാസങ്കല്‍പ്പം പോലെ മനസ്സിലാക്കുന്നതില്‍ പറ്റിയ ഒരു പ്രമാദമായിരിക്കണം യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ. ആകാശം എന്നത്‌ സൂര്യനും ചന്ദ്രനും, ഗാലക്സിക്കും അകലെയുള്ള ഒരു സ്ഥലമാണ്‌ എന്ന്‌ അവര്‍തെറ്റിദ്ധരിച്ചു. സത്യം ഇപ്പറഞ്ഞതൊന്നുമല്ല. പില്‍ക്കാലത്ത്‌ ക്രിസ്തുമതത്തിന്‍റെ രൂപീകരണവേളയില്‍ അഭിമുഖീകരിച്ചതും ഉത്തരം നല്‍കാന്‍ സാധിക്കാത്തതുമായ പ്രഹേളികകള്‍ക്ക്‌ പ്രതിവിധിയെന്നോണമായിരിക്കണം അത്തരം കെട്ടുകഥകള്‍ ആവിര്‍ഭവിക്കാന്‍ കാരണം. യേശു ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷനായപ്പോള്‍ സ്വാഭാവികമായും പിന്നീട്‌ അദ്ദേഹത്തിന്‌ എന്ത്‌ സംഭവിച്ചു എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ടായിരിക്കും. അദ്ദേഹത്തിന്‍റെ ശരീരം അവിടെ ഇല്ലാത്തത്‌ കാരണം യേശു മരിച്ചിരുന്നില്ല എന്ന്‌ പ്രചരിപ്പിച്ച്‌ ഈ പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ആദിമക്രിസ്ത്യാനികള്‍ ശ്രമിച്ചിരുന്നില്ല. വാസ്തവത്തില്‍ തന്‍റെ ശരീരത്തോടൊപ്പം അദ്ദേഹം ദൂരെ ദിക്കുകളിലേക്ക്‌ നടന്നുനീങ്ങുകയായിരുന്നു. ഈ യഥാര്‍ത്ഥ സംഗതി പറഞ്ഞ്‌ ശരീരം അവിടെ കാണാതായത്‌ സംബന്ധിച്ച പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ അവര്‍ക്ക്‌ ഈ വാസ്തവം പറയാന്‍ സാധ്യമല്ലായിരുന്നു. യേശു ജുദിയായില്‍ നിന്നും വിദൂര ദിക്കുകളിലേക്ക്‌ സഞ്ചരിക്കുന്നത്‌ കണ്ടതായി സമ്മതിക്കുന്ന പക്ഷം നീതിപീഠത്തിന്‍റെ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട ഒരു അപരാധിയെ സഹായിക്കുന്നയാള്‍ എന്ന നിലക്ക്‌ റോമന്‍ നിയമം അവരുടെ മേലും കുറ്റം വിധിച്ചേക്കുമോ എന്ന്‌ അവര്‍ ഭയപ്പെട്ടിട്ടുണ്ടാവും.

ആശയം എത്രതന്നെ വിചിത്രമായിരുന്നാലും യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ അവര്‍ക്ക്‌ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷിതമായ ഒരു പോംവഴിയായിരുന്നു. പക്ഷേ അതില്‍ അവാസ്തവം കലര്‍ന്നിരുന്നു. ഘോരമായ സാഹചര്യത്തിലും അത്തരം അസത്യപ്ര സ്താവങ്ങളില്‍ അഭയം തേടാതിരുന്ന യേശുവിന്‍റെ ആദ്യകാല ശിഷ്യന്‍മാരുടെ സത്യസന്ധതക്ക്‌ മുമ്പില്‍ നാം നമ്മുടെ ആദരങ്ങള്‍ അര്‍പ്പിക്കേണ്ടതുണ്ട്‌. വ്യാജപ്രസ്താവനകള്‍ നടത്തി പുകമറക്കുള്ളില്‍ അഭയം തേടുന്നതിന്‌ പകരം എല്ലാ സുവിശേഷകന്‍മാരും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണ്‌ ചെയ്തത്‌. ശത്രുക്കളുടെ തീക്ഷ്ണമായ പരിഹാസവചനങ്ങള്‍ ആദിമ ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും സഹിച്ചിട്ടുണ്ടാവും. പക്ഷേ അവര്‍ മൌനം പാലിക്കുകയാണുണ്ടായത്‌.

യേശുവിന്‍റെ അപ്രത്യക്ഷമാകലിലെ ആന്തരരഹസ്യങ്ങളറിയുന്നവരുടെ ഭാഗത്ത്‌ നിന്നുള്ള നിഗൂഢാത്മകമായ ഈ മൌനമാണ്‌ പില്‍ക്കാലക്രിസ്തീയ തലമുറകളില്‍ സംശയത്തിന്‍റെ വിത്ത്‌ വിതക്കാന്‍ കാരണം. യേശുവിന്‍റെ ആത്മാവ്‌ ശരീരത്തില്‍ നിന്നു വേര്‍പെട്ടതിനുശേഷം അദ്ദേഹത്തിന്‍റെ ശരീരത്തെ സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവും എന്തുകൊണ്ട്‌ ഉണ്ടായില്ല എന്നത്‌ സംബന്ധിച്ച്‌ അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ആ ശരീരം എവിടെ? അതിന്‌ എന്ത്‌ സംഭവിച്ചു? ആ ശരീരത്തിലെയേശുവിന്‍റെ ആത്മാവ്‌ വീണ്ടും തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട്‌ അത്‌ അതേ ശരീരത്തില്‍ തന്നെ വന്നുചേര്‍ന്നു? ഈ ചോദ്യം നിര്‍ണ്ണായകവും ഉത്തരമില്ലാത്തതുമായ മറ്റനേകം ചോദ്യങ്ങളുയര്‍ത്തുന്നു. അതേ പൂര്‍വ്വ ശരീരത്തിലേക്ക്‌ തന്നെയുള്ള മടക്കമാണ്‌ പുനരുത്ഥാനമെങ്കില്‍ രണ്ടാമതും ആ സ്ഥൂലശരീരത്തില്‍ ബന്ധനസ്ഥനായതിനുശേഷം യേശുക്രിസ്തു വിന്‌ എന്താണ്‌ സംഭവിച്ചത്‌? അദ്ദേഹം ശാശ്വതനായി പ്രസ്തുത ശരീരത്തില്‍ ബന്ധനസ്ഥനായോ? ഒരിക്കലും ആ ശരീരത്തില്‍ നിന്നും മോചനമില്ലേ?

മറിച്ച്‌, മരിച്ച യേശുവിന്‍റെ ആത്മാവ്‌ വീണ്ടും ശരീരത്തില്‍ നിന്നു വിട്ടുപോയിട്ടുണ്ടെങ്കില്‍ പുനരുത്ഥാനം ശാശ്വതമായിരുന്നുവോ അതോ താല്‍ക്കാലികമോ? അദ്ദേഹം ശരീരത്തില്‍ ബന്ധനസ്ഥനായിരുന്നിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രണ്ടാം മരണത്തിനുശേഷം ശരീരത്തിന്‌ എന്തു സംഭവിച്ചു? എവിടെയാണ്‌ അത്‌ അടക്കം ചെയ്തത്‌? ഏതെങ്കിലും പുരാരേഖകളിലോ പുരാവൃത്തങ്ങളിലോ അത്‌ സംബന്ധിച്ച രേഖകളുണ്ടാ?

ആദ്യകാലങ്ങളില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നില്ലങ്കിലും യേശുവിന്‍റെ പ്രഹേളികയെ സംബന്ധിച്ചും അദ്ദേഹത്തെ സംബന്ധിച്ചുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ക്രിസ്ത്യന്‍ വൈദികന്‍മാര്‍ താത്വികമായ വിശദീകരണങ്ങളുമായി മല്‍പ്പിടുത്തം നടത്തിയതിന്‌ പില്‍ക്കാല നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചതായി കാണുന്നു. യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്നതിനെപറ്റിയുള്ള ഈ ചോദ്യങ്ങളില്‍ നിന്നു തലയൂരാന്‍ യേശു ആകാശത്തേക്ക്‌ സശരീരം ഉയര്‍ന്നുപോകുന്നത്‌ കണ്ടുവെന്ന്‌ മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അവസാനത്തെ പന്ത്രണ്ട്‌ വചനങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെകൃത്രിമമായി എഴുത്തുകാര്‍ എഴുതിച്ചേര്‍ത്തതാണ്‌. എന്നിട്ട്‌ യേശുവിന്‍റെ സ്വര്‍ഗ്ഗാ രോഹണം അവസാനമായി കണ്ടു എന്ന പ്രസ്താവം മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജമായി ആരോപിക്കുകയും ചെയ്യുന്നു. കൂട്ടിച്ചേര്‍പ്പുകള്‍ ലൂക്കോസിന്‍റെ സുവിശേഷിത്തയും വെറുതെ വിട്ടില്ല. അതില്‍ അവര്‍ 'സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു' (ലൂക്ക്‌: 24:51) എന്ന ഭാഗം വളരെ തന്ത്രപൂര്‍വ്വം എഴുതിച്ചേര്‍ത്തു. ഇപ്രകാരം യേശുവിനെ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്നെന്നേക്കുമായി അറുതിവരുത്തി. ചുരുക്കത്തില്‍ ക്രിസ്തുമതത്തെ അലട്ടിയിരുന്ന ഈയൊരു പ്രഹേളിക ഇപ്രകാരം പരിഹരിക്കപ്പെട്ടു. എന്നാല്‍, എന്ത്‌ വിലയാണ്‌ അവര്‍ അതിന്‌ നല്‍കിയത്‌? യേശുവിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പവിത്രമായ വസ്തുതകളെ ബലികഴിച്ചുകൊണ്ടാണ്‌ അവര്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്‌. കെട്ടുകഥകളുടെ ബലിവേദിയില്‍ യേശുവിന്‍റെ സത്യങ്ങള്‍ ഹോമിക്കപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുമതം അതിന്‍റെ സത്യത്തില്‍ നിന്ന്‌ കെട്ടു കഥകളിലേക്കുള്ള അപ്രതിരോധ്യവും അതിനിശിതവുമായ പരിണാമമുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നമുക്ക്‌ തീര്‍ച്ചയായും അറിയാം യേശുവിന്‍റെ ശരീരം കാണാത്ത തില്‍ യഹുദികള്‍ അസന്തുഷ്ടരും അസ്വസ്ഥരുമായിരുന്നു യേശുമരിച്ചു എന്നതിന്‌ പൂര്‍ണ്ണമായ തെളിവ്‌ അവര്‍ക്ക്‌ ആവശ്യമായിരുന്നു. ഇതിന്നായി സര്‍വ്വാംഗീകൃതമായ ഒരു തെളിവ്‌ അവര്‍ക്ക്‌ വേണ്ടതുണ്ട്‌. അത്‌ അദ്ദേഹത്തിന്‍റെ മൃതശരീരത്തിന്‍റെ സാന്നിദ്ധ്യമായിരുന്നു. പിലാത്താസിന്‍റെ മുമ്പില്‍ യാഹുദികള്‍ സമര്‍പ്പിച്ച പരാതിയില്‍ യേശു അപ്രത്യക്ഷനാകും എന്ന ഭീതി അവര്‍ പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും സത്യസന്ധവും ലളിതവുമായ ഉത്തരമിതാണ്‌. എങ്ങനെ യായിരുന്നാലും ഇന്ന്‌ വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ യേശുകുരിശില്‍ മരിച്ചിട്ടില്ല എന്ന സത്യമാണ്‌ നമുക്ക്‌ മനസ്സിലാവുന്നത്‌. അതുകൊണ്ട്‌ ശരീരം എവിടെപ്പോയി എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്‌.

'ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടു ക്കലേക്ക്‌ ഞാന്‍ പോകും' എന്ന യേശുവിന്‍റെ വാഗ്ദാനം പാലിക്കാന്‍വേണ്ടി അദ്ദേഹം ജൂദിയ വിടേണ്ടതുണ്ട്‌. തീര്‍ച്ചയായും അദ്ദേഹം പിന്നീട്‌അവിടെ കാണപ്പെടാന്‍ സാധ്യതയില്ല.(തുടരും)

4 comments:

sajan jcb said...

ശരീരത്തില്‍ നിന്നും സാധാരണ പോലെ ആത്മാവിന്‍റെ വേര്‍പെടലല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇവിടെ വ്യക്തമാണ്‌. യേശുവിന്‍റെ ശരീരം ഒരു പ്രകാശ വിസ്ഫോടനത്തോടെ അപ്രത്യക്ഷമാകാത്തത്‌ കാരണം അദ്ദേഹം കുരിശില്‍ വെച്ച്‌ മരിച്ചിട്ടില്ല എന്ന്‌ നമുക്ക്‌ ഊഹിച്ചുകൂടേ?

താങ്കള്‍ ഒരിക്കലെങ്കിലും ഒരു ശവശരീരം കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ദേഹത്തില്‍ ഇപ്പോഴും ആത്മാവുണ്ട് എന്നാണോ താങ്കള്‍ കരുതുന്നത്?

വിസ്പോടനമോ? എന്ത് വിസ്പോടനം ?!! ഞാന്‍ വായിച്ച ബൈബിളില്‍ അങ്ങിനെയൊരു വിസ്പോടനത്തെ പറ്റി വായിച്ചിട്ടില്ല.
മാത്രവുമല്ല താങ്കളുടെ ഊഹം തന്നെ പരസ്പര വിരുദ്ധങ്ങളാണ്.

യേശുവിന്‍റെ ശരീരം ഒരു പ്രകാശ വിസ്ഫോടനത്തോടെ അപ്രത്യക്ഷമായെങ്കിലാണ് യേശു മരിച്ചിട്ടില്ല എന്ന് കരുതാന്‍ ന്യായമുള്ളൂ.

Unknown said...

"ഒന്നാമത്തെ വഴി ഇപ്രകാരമാണ്‌: യേശുവിന്‍റെ ആത്മാവ്‌ ശരീര ത്തിലേക്ക്‌ തിരിച്ചുവന്നതിനുശേഷം (കുരിശില്‍ മരിച്ചുകഴിഞ്ഞുള്ള ഉയിര്‍പ്പിന്‌ ശേഷം) ശരീരത്തില്‍ ശാശ്വതമായി നിലനിന്നിട്ടില്ല. സ്വര്‍ഗ്ഗാരോഹണ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം ഉപേക്ഷിക്കുകയും ശുദ്ധമായ ആത്മാവായിക്കൊണ്ട്‌ ദൈവത്തിലേക്ക്‌ കരേറുകയും ചെയ്തു."

ശരീരത്തെ സ്വര്‍ഗത്തില്‍ കയറ്റില്ല എന്നുണ്ടോ? ഇനി ഏതു തരം ശരീരം ആണ് എന്നാണോ?
പൌലോസിന്റെ 1 കോറിന്തോസ് 15 വായിക്കുക താല്പര്യം ഉണ്ടെങ്കില്‍.
"യേശുവിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പവിത്രമായ വസ്തുതകളെ ബലികഴിച്ചുകൊണ്ടാണ്‌ അവര്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്‌." ഒരു സാദാ മനുഷ്യന് സംഭവിക്കുന്ന കാര്യങ്ങളെ ക്രിസ്തുവിനും സംഭവിക്കവുള്ളൂ - എന്തൊരു വാശി?
പൌലോസിന്റെ വിശദീകരങ്ങളും താങ്ങളെ സ്വദീനിക്കില്ല എന്നറിയാം. വായിച്ചിട്ടും സംശയമെങ്കില്‌ സംവാദത്തില്‍ തുടരാം.
"ആശയം എത്രതന്നെ വിചിത്രമായിരുന്നാലും" -- ആശയം അല്ല സ്വന്ത ഭാവന

പറുദീസ said...
This comment has been removed by the author.
Thomas Antony said...

യേശുവിന്‍റെ ശരീരത്തിന്‌ എന്തുസംഭവിച്ചു?
കാര്യങ്ങളുടെ കാരണസഹിതം നാം വിശദീകരണം നല്‍കേണ്ടിയിരിക്കുന്നു.മനുഷ്യന്‍റെ അധാര്‍മ്മികതക്കുള്ള പരിഹാരമാണ് യേശുക്രിസ്തു. മത്തായി 1:21. അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. അടിസ്ഥാനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുവേണം നാം കാര്യങ്ങള്‍ വിശദമാക്കുവാന്‍.അതായത് മനുഷ്യസൃഷ്ടിപ്പ്, അവന്‍റെ പാപത്തിലേക്കുള്ള വീഴ്ച, അവന്‍റെ ഭൂമിയിലെ ജീവിതം, തുടര്‍ന്നുള്ള പ്രവാചകദൌത്യങ്ങള്‍, നിയമം, അതിന്‍റെ ബലഹീനത, ശിക്ഷകള്‍,ക്രിസ്തുവിന്‍റെവരവ്,ലക്‌ഷ്യം,ഉപമകളിലൂടെയുള്ള ഉപദേശം,അത്ഭുതഅടയാളങ്ങള്‍,പീഠകള്‍, മരണം,ഉയിര്‍ത്തെഴുന്നേല്‍പ്പ്,ആരോഹണം,സ്നാനം എന്നിവയെല്ലാം കാര്യകാരണസഹിതം വിശദീകരണം നല്കപ്പെടേണ്ടതുണ്ട്.റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7 അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
1പത്രൊസ് 4:2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
1പത്രൊസ് - അദ്ധ്യായം 3:21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
മറിച്ച് ശരീരത്തിന്‌ എന്തുസംഭവിച്ചു എന്നുള്ളത് അന്ധമായ ഖുറാന്‍ അന്വേഷണമാണ്.കുരിശുമരണത്തില്‍ പങ്കാളിത്തമുള്ള അധര്‍മ്മികളെ വിട്ടുകൂടാ.
ലൂക്കൊസ് 22:37 അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു. അധർമ്മികളെക്കൂടാതെയുള്ള ബൈബിള്‍അന്വേഷണം പുതിയ മുഹമ്മദിനു ജന്മം നല്‍കും.അതിനാല്‍ ക്രിസ്തീയതയെക്കുറിച്ചു പൂര്‍ണ്ണമായി അറിയുക.https://youtu.be/iKJmEf_GApM